ADVERTISEMENT

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിശിഷ്ട വ്യക്തികൾ കേരളം സന്ദർശിക്കുമ്പോൾ സമ്മാനമായി ആറന്മുള കണ്ണാടി നൽകാറുണ്ട്. എന്തുകൊണ്ടാണ് ഈ കണ്ണാടിക്ക് ഇത്ര പ്രാധാന്യം? ഇതിനുള്ള ഉത്തരമാണ് ഭൗമസൂചികാപട്ടം അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന ജിഐ ടാഗ്. 

എന്താണ് ഭൗമസൂചികാപട്ടം 
ഒരു പ്രത്യേക സ്ഥലത്തു നിർമിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉൽപന്നങ്ങൾക്കു നൽകുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ജിഐ ടാഗ്. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി പിറവിയെടുക്കുന്ന ഉൽപന്നത്തിനാണ് ഇതു നൽകുന്നത്. ഡാർജിലിങ് ടീ, കാഞ്ചീപുരം സാരി എന്നിവ ഇന്ത്യയിലെ അതിപ്രസിദ്ധമായ രണ്ട് ജിഐ ടാഗ് ഉൽപന്നങ്ങളാണ്. സ്ഥലത്തെ കാലാവസ്ഥമൂലം ആർജിക്കുന്ന സവിശേഷ ഗുണമേന്മയാണ് ഡാർജിലിങ് ടീയുടെ ടാഗിനാധാരം. കാഞ്ചീപുരത്തുകാർ തലമുറകളായി കൈമാറുന്ന അറിവിലൂടെ നിർമാണ‌രീതിയിൽ ആർജിച്ചെടുത്ത വ്യത്യസ്തതയും മികവുമാണ് അവിടത്തെ സാരിയുടെ തനിമ. 

ഇവിടെയുണ്ട് ജിഐ ടാഗ് ഉൽപന്ന‌നിര‌
വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്ത് ഒട്ടേറെ ജിഐ ടാഗ് ഉൽപന്നങ്ങളുണ്ട്. അൽഫോൻസാ മാങ്ങ (മഹാരാഷ്ട്ര) മുതൽ ഡാർജിലിങ് ടീ (വെസ്റ്റ് ബംഗാൾ), കാശ്മീരി കുങ്കുമപ്പൂവ് (ജമ്മു ആൻഡ് കശ്മീർ), നാഗ്പുർ ഓറഞ്ച് (മഹാരാഷ്ട്ര), സിതാഫൽ (മധ്യപ്രദേശ്‌), നീലഗിരി തേൻ (തമിഴ്‌നാട്), മധുബാനി പെയിന്റിങ്‌സ് (ബീഹാർ), കച്ച് എംബ്രോയിഡറി (ഗുജറാത്ത്), മൈസൂർ ചന്ദനം (കർണാടക), മംഗലാപുരം കശുവണ്ടി (കർണാടക) അടക്കം ലോകപ്രശസ്തമായ ജിഐ ടാഗ് ഉൽപന്നങ്ങൾക്ക് ആഗോളവിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. 

കേരളത്തിൽ ഇവ
തിരൂർ വെറ്റില (മലപ്പുറം), നവര അരി (പാലക്കാട്), മറയൂർ ശർക്കര (ഇടുക്കി), കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി (തൃശൂർ), ചിരട്ടയിലുണ്ടാക്കുന്ന കരകൗശലവസ്തുക്കൾ (കോഴിക്കോട്), റോബസ്റ്റ കാപ്പി (വയനാട്), ആറന്മുള കണ്ണാടി (പത്തനംതിട്ട), ചേന്ദമംഗലം ധോത്തികൾ (എറണാകുളം), നിലമ്പൂർ തേക്ക് (മലപ്പുറം), കുത്താമ്പുള്ളി സെറ്റുമുണ്ട് (തൃശൂർ), ജീരകശാല അരി (വയനാട്), മട്ട അരി (പാലക്കാട്), പയ്യന്നൂർ പവിത്ര മോതിരം (കണ്ണൂർ), വാഴക്കുളം പൈനാപ്പിൾ (എറണാകുളം), ഗന്ധകശാല അരി (വയനാട്), ബാലരാമപുരം കൈത്തറി (തിരുവനന്തപുരം), മധ്യതിരുവിതാംകൂർ ശർക്കര (പത്തനംതിട്ട), പൊക്കാളി അരി (എറണാകുളം), പച്ച ഏലയ്ക്ക (ഇടുക്കി), ആലപ്പുഴ കയർ (ആലപ്പുഴ), കുറ്റ്യാട്ടൂർ മാങ്ങ (മലപ്പുറം), അട്ടപ്പാടി തുവര (പാലക്കാട്) എന്നിവ പ്രധാന ജിഐ ടാഗ് ഉൽപന്നങ്ങളാണ്. 

ജിഐ ടാഗ് ലഭിച്ചാൽ‌ നേട്ടം എന്ത്?
അസംഖ്യം‌ പൈനാപ്പിൾ ലഭ്യമായ വിപണിയിൽ വാഴക്കുളം പൈനാപ്പിളിന്റെ സ്വീകാര്യത വലുതാണ്. മൂന്നു കോടിയോളം രൂപയുടെ വിൽപനയാണ് കേരളത്തിൽ ഇക്കഴിഞ്ഞ വർഷം ഇതിനു നേടാനായത്. ജിഐ ടാഗ് ലഭിച്ചതോടെ ‘വാഴക്കുളം പൈനാപ്പിളിനു സവിശേഷതകളുണ്ട്’ എന്ന ചിന്ത ഉപഭോക്താക്കളിലുണ്ടായത് സ്വീകാര്യത വർധിപ്പിച്ചു. ഇതുതന്നെയാണ് ജീരകശാലയ്ക്കും മട്ടയ്ക്കുമൊക്കെ അരി‌വിപണിയിൽ ശ്രദ്ധ ലഭിക്കാൻ കാരണം.

ബ്രാൻഡിങ്ങിന് അത്ര പ്രസക്തിയില്ലാത്ത വിപണിയിൽ ‘സവിശേഷ ഉൽപന്നം’ എന്ന ഖ്യാതി നേടാനും അതിലൂടെ ഉയർന്ന മൂല്യമുള്ളത് എന്ന ധാരണ ഉപഭോക്താക്കളിൽ ജനിപ്പിക്കാനും ടാഗ് സഹായിക്കും. അതുവഴി ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിപ്പോകാവുന്ന പ്രാദേശിക ഉൽപന്നങ്ങളെ ലോകവിപണിയിലേക്കു കൈപിടിച്ചാനയിക്കാൻ കഴിയും. കശ്‍മീരി കുങ്കുമപ്പൂവു‌മുതൽ കാഞ്ചീപുരം സാരി‌വരെയുള്ളവയിലൂടെ നാം തിരിച്ചറിഞ്ഞ വസ്തുതയാണിത്. വിപണിയിലെ നേട്ടത്തിനു പുറമേ പ്രസ്തുത പ്രദേശത്തിനും ജിഐ ടാഗുകൊണ്ടു നേട്ടമുണ്ട്. പ്രദേശത്തെ സാംസ്കാരിക-പൈതൃക സംരക്ഷണം, സാമ്പത്തികമായ പുരോഗതി, അനധികൃത വിപണനം തടയൽ എന്നിവയും നേട്ടങ്ങളാണ്. 

വേണം മൂന്നു കാര്യങ്ങൾ 
പ്രധാനമായും 3 കാര്യങ്ങളാണ് ടാഗിനു വേണ്ടത്. 
1. ഉദ്ഭവം: ഉൽപന്നത്തിന്റെ ഭൗമോദ്ഭവം കൃത്യമായ ഒരു പ്രദേശത്തുനിന്നാണെന്നു തെളിയിക്കാനാകണം. നിലമ്പൂർ തേക്ക് നിലമ്പൂരിലാണ് ഉണ്ടാകുന്നതെന്നതുപോലെ. 
2. സവിശേഷതകൾ: ഉൽപന്നത്തിന്റെ മികവിനു കാരണം ആ പ്രദേശത്തുനിന്നുണ്ടാകുന്നതുകൊണ്ടാണെന്നതു തെളിയിക്കണം. നിലമ്പൂർ തേക്കിന്റെ നിറം, വണ്ണം, ഈട് എന്നിവയ്ക്കു കാരണം പ്രദേശത്തിന്റെയും അവിടെ പിന്തുടരുന്ന കൃഷിരീതികളുടെയും ആകത്തുകയാണെന്നതു പോലെ. 
3. തെളിവ്: ഉൽപന്നം പ്രദേശവുമായി കാലങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും തെളിയിക്കണം. നിലമ്പൂർ തേക്കിനുള്ളപോലെ അതിസമ്പന്നമായ ചരിത്രം പറയാനില്ലെങ്കിലും ചരിത്രമുണ്ടാകണമെന്നു സാരം. 

ആർക്ക് അപേക്ഷിക്കാം?
പേറ്റന്റു‌പോലെ വ്യക്തികൾക്ക് അപേക്ഷിക്കാനാകില്ല. ഉൽപാദകരുടെ കൂട്ടായ്മകൾക്കേ പറ്റൂ. ടാഗ് ഉപയോഗിച്ചുള്ള കുത്തകവൽക്കരണം തടയാനാണിത്. ആറന്മുള കണ്ണാടിയുടെ ടാഗ് ഉൽപാദക കൂട്ടായ്മയായ വിശ്വബ്രാഹ്മണ ആറന്മുള കണ്ണാടി നിർമാൺ സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ്. നിലമ്പൂർ തേക്കിന്റേത് നിലമ്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ പക്കലും. 

ജിഐ ടാഗ് ഉൽപന്നങ്ങൾ നിർമിക്കാൻ ടാഗ് ഉടമസ്ഥരുടെ അനുമതി ആവശ്യമില്ല. വിപണനം ചെയ്യുമ്പോൾ ടാഗ് ഉപയോഗിക്കണമെങ്കിൽ അനുവാദം മേടിക്കണം. വാഴക്കുളം പൈനാപ്പിളിന്റെ ടാഗ്‌പരിധി വാഴക്കുളത്തുനിന്ന് 45 കിമീ വടക്കും 40 കിമീ പടിഞ്ഞാറും 35 കിമീ കിഴക്കും 110 കിമീ തെക്കും വരെയാണ്. അവിടെയെല്ലാമുള്ളവർക്ക് പൈനാപ്പിൾ കൃഷി ചെയ്യാൻ മുൻ‌കൂർ അനുമതി വേണ്ട. പക്ഷേ, വാഴക്കുളം പൈനാപ്പിൾ എന്ന പേരിൽ വിൽക്കാൻ അനുമതി ആവശ്യമാണ്. ടാഗിന്റെ അനധികൃതമായ ഉപയോഗം ഗൗരവതരമായ കുറ്റമാണ്. 

എങ്ങനെ അപേക്ഷിക്കാം?
ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് ഓഫ് ഗുഡ്സ് (റജിസ്‌ട്രേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ) ആക്ട് 1999 ആണ് ബന്ധപ്പെട്ട നിയമം. ടാഗിനുള്ള അപേക്ഷ ചെന്നൈയിലെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് റജിസ്ട്രിയിൽ നിർദിഷ്ട ഫോമിൽ അനുബന്ധ രേഖകളോടൊപ്പം അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷാ‌പ്രക്രിയ സങ്കീർണമായതിനാൽ വിദഗ്ധോപദേശം തേടുന്നതാണ് ഉചിതം •

(കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com