ADVERTISEMENT

തിരുവനന്തപുരം∙ സൗരോർജ ഉൽപാദകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഗ്രോസ് മീറ്ററിങ് രീതി  നടപ്പാക്കുന്നില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പ്രത്യേക അപേക്ഷ നൽകിയാൽ പൊതു തെളിവെടുപ്പ് നടത്തി തീരുമാനിക്കുമെന്നും റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് സോളർ വൈദ്യുത ഉൽപാദകർ 1.2 ലക്ഷവും അല്ലാത്ത ഉപയോക്താക്കൾ 1.35 കോടിയും ആണെന്നും 1.2 ലക്ഷം പേരുടെ ബാധ്യത 1.35 കോടി ഉപയോക്താക്കളുടെ മേൽ കെട്ടി വയ്ക്കുന്നതു ന്യായം അല്ലെന്നും വൈദ്യുതി ബോർഡിന്റെ പ്രതിനിധി കമ്മിഷന്റെ തെളിവെടുപ്പിൽ വാദിച്ചു.സോളർ ഊർജ ഉൽപാദകർ ഉൾപ്പെടെ ഒട്ടേറെ പേർ തെളിവെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

നിലവിൽ സൗരോർജ ഉൽപാദകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെക്കാൾ കൂടുതൽ ഉപയോഗിച്ചാൽ മാത്രം അധിക നിരക്ക് നൽകിയാൽ മതി.കൂടുതൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഫിക്സഡ് ചാർജ്,സർചാർജ്,തീരുവ തുടങ്ങിയവ മാത്രമേ ഉള്ളൂ. എന്നാൽ ഗ്രോസ് മീറ്ററിങ് വന്നാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് മൊത്തം നിശ്ചിത വില ബോർഡ് കണക്കാക്കും.ഉപയോഗിക്കുന്ന വൈദ്യുതിക്ക് മറ്റ് ഉപയോക്താക്കൾക്ക് നൽകുന്നതു പോലെ ഉയർന്ന നിരക്കിലുള്ള ബിൽ നൽകും.ഈ തുകകൾ തമ്മിലുള്ള വ്യത്യാസം ഉപയോക്താവ് അടയ്ക്കണം.ഇത് സൗരോർ‌ജ ഉൽപാദകർക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നു മാത്രമല്ല പുരപ്പുറ സൗരോർജ പദ്ധതിയോടുള്ള താൽപര്യം ഇല്ലാതാക്കുകയും ചെയ്യും.

അതേസമയം വൈകിട്ട് പീക് ലോഡ് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്കു മാത്രം നിശ്ചിത ശതമാനം അധിക നിരക്ക് സൗരോർജ ഉൽപാദകരിൽ നിന്ന് ഈടാക്കുന്ന രീതിയാണ് മറ്റു ചില സംസ്ഥാനങ്ങളിൽ ഉള്ളത്.

ഈ സമയത്ത് അധിക വില നൽകി പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതു കൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ .വൈദ്യുതി ബോർഡിന്  ഇക്കാര്യം ആവശ്യപ്പെട്ടു പ്രത്യേക അപേക്ഷ നൽകാമെന്നു കമ്മിഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ സോളർ ഉൽപാദകരിൽ നിന്ന് അധിക തുക വാങ്ങാനുള്ള നടപടി തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

ഇതു സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനാണ് കമ്മിഷൻ ഇന്നലെ തെളിവെടുപ്പ് നടത്തിയത്.2029–30 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 50% പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ള ഊർജം ആയിരിക്കണമെന്ന കരട് ചട്ടങ്ങളിലെ വ്യവസ്ഥ 40% ആയി കുറയ്ക്കണം എന്ന് ബോർഡ് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ 40% ആണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.

ഉൽപാദകർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല: മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം∙സൗരോർജ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ഉൽപാദകർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലിങ് രീതികളിലേക്കു മാറാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടി. സൗരോർജ നയത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും വിശദവുമായ പരിശോധന നടത്തിയ ശേഷമേ ബില്ലിങ് രീതിയിൽ മാറ്റം വരുത്തണമോ എന്നു തീരുമാനിക്കുകയുള്ളൂ.ഇതു സംബന്ധിച്ച തെറ്റായ പ്രചാരണം സൗരോർജ ഉൽപാദകരുടെ ഇടയിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

നിലവിൽ സൗരോർജ ഉൽപാദകർക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിങ് സമ്പ്രദായം ആണ് കേരളത്തിൽ നടപ്പാക്കിയിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും ഉപയോക്താക്കൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതൽ നിരക്ക് ഈടാക്കാൻ കഴിയുന്ന നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ് സംവിധാനങ്ങളിലേക്ക് മാറിയെങ്കിലും ഇവിടെ അതിനു തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

The current billing method will continue in rooftop solar project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com