തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ‘പതഞ്ജലി’ക്കെതിരെ സുപ്രീം കോടതി നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് ഉറപ്പു നൽകിയ ശേഷവും ഇതു തുടർന്ന ‘പതഞ്ജലി ആയുർവേദ’യ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നു സുപ്രീം കോടതി. ഉറപ്പു ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് പതഞ്ജലിക്കും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും കോടതി നോട്ടിസയച്ചു. പരസ്യത്തിന് നിയന്ത്രണമുള്ള രോഗങ്ങൾക്കും തകരാറുകൾക്കുമെന്ന പേരിൽ പതഞ്ജലി മരുന്നുകളെക്കുറിച്ചു പരസ്യം ചെയ്യുന്നതും ഉൽപന്നങ്ങൾക്കു പ്രചാരം നൽകുന്നതും പൂർണമായി തടയുകയും ചെയ്തു. ഏതെങ്കിലും വൈദ്യശാഖയ്ക്കെതിരെ പ്രസ്താവന ഇറക്കുന്നതും കോടതി തടഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. രാജ്യത്തെ ഒന്നാകെ വഞ്ചിച്ചുവെന്നും ജസ്റ്റിസ് അമനുല്ല നിരീക്ഷിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നതിനോടു സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് യോജിച്ചു. എന്നാൽ, തുടർ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി ബാബാ രാംദേവിനുൾപ്പെടെ നോട്ടിസയയ്ക്കാൻ തുനിഞ്ഞിരുന്നു. ബാബാ രാംദേവ് സന്യാസിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ, അദ്ദേഹം ആരാണെന്നത് തങ്ങളുടെ വിഷയമല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. പതഞ്ജലിയുടെ പരസ്യങ്ങൾ പൂർണമായും നിരോധിക്കാനായിരുന്നു കോടതി തീരുമാനമെങ്കിലും ടൂത്ത് പേസ്റ്റ്, ബിസ്കറ്റ് പോലുള്ള ഉൽപന്നങ്ങളും പതഞ്ജലിക്കുണ്ടെന്നും കമ്പനിയുടെ മൊത്തം ബിസിനസിനെ ഇതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചികിത്സാപരിഹാരം സംബന്ധിച്ച പരസ്യങ്ങൾ തടഞ്ഞത്. പരസ്യം വഴി തെറ്റായ അവകാശവാദം ഉന്നയിച്ച ഓരോ ഉൽപന്നങ്ങൾക്കും 1 കോടി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
അതേസമയം, കോടതി പരാമർശങ്ങൾ പതഞ്ജലി ഫുഡ്സ് ലിമിറ്റഡിനെക്കുറിച്ചല്ലെന്നും ഇതു പ്രത്യേക സ്ഥാപനമാണെന്നും തങ്ങളുടെ ധനകാര്യ ഇടപാടുകളെ അടക്കം ഇതു ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.