ADVERTISEMENT

മുംബൈ∙ മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ഒരാഴ്ചയ്ക്കകം സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നഗരങ്ങൾ തമ്മിൽ ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സെക്ടറുകളിൽ ചെറുവിമാനങ്ങളുടെ സർവീസാണ് ലക്ഷ്യമിടുന്നത്. സിവിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) അനുമതിയായതോടെ ഉടൻ സർവീസ് ആരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. 

തൃശൂർ കുന്നംകുളം അഞ്ഞൂരിൽ കുടുംബ വേരുള്ള മനോജ് ജനിച്ചു വളർന്നത് ഗോവയിലാണ്. മോപ്പയിലെ മനോഹർ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണ് ഫ്ലൈ 91 എന്ന് പേരിട്ടത്. കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ മനോജ് ചാക്കോ സംസാരിക്കുന്നു.

? വിമാന കമ്പനിയെക്കുറിച്ച് ? 

 ചെറു നഗരങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. 72 സീറ്റുകളുള്ള എടിആർ 72–600 മാതൃകയിലുള്ള വിമാനങ്ങളാണ് ‍ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 2 വിമാനമാണ് ഉണ്ടാകുക. ആറു മാസത്തിനകം 6 എണ്ണം കൂടിയെത്തും. തുടക്കത്തിൽ ഗോവയിൽ നിന്ന് ലക്ഷദ്വീപിലേക്കായിരിക്കും സർവീസ്. ബെംഗളൂരുവിൽ നിന്ന്  ലക്ഷദ്വീപിലേക്കുള്ള സർവീസിനും പദ്ധതിയുണ്ട്. ആദ്യം ആഴ്ചയിൽ രണ്ടോ, മൂന്നോ സർവീസുകളാണുണ്ടാകുക.

മനോജ് ചാക്കോ
മനോജ് ചാക്കോ

? കേരളം 

 കേരളത്തിലേക്കുളള സർവീസിന് ഇപ്പോൾ പദ്ധതിയില്ല. അടുത്ത ഘട്ടത്തിലേ ആലോചനകളുണ്ടാവൂ. ഗോവ ജൽഗാവ്, സിന്ധുദുർഗ്, നാന്ദേഡ്, പുണെ (മഹാരാഷ്ട്ര), ബെംഗളൂരൂ, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് ആദ്യഘട്ട സർവീസിനു പരിഗണിക്കുന്നത്. 

? ബിസിനസ് പ്ലാൻ

 അഞ്ചു വർഷത്തിനകം വിമാനങ്ങളുടെ എണ്ണം 35 ആയി ഉയർത്തി 50 നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. 

? ‘ഫ്ലൈ 91’ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയാമോ 

 25 വർഷമായി ട്രാവൽ, ഏവിയേഷൻ രംഗങ്ങളിൽ, പല ചുമതലകളിൽ, വിവിധ കമ്പനികളിൽ പ്രവ‍ർത്തിച്ചിട്ടുണ്ട്. കിങ് ഫിഷർ എയർലൈൻസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. എമിറേറ്റ്സിൽ സെയിൽസ് മാനേജരായി ഇന്ത്യയിലെ പല മേഖലകളിൽ പ്രവർത്തിച്ചു.  വ്യോമയാന മേഖലയിലെ വൈദഗ്ധ്യമാണ് വിമാനക്കമ്പനി ആരംഭിക്കാനുള്ള ആത്മബലം.  ഇൗ രംഗത്ത് അനുഭവസമ്പത്തുള്ള ഒരു സംഘത്തിന്റെ കൂട്ടായ്മയാണ് ‘ഫ്ലൈ 91’. സ്വകാര്യ നിക്ഷേപകരിൽ നിന്നടക്കമുള്ള (പ്രൈവറ്റ് ഇക്വിറ്റി) തുക ചേർത്ത് 200 കോടി രൂപയാണ് പ്രാരംഭ മൂലധനം. 

? തയാറെടുപ്പുകൾ

 വിജയിച്ചതും പരാജയപ്പെട്ടതുമായ എയർലൈനുകളെക്കുറിച്ച് പഠിച്ചു. പരാജയപ്പെട്ടവയെക്കുറിച്ച് മനസ്സിലാക്കാനാണ് ഏറെ ശ്രമിച്ചത്. ഞങ്ങളുടെ ദൗത്യത്തിൽ പിഴവുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വിമാനക്കമ്പനി ആരംഭിക്കാനുള്ള നടപടികൾ ഉൗർജിതമായിയിട്ട് 4 വർഷമായി. നിയന്ത്രണങ്ങളും കടുത്ത മാനദണ്ഡങ്ങളും ഏറെയുള്ള മേഖലയാണിത്. എല്ലാ കടമ്പകളും പിന്നിട്ടിരിക്കുന്നു.

? കുടുംബപശ്ചാത്തലം

 കുന്നംകുളത്തു നിന്ന് 1965ൽ ഗോവയിലേക്ക് കുടിയേറിയവരാണ് മാതാപിതാക്കൾ. ഇരുവരും അധ്യാപകരായിരുന്നു.

English Summary:

Fly91 First service within a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com