ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ: വിഭജനം അന്തിമ ഘട്ടത്തിലേക്ക്

Mail This Article
ദുബായ്∙ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും (ജിസിസി) ബിസിനസുകൾ വിഭജിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാകും. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ ക്യാപ്പിറ്റലിന്റെ നേതൃത്വത്തിൽ ആസ്റ്ററിന്റെ ജിസിസി ബിസിനസുകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിക്ഷേപകരുടെ കൺസോർഷ്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെയും ജിസിസിയിലെയും ബിസിനസുകൾ രണ്ടാക്കുന്നതിന് കഴിഞ്ഞ നവംബറിൽ എടുത്ത തീരുമാനത്തിനു കോർപറേറ്റ് അനുമതികൾ ലഭിച്ചു. ജിസിസി ബിസിനസിൽ 65% ഓഹരികൾ ഫജർ ക്യാപ്പിറ്റലിനായിരിക്കും. 35% മൂപ്പൻ കുടുംബം കൈവശം വയ്ക്കും.
യുഎഇ, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലെ സർക്കാർ തല അന്തിമാനുമതി ഫജറിനു ലഭിച്ചതായി അധികൃതർ അറിയിച്ചു. വിഭജനത്തിനു മുൻപുള്ള ആസ്റ്ററിൽ ഓഹരി ഉടമകളായവർ ഇന്ത്യൻ സ്ഥാപനമായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലിമിറ്റഡിൽ തുടരും. വിഭജനം പൂർത്തിയാക്കുന്നതിനു പിന്നാലെ ഓഹരി ഉടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിക്കും. ഇന്ത്യയിലെ പ്രമോട്ടർമാർ കമ്പനിയിൽ അവരുടെ നിലവിലുള്ള ഓഹരി നിലനിർത്താനാണ് സാധ്യത. രണ്ട് കമ്പനികളായി മാറുന്നതോടെ ഇരു കമ്പനികൾക്കും നിക്ഷേപക അടിത്തറ വിപുലീകരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 2027 സാമ്പത്തിക വർഷത്തോടെ വിവിധ സ്ഥാപനങ്ങളിലായി 1500 കിടക്കകൾ കൂടി ആശുപത്രിയുടെ ഭാഗമാകും.