ഹിറ്റോടു ഹിറ്റ് ! തിയറ്ററുകളുടെ നല്ലകാലം

Mail This Article
തൃശൂർ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ തുടർച്ചയായി നാലു ഹിറ്റ്. അതും എല്ലാം ഒരുമിച്ചു തിയറ്ററിൽ. തകർച്ചയിലേക്കു കൂപ്പു കുത്തിയിരുന്ന തിയറ്ററുകൾക്ക് ഇതു നല്ല കാലം. ഫെബ്രുവരി 9നു റിലീസ് ചെയ്ത പ്രേമലുവാണ് ആദ്യം ഹിറ്റും പിന്നീടു സൂപ്പർ ഹിറ്റുമായത്. കലക്‌ഷനിൽ മുന്നിൽ നിൽക്കുന്നതും പ്രേമലുവാണ്. അന്നുതന്നെ റിലീസായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയും ഹിറ്റായി. 15ന് ഇറങ്ങിയ ഭ്രമയുഗവും 22ന് ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സും ഹിറ്റായതോടെയാണു സിനിമയിൽ പുതിയ ഹിറ്റുവസന്തമുണ്ടായത്.
ഫെബ്രുവരി പൊതുവേ സിനിമകൾക്കു മോശംകാലമാണ്. പരീക്ഷകൾക്കു തൊട്ടുമുൻപായതിനാൽ എല്ലാവരും റിലീസിൽനിന്ന് ഈ സമയത്തു പിൻമാറും. മാർച്ച് അവസാനത്തോടെയാണു വീണ്ടും റിലീസിലേക്കു തിരിച്ചെത്താറ്. നിലവിലുള്ള 700 തിയറ്ററുകളിൽ 400 എണ്ണമെങ്കിലും അടയ്ക്കേണ്ടിവരുമെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഒന്നിനു പുറകെ ഒന്നായി സിനിമകൾ വിജയിച്ചത്. ഇവയെല്ലാം ചേർന്നു തിയറ്ററിൽ മാത്രം 125 –150 കോടി രൂപയുടെ ബിസിനസ് നടത്തുമെന്നാണു കരുതുന്നത്. പ്രേമലു 20 കോടിയും ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും 15 കോടി വീതവും അന്വേഷിപ്പിൻ കണ്ടെത്തും 7–10 കോടി രൂപയും ലാഭമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതു വരെയുള്ള കണക്കുകൾ അനുസരിച്ചുണ്ടായേക്കാവുന്ന ലാഭത്തിന്റെ സൂചന മാത്രമാണിത്. ബുക്കിങ് സൂചനയനുസരിച്ച് ഒരു സിനിമയുടെ പോലും ബുക്കിങ് ശതമാനത്തിൽ വലിയ ഇടിവുണ്ടായിട്ടില്ല. ഇതൊന്നുംതന്നെ വൻ ബജറ്റിൽ നിർമിച്ച സിനിമകളല്ല. മമ്മൂട്ടിയെപ്പോലുള്ള സൂപ്പർ താരത്തിന്റെ സിനിമയും ഈ ചെറിയ ബജറ്റ് സിനിമകളിലുണ്ടെന്നതാണു ശ്രദ്ധേയം.