ADVERTISEMENT

വേനൽച്ചൂടിനു കടുപ്പം. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ രംഗവും ചുടുപിടിക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾക്കു മാത്രമല്ല ഭൗമാന്തരീക്ഷത്തിനും രാഷ്ട്രീയ കാലാവസ്ഥയ്ക്കുമൊക്കെ സ്വാധീനിക്കാനാകുന്ന ഓഹരി വിപണിയിലേക്കും ചൂടു പടരുമോ എന്നേ ഇനി അറിയേണ്ടൂ.

കരുത്തന്റെ പതനം പോലെയായിരുന്നു കഴിഞ്ഞ ആഴ്ച വിപണിയിൽ അനുഭവപ്പെട്ട വിലത്തകർച്ച. ചാർട്ടുകളിൽ മുന്നേറ്റ സാധ്യത സൂചിപ്പിക്കപ്പെടുകയുണ്ടായെങ്കിലും വിപണിക്കു കനത്ത ആഘാതമായത് അസാധാരണ തോതിലുള്ള വിൽപന സമ്മർദമായിരുന്നു. ഇന്നു വ്യാപാരം പുനരാരംഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചെറുകിട, ഇടത്തരം വിഭാഗത്തിൽപ്പെട്ട ഓഹരികളുടെ മുന്നേറ്റത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രകടിപ്പിച്ച ആശങ്കയും നൽകിയ മുന്നറിയിപ്പുമാണു വിപണിയെ തിരുത്തലിലേക്കു നയിച്ചത്. മ്യൂച്വൽ ഫണ്ടുകളിൽനിന്നു ലഭിച്ച ‘സ്ട്രെസ് ടെസ്റ്റ്’ ഫലങ്ങളും വിപണിയെ ആശങ്കയിലാഴ്ത്തി. വിപണിയിലെ കുതിപ്പിന്റെ സ്തുതിഗായകരായിരുന്ന പല അനലിസ്റ്റുകളും വെളിപാടെന്നപോലെ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യനിർണയത്തെപ്പറ്റി പ്രതികൂലമായി പ്രതികരിച്ചതും നിക്ഷേപകരിൽ വിൽപന സമ്മർദമുണ്ടാക്കി. ചെറുകിട, ഇടത്തരം ഓഹരികളിലെ വിൽപന സമ്മർദം വൻകിട ഓഹരികളിലേക്കു പടർന്നതാകട്ടെ സ്വാഭാവികം.

കരുതലിന്‍റെ ദിനങ്ങൾ
തിരമാലകൾ തിരികെപ്പോകുമ്പോഴാണല്ലോ ചിലരെങ്കിലും നഗ്നരായാണു നീന്തിയിരുന്നത് എന്നു വെളിപ്പെടുക. അതേപോലെ ചില ഓഹരികളുടെയെങ്കിലും വിലനിലവാരം അനർഹമായ നിലവാരത്തിലേക്കു കുതിക്കുകയായിരുന്നുവെന്നു വെളിപ്പെടാൻ വിപണിയിലെ വേലിയിറക്കം സഹായകമായി. ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ വിപണിയിലെ ചലനങ്ങൾ വളരെ കരുതലോടെയായിരിക്കുമെന്ന് ഊഹിക്കാം. നിഫ്റ്റിയിൽ രേഖപ്പെടുത്തിയ അവസാന നിരക്ക് 22,023.35 പോയിന്റാണ്. വിപണിയിലെ തിരുത്തൽ തുടരുകയാണെങ്കിൽ നിഫ്റ്റി 21,500 പോയിന്റ് വരെ താഴ്ന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, വീഴ്ചയിൽനിന്നു തിരിച്ചുകയറാനാണു ഭാവമെങ്കിൽ 22,200 – 22,400 നിലവാരം വീണ്ടെടുക്കാനായെന്നുവരാം. വില സൂചികകളുടെ കയറ്റിറക്കങ്ങളെ ഈ ആഴ്ച ഏറ്റവും കൂടുതൽ സ്വാധീനിക്കുക യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ നയമായിരിക്കും. ഫെഡ് റിസർവിന്റെ നിരക്കു നിർണയ സമിതിയായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര വിപണികളിലേക്കു വിദേശ ധനസ്ഥാപനങ്ങളിൽനിന്നു നിക്ഷേപമെത്തുക. 

സ്റ്റോക് സ്പ്ലിറ്റ്, ഡിവിഡൻഡ്
ഓഹരി വിഭജനം, ഇടക്കാല ലാഭവീതം എന്നിവ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് 21നു യോഗം ചേരും. പ്രതിരോധ വകുപ്പിന്റെ കീഴിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനി മിസൈലുകളുടെയും മറ്റും നിർമാതാക്കളാണ്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും അവസാനം രേഖപ്പെടുത്തിയ ഓഹരി വില 1669 രൂപ. 52 ആഴ്ചയിലെ ഏറ്റവും കൂടിയ വില 1984.80 രൂപ; കുറഞ്ഞ വില 878.50. ഓഹരിയുടെ നിലവിലെ മുഖ വില 10 രൂപ. 

അവകാശ ഓഹരി ഇഷ്യു
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരി ഇഷ്യു അവസാനിക്കുന്ന തീയതി 20. ഓഹരി ഉടമകൾക്കു നാലിനൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് അനുവദിച്ചിരിക്കുന്നത്. 1151 കോടി രൂപയാണു സമാഹരണ ലക്ഷ്യം.

English Summary:

Market Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com