മുൻവർഷത്തെ റിട്ടേൺ ഇനി റിവൈസ് ചെയ്യുന്നതെങ്ങനെ
Mail This Article
ചോദ്യം– 2023–24 വർഷത്തെ ആദായ നികുതി റിട്ടേൺ പഴയ നികുതി സമ്പ്രദായത്തിൽ കഴിഞ്ഞ ജൂലൈയിൽ ആണ് ഞാൻ ഫയൽ ചെയ്തത്. പിന്നീട് കണക്കുകൂട്ടി നോക്കിയപ്പോൾ പുതിയ സമ്പ്രദായമാണ് എനിക്കു ഗുണകരമെന്നു ബോധ്യമായി. ഫയൽ ചെയ്ത റിട്ടേൺ ഇനി പുതിയ സമ്പ്രദായത്തിൽ റിവൈസ് ചെയ്തു ഫയൽ ചെയ്യാൻ സാധിക്കുമോ?
ടി.മനോജ്
മറുപടി– പഴയ സ്കീമിനടിയിൽ ഫയൽ ചെയ്ത ആദായനികുതി റിട്ടേൺ, പുതിയ സ്കീമാണ് കൂടുതൽ ലാഭകരം എന്നു തോന്നുന്ന സാഹചര്യത്തിൽ റിവൈസ് ചെയ്തു ഫയൽ ചെയ്യുക അനുവദനീയമാണ്. എന്നാൽ റിട്ടേൺ റിവൈസ് ചെയ്യുന്നതിന് സമയ പരിധിയുണ്ട്. AY 2023-24 ലെ റിട്ടേൺ 31 ഡിസംബർ 2023 എന്ന തീയതിക്കുള്ളിൽ റിവൈസ് ചെയ്യേണ്ടതായിരുന്നു. ഇനി അതു സാധ്യമല്ല. വകുപ്പ് 139(8A) പ്രകാരമുള്ള 'അപ്ഡേറ്റഡ് റിട്ടേൺ' മാത്രമേ ആ വർഷത്തെ സംബന്ധിച്ച് ഇനി ഫയൽ ചെയ്യാൻ സാധിക്കൂ. എന്നാൽ റീഫണ്ട് അവകാശപ്പെട്ടുകൊണ്ട് അപ്ഡേറ്റഡ് റിട്ടേൺ ഫയൽ ചെയ്യുക സാധ്യമല്ല. അതിനാൽ പഴയ സ്കീമിനടിയിൽ കൂടുതൽ അടച്ചു പോയ നികുതി, അപ്ഡേറ്റഡ് റിട്ടേൺ ഫയൽ ചെയ്യുന്നത് വഴി റീഫണ്ട് ആയി ക്ലെയിം ചെയ്യാവുന്നതല്ല.
(മറുപടി നൽകിയിരിക്കുന്നത് പ്രശാന്ത് ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി)