ADVERTISEMENT

അഗാപെ ഡയഗ്നോസ്റ്റിക്സ് എന്ന കമ്പനിയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. പക്ഷേ, ശരിയായ രോഗനിർണയം നടത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുന്ന ഓരോ മലയാളിയും ആശ്രയിക്കുന്ന സ്ഥാപനമാണ് അഗാപ്പെ ഡയഗ്നോസ്റ്റിക്സ്. പേരു കേട്ട് ഏതെങ്കിലും മൾട്ടി നാഷനൽ കമ്പനിയാണെന്നു  തെറ്റിദ്ധരിക്കേണ്ട. കൊച്ചിക്കു സമീപം പട്ടിമറ്റം എന്ന ഗ്രാമത്തിൽനിന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ സേവനമെത്തിക്കുന്ന സ്ഥാപനമാണിത്. കേരളത്തിലെമ്പാടും ചെറുലാബുകൾമുതൽ വൻകിട ആശുപത്രികൾവരെ ഉപയോഗിക്കുന്നത് അഗാപ്പെ നിർമിക്കുന്ന ഉപകരണങ്ങളും റീഏജന്റുകളുമാണ്. ഇന്ത്യയിൽ 60,000 ത്തോളവും ഇന്ത്യയ്ക്കു പുറത്ത് 15,000 ത്തോളവും സ്ഥാപനങ്ങള്‍ അഗാപ്പെയുടെ ഉൽപന്നങ്ങളെ ആശ്രയിക്കുന്നു. രോഗനിർണയത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും റീ ഏജന്റുകളും 90ൽ അധികം രാജ്യങ്ങളിലേക്ക് ഇവർ കയറ്റുമതി ചെയ്യുന്നു. 

ദൈവികമായ സ്നേഹം 
ഡിവൈൻ ലവ് അഥവാ ദൈവിക സ്നേഹം എന്നാണ് അഗാപ്പെ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം. ഈ വാക്ക് തികച്ചും അന്വർഥമാക്കുംവിധം, ഉപയോഗിക്കപ്പെടുന്നവർ അറിയാതെപോകുന്ന സ്നേഹ സ്പർശമായി ഈ സ്ഥാപനം മൂന്നു പതിറ്റാണ്ടോളമായി നമുക്കൊപ്പമുണ്ട്. ‘രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐവിഡി (ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ്) കമ്പനിയാണ് അഗാപ്പേ. പക്ഷേ, നൽകുന്ന സേവനത്തിന്റെ ഗുണമേന്മയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കുതന്നെ,’ കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ പറയുന്നു. വില കുറഞ്ഞ, എന്നാൽ ഗുണമേന്മയിൽ വമ്പൻ കമ്പനികളോടു കിടപിടിക്കുന്ന മെഷീനുകളാണ് അഗാപ്പേയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ഏഷ്യ അടക്കമുള്ള വൻകരകളിലെ വികസിത രാജ്യങ്ങളാണ് മുഖ്യ വിപണി. ഉൽപന്നങ്ങളുടെ 20–25% ആണ് കയറ്റുമതി. 

ഫോട്ടോ: അഗാപ്പെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ
ഫോട്ടോ: അഗാപ്പെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ

മുൻതൂക്കം ഗവേഷണത്തിന് 
ഈ മേഖലയില്‍ ദേശീയതലത്തിലുള്ള കമ്പനികൾ വരുമാനത്തിൽനിന്ന് ഗവേഷണത്തിനായി ഒരു ശതമാനത്തിലും താഴെ മാത്രമാണ് ചെലവാക്കുന്നത്. എന്നാൽ അഗാപ്പെ, വരുമാനത്തിന്റെ 5–6% ഉം ആർ&ഡി ക്കുവേണ്ടി നീക്കിവച്ചിരിക്കുന്നു. മൂന്ന് ടെക്നോളജി പേറ്റന്റുകളും 10 ഡിസൈൻ റജിസ്ട്രേഷനും നിലവിൽ കമ്പനിക്കു സ്വന്തമായിട്ടുണ്ട്. 500 കോടി രൂപ വിറ്റുവരവുള്ള അഗാപ്പെയില്‍ 1000 ജീവനക്കാരാണുള്ളത്. അതിൽ 10% ഉം ജോലി ചെയ്യുന്നത് ആർ&ഡി വിഭാഗത്തിലാണ്. 

പുതുതുടക്കം എന്നർഥംവരുന്ന മിസ്പ (Mispa) എന്ന പേരിൽ സെമി ഓട്ടോ,ഫുള്ളി ഓട്ടമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി മെഷീനുകൾ, ബ്ലെഡ് പ്രോട്ടീൻ അനാലിസിസ് ഉപകരണങ്ങൾ, ഹെമറ്റോളജി അനലൈസർ, ഹീമോഗ്ലോബിന്‍ അനലൈസർ, ഇമ്മ്യൂണോളജി ക്ലിയ അനലൈസർ തുടങ്ങി 24തരം മെഷീനുകളാണ്  വിപണിയിലെത്തിക്കുന്നത് . വിദേശത്തെ പ്രവർത്തനങ്ങൾക്കായി സ്വിറ്റ്സര്‍ലൻഡിൽ  ഉപകമ്പനിയും അഗാപ്പെയ്ക്കുണ്ട്. 

മുംബൈയിൽനിന്ന് കൊച്ചിയിലേക്ക്
സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ കേരളത്തിൽ നിന്നും മറ്റു പല സ്ഥലങ്ങളിലേക്കും പറിച്ചുനടുകയും മികച്ച വളർച്ച നേടുകയും ചെയ്ത പല മുൻനിര ബിസിനസ് ഗ്രൂപ്പുകളെക്കുറിച്ച് നമുക്കറിയാം. എന്നാൽ വ്യവസായ നഗരമായ മുംബൈയിൽ തുടങ്ങി, കേരളത്തിന്റെ തനതു സവിശേഷതകൾ ഉപയോഗപ്പെടുത്താനായി കൊച്ചിയിലേക്കു വന്ന് നല്ല വളർച്ച കൈവരിച്ച സംരംഭമാണ് അഗാപ്പെ. ജന്മനാട്ടിലേക്കു പറിച്ചുനട്ടതോടെ സ്വന്തം പ്രവർത്തന മേഖലയിൽ ലോകോത്തര കമ്പനിയായി വളർന്നു. 

ഫോട്ടോ:അഗാപ്പെ കോർപറേറ്റ് ഓഫീസ്
ഫോട്ടോ:അഗാപ്പെ കോർപറേറ്റ് ഓഫീസ്

എറണാകുളം സ്വദേശിയും ഇലക്ട്രോണിക്സ് എൻജിനീയറുമായ തോമസ് ജോൺ, ഒനീഡ കമ്പനിയിൽ ജോലികിട്ടിയാണ് മുംബൈയിൽ പോകുന്നത്. തുടർന്ന് മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ട്രാൻസ്ഏഷ്യ ബയോമെഡിക്കൽസിലേക്കു മാറിയത് ജീവിതത്തിൽ വഴിത്തിരിവായി. അന്നു മികച്ച മെഡിക്കൽ ലാബുകൾ നഗരങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. ഈ വൻകിട ലാബുകളിലെ ഭൂരിഭാഗം ഉപകരണങ്ങളും ഇറക്കുമതി ചെയ്തവയായതിനാൽ ചെലവു കൂടുതലുമായിരുന്നു. ഇക്കാരണങ്ങളാൽ സാധാരണക്കാരായ ഗ്രാമീണർക്ക് ഇവിടത്തെ രോഗനിർണയം അപ്രാപ്യമായിരുന്നു. 

സാധാരണക്കാർ ഉപയോഗിക്കുന്ന ലാബുകളിലും മികച്ച ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്നതിലെ ബിസിനസ് സാധ്യത മനസ്സിലാക്കിയ തോമസ് ജോൺ 1995ൽ മുംബൈയിലെ വസായിയിൽ ഒരു ചെറിയ നിർമാണ യൂണിറ്റിനു തുടക്കംകുറിച്ചു. സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചാൽ ഉപകരണങ്ങളുടെ വില കുറയ്ക്കാൻ കഴിയുമെന്ന തിരിച്ചറിവോടെ തുടക്കംമുതൽതന്നെ ഗവേഷണത്തിനും പഠനത്തിനും പ്രഥമപരിഗണന നൽകി. അതോടെ സ്ഥാപനം വളർന്നു തുടങ്ങി. 

അടുത്ത ഘട്ടത്തിൽ ബിസിനസ് അപ്പാടെ കേരളത്തിലേക്കു പറിച്ചുനടാൻ തോമസ് ജോൺ തീരുമാനിച്ചതിനു പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. വികസന പദ്ധതിക്കു മുംബൈയിൽ വലിയ തുക ആവശ്യമായിരുന്നെങ്കിൽ നാട്ടിൽ പാരമ്പര്യമായി ലഭിച്ച ഭൂമി വലിയ അനുഗ്രഹമായി. കേരളത്തിലെ വൈദഗ്ധ്യമുള്ള ജീവനക്കാർ, മെഡിക്കൽ ഉപകരണ നിർമാണത്തിനു വേണ്ട ടിഡിഎസ് (Total Dissolved Solids), ജലത്തിന്റെ ലഭ്യത എന്നിവയും അനുകൂല ഘടകങ്ങളായി. അതിനെല്ലാം പുറമെ മാതാപിതാക്കളുടെ സാമീപ്യവും കേരളത്തിലേക്കു മാറാൻ പ്രേരണയായി. 

പുതിയ ഉയരങ്ങളിലേക്ക് 
3–4 വർഷത്തിനുള്ളിൽ 1000 കോടി രൂപ വിറ്റുവരവെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നൂതന രോഗനിർണയ ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്കായി ജാപ്പനീസ് കമ്പനി ഫ്യുജിറെബിയോ ഹോൾഡിങ്സുമായി കൈകോർത്തിട്ടുണ്ട്. ഡയ്ഗ്നോസ്റ്റിക്സ് സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ ആഗോള വമ്പൻമാരായ ഫ്യുജിറെബിയോയുമായുള്ള കരാർപ്രകാരം, സാങ്കേതിക വിദ്യയും റീഏജന്‍റ് അസംസ്കൃത വസ്തുക്കളും അവർ ലഭ്യമാക്കും. റീഏജന്‍റ് വികസിപ്പിക്കുക, നിർമിക്കുക എന്നിവയാണ് അഗാപ്പെയുടെ ചുമതല. 2024 ജൂണ്‍മുതൽ അഗാപ്പെയിൽനിന്ന് ഈ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതോടെ എല്ലാവിധ കെമിലൂമിനെസെൻസ് സേവനങ്ങളും നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവും അഗാപ്പെ. ഓങ്കോളജി, തൈറോയ്ഡ്, സാംക്രമിക രോഗങ്ങൾ തുടങ്ങിയവയിലും ഘട്ടംഘട്ടമായി അഗാപ്പെ ബ്രാൻഡിൽ ടെസ്റ്റിങ് ഉപകരണങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതിയുണ്ട്.
 (ഫെബ്രുവരി ലക്കം മനോരമസമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)  

English Summary:

Success Story; Agappe Diagnostics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com