പോപ്പുലർ വെഹിക്കിൾസ് 2 ശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്തു

Mail This Article
കേരളാ കമ്പനിയായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ ഓഹരികൾ ഇന്ന് 2 ശതമാനം കിഴിവോടെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഓഫർ വിലയായ 295 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിൽ 289.2 രൂപയിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. അതേസമയം, ബിഎസ്ഇയിൽ 292 രൂപയിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്.
മാർച്ച് 12 മുതൽ മാർച്ച് 14 വരെ നടന്ന ഐപിഒ 250 കോടി രൂപയുടെ പുതിയ ഓഹരികളും 351.55 കോടി രൂപ വിലമതിക്കുന്ന 1.19 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) ലും ചേർന്നതായിരുന്നു.
ഇതിലൂടെയുള്ള അറ്റവരുമാനം കടം തിരിച്ചടയ്ക്കാനും മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ വാഹനങ്ങളുടെ വിൽപ്പന, സർവീസ്, റിപ്പയർ, സ്പെയർ പാർട്സ്, ആക്‌സസറി വിതരണം, പ്രീ-ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വിൽപനയും കൈമാറ്റവും സുഗമമാക്കൽ, ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിപ്പിക്കൽ തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യവും പോപ്പുലർ വെഹിക്കിൾസ് ചെയ്യുന്നുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ വരുമാനം വാർഷികാടിസ്ഥാനത്തിൽ 41 ശതമാനം വർധിച്ച് 4,875 കോടി രൂപയായി. നികുതിാനന്തര ലാഭം (PAT) 90 ശതമാനം ഉയർന്ന് 64 കോടി രൂപയായി. 2023 സെപ്റ്റംബറിൽ അവസാനിച്ച കാലയളവിൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2,835 കോടി രൂപയാണ്.