കെ.ബെജി ജോർജ് എച്ച്എൽഎൽ വിട്ട് റെയിൽവേ മന്ത്രാലയത്തിലേക്ക്

Mail This Article
തിരുവനന്തപുരം∙ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സിഎംഡി കെ.ബെജി ജോർജ് സ്ഥാനമൊഴിഞ്ഞ് റെയിൽവേ മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നു. കോവിഡ് കാലത്ത് ബിസിനസ് വൈവിധ്യവൽകരണത്തിലൂടെ 2021–22 സാമ്പത്തിക വർഷം 35,668. 67 കോടി രൂപയുടെ വിറ്റുവരവാണു എച്ച്എൽഎൽ നേടിയത്. 2016–17ലും 2017–18ലും നഷ്ടത്തിലായ കമ്പനിയെ ലാഭത്തിലാക്കിയതിന്റെ നേതൃത്വത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.
ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) ഉദ്യോഗസ്ഥനായ ബെജി ജോർജ്, സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് ട്രാഫിക് പ്ലാനിങ് മാനേജരായിരിക്കെയാണു 2019 മാർച്ചിൽ എച്ച്എൽഎൽ സിഎംഡിയായി ചുമതലയേറ്റത്. കമ്പനിയുടെ ലാഭം 2019–20ൽ 110 കോടി രൂപയായി.
കോവിഡ് കാലത്ത് ഇന്ത്യയിലാകെ ആരോഗ്യ പരിപാലന സാമഗ്രികൾ സംഭരിച്ചു വിതരണം ചെയ്യാനുള്ള ദൗത്യം കേന്ദ്രം ഏൽപിച്ചതു വഴിത്തിരിവായി. ലാഭം 2020–21ൽ 113 കോടിയും 2021–22ൽ 400 കോടിയുമായി ഉയർന്നു. 2020–2021ലെ 5081.31 കോടി രൂപയുടെ വിറ്റുവരവിൽ നിന്നാണു തൊട്ടടുത്ത വർഷം 35,668.67 കോടിയിലേക്കുള്ള വളർച്ച. യുഎൻ പോപ്പുലേഷൻ ഫണ്ടുമായി കരാറിലേർപ്പെട്ടതു വഴി എച്ച്എൽഎൽ ഉൽപന്നങ്ങൾ 87 രാജ്യങ്ങളിലെത്തി.