ADVERTISEMENT

പത്തുമാസം പ്രായമായ തന്റെ കുഞ്ഞിന് പുതിയ രുചിയിൽ ആഹാരമൊരുക്കുമ്പോൾ എറണാകുളം തൃപ്പുണിത്തുറയിലെ സിദ്ധി വിനായക അപ്പാർട്ട്മെന്റ്സിലിരുന്ന് ശ്രീലക്ഷ്മി ഫേസ്ബുക്കിൽ ലൈവ് പോകും. തങ്ങളുടെ മക്കൾക്കും അത് കിട്ടിയാൽ കൊള്ളാമെന്ന് കൊതിക്കുന്ന ഒരുപാട് അമ്മമാർ ആ ലൈവ് കാണുമെന്നും ശ്രീലക്ഷ്മീസ് കലവറ എന്ന തന്റെ സ്ഥാപനത്തിലെ അടുത്ത ഉൽപ്പന്നമാകാൻ പോകുന്നത് അതാണെന്നും ശ്രീലക്ഷ്മിയ്ക്ക് അറിയാം. 500 രൂപയിൽ തുടങ്ങിയ കലവറ എന്ന സംരംഭം മാസം ഒന്നരലക്ഷം രൂപയിലേറെ ലാഭത്തിലെത്തിക്കാൻ കനൽവഴികളേറെ താണ്ടിയിട്ടുണ്ട് ഈ വീട്ടമ്മ. എന്നാൽ, കഠിനാധ്വാനവും വിജയിക്കണമെന്ന മനസ്സുമുണ്ടെങ്കിൽ ബിസിനസ് ആർക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശ്രീലക്ഷ്മി. ആറുവർഷം കൊണ്ട് 3 അച്ചാറിൽ നിന്ന് 60ൽപരം രുചിക്കൂട്ടുകൾ മലയാളിക്ക് നൽകുന്നു എന്നതിൽ നിന്ന് തിരിച്ചറിയാം ശ്രീലക്ഷ്മിയുടെ ലക്ഷ്യബോധം. എം.എസ് സി കെമിസ്ട്രിയും സൈക്കോളജിയും ബി എഡ്ഡും പഠിച്ചിറങ്ങിയിട്ടും തന്റെ വഴി ബിസിനസ് ആണെന്ന് തിരിച്ചറിഞ്ഞിടത്ത് നിന്നാണ് ശ്രീലക്ഷ്മിയുടെ വിജയത്തിന്റെ തുടക്കം.
തിരുവനന്തപുരത്താണ് ശ്രീലക്ഷ്മി ജനിച്ചതും വളർന്നതും. പഠനം പൂർത്തിയാക്കിയതും ജോലി തേടിയിറങ്ങി. എന്നാൽ, അധ്യാപികയാവണമെങ്കിൽ ലക്ഷങ്ങൾ മാനേജ്മെന്റിന് നൽകണമെന്ന് കണ്ടതോടെ ആ മോഹം പൊലിഞ്ഞു. മറ്റൊരു ജോലി തേടി എറണാകുളം നഗരത്തിലെത്തിയെങ്കിലും അതും നേടാനായില്ല. എങ്കിലും നഗരത്തിൽ നിന്ന് എന്തെങ്കിലും നേടിയേ അടങ്ങൂ എന്ന വാശി ഉള്ളിലുണ്ടായി. അങ്ങനെ ഓൺലൈനിൽ ട്യൂഷനൊപ്പം  വസ്ത്രങ്ങളുടെ റീസെല്ലിങ്, ഓൺലൈനിൽ ആഭരണക്കച്ചവടം അങ്ങനെ പലതിലും കൈവച്ചെങ്കിലും തോൽവിയായിരുന്നു ഫലം.

യൂട്യൂബ് ഗുരു,
500 രൂപ ആദ്യ മൂലധനം

ഒടുവിൽ ബിസിനസ് മനസിൽ നിന്ന് കളഞ്ഞ് പി.എസ്.സി പഠിക്കാൻ സഹോദരനായ ശ്രീരാജ് ഉപദേശിച്ചു. കൂട്ടുകാരിയുടെ വിദേശത്തുള്ള ഭാവിവരന് സമ്മാനമായി നൽകാൻ അവൾക്കൊപ്പം യൂട്യൂബ് നോക്കി അച്ചാറുണ്ടാക്കുകയും ആ അച്ചാർ വീണ്ടും ഉണ്ടാക്കി തരുമോ എന്ന് അദ്ദേഹം ചോദിച്ചതും ശ്രീലക്ഷ്മിയ്ക്ക് പ്രചോദനമായി. ഇതൂടെ പരീക്ഷിക്കണമെന്നും 500 രൂപ തരണമെന്നും സഹോദരനോട് പറഞ്ഞു.
തോറ്റാൽ ഇനി ബിസിനസ് എന്ന് ചിന്തിക്കരുതെന്നും 500 രൂപ തിരികെ നൽകിയാൽ സംരംഭത്തിന് മുഴുവൻ പിന്തുണയും നൽകാമെന്നും പറഞ്ഞ് സഹോദരൻ ആ തുക നൽകി. അതായിരുന്നു ആദ്യ മൂലധനം. സ്വന്തമായൊരു ചായ പോലും ഉണ്ടാക്കാനറിയാത്ത ആൾ എങ്ങനെ അച്ചാർ ഉണ്ടാക്കുമെന്ന സംശയിച്ചെങ്കിലും യൂട്യൂബിനെ ഗുരുവാക്കാൻ തീരുമാനിച്ചു. കയ്പയ്ക്കയെ തോൽപ്പിക്കുന്ന നാരങ്ങ അച്ചാറും ഉപ്പോളം തന്നെ ഉപ്പേറിയ മാങ്ങ അച്ചാറുമായിരുന്നു ആദ്യ പരീക്ഷണഫലങ്ങൾ. വീഡിയോ കണ്ട് വീട്ടിൽ പരീക്ഷിച്ച അച്ചാറുകളെല്ലാം പാളിയെങ്കിലും തോറ്റുമടങ്ങിയില്ല. സ്വന്തമായി ചെമ്മീൻ,ബീഫ്, മീൻ അച്ചാറുകൾ ഇട്ടു. പലതവണ പരീക്ഷിച്ചതിനൊടുവിൽ സ്വയം ആസ്വദിച്ച് കഴിക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കൾക്ക് വിറ്റു. 650 രൂപയാണ് വരുമാനം ലഭിച്ചത്. 500 രൂപ സഹോദരന് തിരികെ നൽകിയതോടെ സഹോദരൻ പിന്തുണയ്ക്കുകയും സംരംഭത്തിന് കലവറ എന്ന പേര് നൽകുകയും ചെയ്തു. അതിനൊപ്പം തന്റെ പേരും ചേർത്ത് ശ്രീലക്ഷ്മീസ് കലവറ എന്ന പേരിൽ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് എടുക്കുകയും അധികമായി ലഭിച്ച തുക അടുത്ത അച്ചാറിടാൻ നിക്ഷേപിക്കുകയും ചെയ്തു.

പിന്തുണ ഫേസ്ബുക്ക്

തന്റെ സംരംഭം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് ശ്രീലക്ഷ്മിയ്ക്ക് അറിയില്ലായിരുന്നു. അവിടെ ഫേസ്ബുക്ക് തുണയായി. ഫേസ്ബുക്കിൽ കൂടുതൽ ആളുകളെ ചേർത്തതിനൊപ്പം അത് എന്തുകൊണ്ട് മികച്ചതാണെന്ന് ആളുകൾ അറിയാൻ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ലൈവായി ആളുകളിലേക്ക് എത്തിച്ചു. വിശ്വസിച്ച് കഴിക്കാമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ നേരിൽകണ്ട് മനസ്സിലാക്കിയ നിരവധി പേർ ആവശ്യക്കാരായി എത്തിത്തുടങ്ങുകയും കലവറ വിജയത്തിന്റെ പടികൾ ചവിട്ടിത്തുടങ്ങുകയും ചെയ്തു. ഉൽപ്പന്നം വിറ്റുകിട്ടുന്ന ഓരോ രൂപയും തിരികെ കലവറയിൽ തന്നെ നിക്ഷേപിച്ചാണ് ശ്രീലക്ഷ്മി ബിസിനസ് വളർത്തിയത്. കലവറ എന്നാൽ കലർപ്പില്ലാത്തത് എന്നാണ് ശ്രീലക്ഷ്മിയുടെ നിഘണ്ടുവിൽ അർത്ഥം. കടകളിൽ നിന്ന് വാങ്ങിക്കുന്ന മറ്റ് അച്ചാറുകൾ പോലെ കേടുവരാതിരിക്കാൻ മറ്റ് രാസവസ്തുക്കളൊന്നും ചേർക്കാതെയാണ് നിർമ്മാണം. അതുകൊണ്ടു തന്നെ കലവറയുടെ അടുക്കളയിൽ നിന്ന് ഉത്പന്നം ഓൺലൈൻ വഴി നേരിട്ട് കസ്റ്റമറുടെ അടുക്കളയിലേക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്.

കോവിഡ് മുതൽ വിഷാദം വരെ

ശ്രീലക്ഷ്മീസ് കലവറ തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴാണ് കോവിഡ് പിടിമുറുക്കുന്നത്. ഒരു ദിവസം പെട്ടെന്ന് രാജ്യം ലോക്ക്ഡൗണിൽ ആയപ്പോൾ പോസ്റ്റ് ഓഫീസ് വഴി അയച്ച 22000 രൂപയുടെ ഉത്പന്നങ്ങൾ എവിടെ എന്ന് പോലും അറിയാതെയായി. കലവറയും ശ്രീലക്ഷ്മിയും നേരിട്ട ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. ലോക്ക്ഡൗൺ മാറി ലോകം പഴയതുപോലെ ആയെങ്കിലും വീണ്ടും കച്ചവടത്തിലേക്ക് തിരിയാൻ ഒട്ടുമടിച്ചു. എന്നാൽ പല കസ്റ്റമേഴ്സും ചെറുതും വലുതുമായ തുക അക്കൗണ്ടിലേക്ക് അയച്ചിട്ട് അതിന് എന്തെങ്കിലും അയച്ചു തരാമോ എന്ന് ചോദിച്ചു. തങ്ങൾക്ക് എന്താണ് ആവശ്യം എന്നുപോലും പറയാതെ അവർ നൽകിയ പിന്തുണയാണ് കലവറയ്ക്ക് വീണ്ടും ജീവൻ വയ്പ്പിച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു.
കോവിഡ് കാലത്തായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. വിവാഹത്തിന് ശേഷം കലവറ തുടരണമോയെന്ന് സംശയിച്ചപ്പോൾ വേണ്ടെന്ന് സ്വയം തോന്നുന്നവരെ തുടരണമെന്നായിരുന്നു  ഭർത്താവ് അജേഷ് അമ്പലപ്പാടന്റെ അഭിപ്രായം. എങ്കിലും വിവാഹശേഷം കലവറ പാടേ മറന്ന കാലം ശ്രീലക്ഷ്മിയ്ക്കുണ്ടായിരുന്നു. ആദ്യകുഞ്ഞിനെ ഗർഭത്തിൽ വച്ചുതന്നെ നഷ്ടമായെന്ന് അറിഞ്ഞപ്പോൾ ഏറെക്കാലം വിഷാദത്തിലായി എല്ലാം വേണ്ടെന്ന് വച്ചിരുന്നു. ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് കൊടുക്കാൻ എന്തെങ്കിലും ചെയ്തു തരാമോ എന്ന് ചോദിച്ചു വന്ന ചെറുപ്പക്കാരിയാണ് ശ്രീലക്ഷ്മിയെയും കലവറയെയും തിരികെ കൊണ്ടുവന്നത്. ഇപ്പോൾ മകന് നൽകുന്ന ധാന്യപ്പൊടികൾ അന്വേഷിച്ച് കൂടുതൽ ആളുകൾ വന്നപ്പോഴാണ് കായപ്പൊടിയും സ്പ്രൗട്ടഡ് ധാന്യപ്പൊടികളും മൾട്ടിഗ്രെയിൻ ദോശമാവുമെല്ലാം കലവറയുടെ ചാർട്ടിൽ ഇടം പിടിച്ചത്.
കസ്റ്റമേഴ്സ് തങ്ങളുടെ ആവശ്യം പറഞ്ഞെത്തുമ്പോൾ അതേക്കുറിച്ച് പഠിച്ച്, മായം ചേർക്കാത്ത അസംസ്കൃത വസ്തുക്കൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയാണ് പുതിയ ഉൽപ്പന്നമിറക്കുന്നത്. ആറു വർഷം കൊണ്ട് 3 അച്ചാർ എന്നത് 14 തരം അച്ചാറുകളുൾപ്പെടെ 60ൽ പരം ഉത്പന്നങ്ങളായി. അടുക്കളയിലേക്ക് ആവശ്യമായ മസാലക്കൂട്ടുകളും പൊടികളും ദോശമാവും കൊണ്ടാട്ടവും മിക്സ്ചറും ഏറ്റവുമൊടുവിൽ പഞ്ചസാര ചേർക്കാത്ത മിക്സഡ് ഫ്രൂട്ട് ജാം ഉൾപ്പെടെ ചോദിക്കുന്നതെന്തും കലവറയിലൂടെ ശ്രീലക്ഷ്മി നൽകുന്നു. മില്ലറ്റ് (ചെറുധാന്യങ്ങൾ) പൊടികളിലാണ് നിലവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സ്വന്തം അടുക്കളയിൽ ഒരു നോൺസ്റ്റിക് പാത്രത്തിൽ ഒറ്റയ്ക്ക് അച്ചാർ ഉണ്ടാക്കി തുടങ്ങിയതാണ് ശ്രീലക്ഷ്മി. നിലവിൽ മൂന്നിലേറെ പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. ചെറിയ തോതിൽ സദ്യകളൊരുക്കി നൽകുന്ന കാറ്ററിങ് സർവീസും ശ്രീലക്ഷ്മി ആരംഭിച്ചിട്ടുണ്ട്. 25 വനിതകൾക്ക് വരുമാനം നൽകുന്ന സ്ഥാപനമാക്കി കലവറയെ വളർത്തണമെന്നാണ് ആഗ്രഹം.  ലക്ഷങ്ങൾ സ്കൂൾ മാനേജ്മെന്റിന് നൽകാനില്ലാതിരുന്ന ശ്രീലക്ഷ്മിയ്ക്ക് ഇപ്പോൾ സംരംഭത്തിൽ നിന്ന് മാസം ഒന്നര ലക്ഷത്തിലേറെ ലാഭം മാത്രമുണ്ട്. ഒരു ജോലി വെറുതെ തന്നാലും വേണ്ടെന്ന് പറയും ശ്രീലക്ഷ്മി. അത് ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭം കണ്ടല്ല, വീണുപോകുമെന്ന് തോന്നിയ പലഘട്ടങ്ങളിലും ചേർത്തുപിടിച്ച കസ്റ്റമേഴ്സിനോടുള്ള കടപ്പാടാണ്.

English Summary:

Success Story of a woman Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com