ADVERTISEMENT

ന്യൂഡൽഹി∙ വമ്പൻ ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ സ്വന്തം ഉൽപന്നങ്ങൾക്കോ സേവനങ്ങൾക്കോ പ്രത്യേക പരിഗണന നൽകുന്നത് തടയാൻ കരട് ഡിജിറ്റൽ കോംപറ്റീഷൻ ബില്ലിൽ വ്യവസ്ഥ. വമ്പൻ കമ്പനികളുമായി ബന്ധമുള്ള മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇത്തരത്തിലുള്ള പരിഗണന നൽകാൻ പാടില്ല. 

ആമസോൺ അവരുടെ സ്വന്തം ബ്രാൻഡ് ആയ 'ആമസോൺ ബേസിക്സി'ന് പ്രത്യേക പരിഗണന നൽകിയത് വിവാദമായിരുന്നു. ഗൂഗിളിന് താൽപര്യമുള്ള വെബ്സൈറ്റുകൾക്ക് സെർച്ചിൽ പ്രാമുഖ്യം നൽകുന്നതിനും നിയന്ത്രണം വരാം. 

മറ്റ് ആപ്പുകൾ, സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുന്നതിന് വമ്പൻ ടെക് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ല. തങ്ങളുടെ ഒന്നിലേറെ സേവനങ്ങൾ ഉപയോഗിക്കാൻ (ബണ്ടിലിങ്) ടെക് കമ്പനികൾക്ക് ഉപയോക്താക്കളെ നിർബന്ധിക്കാനുമാവില്ല. കരട് ബില്ലിന്മേൽ ഏപ്രിൽ 15 വരെ അഭിപ്രായം അറിയിക്കാം. ലിങ്ക്: bit.ly/mcacompb

പിഴ വിറ്റുവരവിന്റെ 10%
വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനിയുടെ രാജ്യാന്തര വിറ്റുവരവിന്റെ 10% വരെ പിഴയായി നൽകണം. കോംപറ്റീഷൻ കമ്മിഷന്റെ ഉത്തരവുകൾ പാലിക്കാത്തതിന് 25 കോടി രൂപ പിഴയോ 3 വർഷം വരെ തടവോ ലഭിക്കാം.

ഡേറ്റയിൽ നിയന്ത്രണം
∙ ഡേറ്റ:
വമ്പൻ പ്ലാറ്റ്ഫോമുകൾ അവരുടെ സേവനം ഉപയോഗിക്കുന്ന കമ്പനികളുടെ ഡേറ്റ ഉപയോഗിച്ച് അവയോട് മത്സരിക്കുന്നതിൽ നിയന്ത്രണം.
ഉദാ: വിവിധ ബ്രാൻഡുകളുടെ വിൽപന സംബന്ധിച്ച വിവരങ്ങൾ ഒരു ഇ–കൊമേഴ്സ് കമ്പനി ശേഖരിച്ച ശേഷം ഏറ്റവും നന്നായി വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ പകർപ്പ് സ്വന്തം ബ്രാൻഡിൽ ഇറക്കാൻ കഴിയില്ല.

amazon

∙ ഇന്റർമിക്സിങ്: ഒരു വമ്പൻ ടെക് കമ്പനിക്ക് അവരുടെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ ഡേറ്റ അവരുടെ അനുമതിയില്ലാതെ കൂട്ടിക്കലർത്തി (മിക്സ്) ഉപയോഗിക്കാനാവില്ല.
ഉദാ: വ്യക്തി അനുമതി നൽകിയില്ലെങ്കിൽ അയാളുടെ ഫെയ്സ്ബുക് ഡേറ്റയും ഇൻസ്റ്റഗ്രാം, വാട്സാപ് ഡേറ്റയും 'മെറ്റ'യ്ക്ക് കൂട്ടിക്കലർത്താനാവില്ല. അങ്ങനെയെങ്കിൽ ഒരാളുടെ ഫെയ്സ്ബുക് യൂസേജ് അനുസരിച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ നൽകാൻ കഴിഞ്ഞേക്കില്ല.

അനുകൂലിച്ച് ട്വിറ്റർ; വിയോജിച്ച് ഗൂഗിൾ, മെറ്റ, ആമസോൺ, ആപ്പിൾ
ടെക് കമ്പനികൾക്കുള്ള നിയന്ത്രണങ്ങളോട് എക്സ് (മുൻപ് ട്വിറ്റർ) അനുകൂലിച്ചപ്പോൾ ഗൂഗിൾ, മെറ്റ, ആമസോൺ, ആപ്പിൾ, ഊബർ, ഫ്ലിപ്കാർട്, സൊമാറ്റൊ, ഓയോ റൂംസ്, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) തുടങ്ങിയവ വിയോജിച്ചു. 

English Summary:

Government to tame big tech companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com