ADVERTISEMENT

പുതിയ സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കം. സംഭവബഹുലമായിരുന്ന 52 ആഴ്ചകൾക്കു ശേഷമാണ് ഇന്ന് ഓഹരി വിപണിയിൽ പുതുവർഷ പ്രതീക്ഷകളുമായി വ്യാപാരം പുനരാരംഭിക്കുന്നത്. ഇതും മുൻവർഷത്തെപ്പോലെ ജൈത്രയാത്രയുടേതാകുമെന്ന വിശ്വാസം ശക്തം. അതേസമയം, കടന്നുപോയ വർഷത്തിന്റെ ബാക്കിപത്രത്തിലെ ചില ബാധ്യതകളുടെ ഭാണ്ഡവും ഈ യാത്രയിൽ പേറേണ്ടതുണ്ട്.

നാഴികക്കല്ലുകൾ

നേട്ടങ്ങൾ ഏറെയായിരുന്നു. മുന്നേറ്റത്തിൽ ഏറ്റവും മുന്നിട്ടുനിന്ന വിപണികളിലൊന്നാകാൻ ഇന്ത്യയ്ക്കു സാധിച്ചു. ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യം 386.97 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 125 ലക്ഷം കോടി രൂപ. എല്ലാ പ്രമുഖ വില സൂചികകളിലും ഉയർച്ചയുണ്ടായി. സെൻസെക്സ് 14,659.83 പോയിന്റാണ് ഉയർന്നത്; നിഫ്റ്റി 4,967.15 പോയിന്റും. സെൻസെക്സിലെ വാർഷിക നേട്ടം 24.85%; നിഫ്റ്റി കൈവരിച്ചത് 28.61%. വൻകിട ഓഹരികളിൽ പലതും ഇരട്ട അക്കത്തിലുള്ള നേട്ടം നിക്ഷേപകർക്കു സമ്മാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളാകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണു കയ്യടക്കിയത്. ചില്ലറ നിക്ഷേപകർ അഭൂതപൂർവമായ അളവിൽ വിപണിയിലേക്കു പ്രവഹിച്ചു. ആഭ്യന്തര ധനസ്ഥാപനങ്ങൾ വിപണിക്കു വലിയ പിന്തുണ നൽകി. വിദേശ ധനസ്ഥാപനങ്ങളുടെ പിന്തുണയും ഗണ്യമായിരുന്നു. കമ്പനികളിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ വിപണിക്ക് അതിരറ്റ ആത്മവിശ്വാസമേകുകയും ചെയ്തു.

ബാധ്യതകൾ

പുതിയ സാമ്പത്തിക വർഷം പരിഹാരമുണ്ടാകേണ്ട ബാധ്യതകളിൽ പ്രധാനം ചെറുകിട, ഇടത്തരം ഓഹരികളെ സംശയത്തിന്റെ നിഴലിൽനിന്നു മോചിപ്പിക്കുക എന്നതാണ്. ഇവയുടെ അസാധാരണ ഉയർച്ചയിൽ സെബി ഉൾപ്പെടെ ഉന്നയിച്ച ആശങ്ക ദൂരീകരിച്ചു നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കണം. ഹിൻഡൻബർഗ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിക്ഷിപ്ത താൽപര്യത്തോടെയുള്ള പ്രചാരണങ്ങളുടെ പേരിൽ അടിപതറാതിരിക്കാനുള്ള പക്വത വിപണിക്കുണ്ടാകണം. ദൈനംദിന വ്യാപാരത്തിൽ വിദേശ വിപണികളെ ന്യായീകരിക്കാനാകാത്ത തരത്തിൽ അനുകരിക്കുന്ന അനഭിലഷണീയ പ്രവണതയ്ക്കു വിരാമമുണ്ടാകുകയും വേണം.

പ്രതീക്ഷകളിൽ പ്രസരിപ്പ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന വ്യാപാരദിനത്തിൽ നിഫ്റ്റി 22,326.90 പോയിന്റിലാണു ‘ക്ലോസ്’ ചെയ്തത്. വ്യാപാരം അവസാനിക്കുമ്പോൾ വിപണിയിൽ നിറഞ്ഞുനിന്നതു വലിയ തോതിലുള്ള പ്രസരിപ്പാണ്. അതിന്റെ തുടർച്ച സമീപ ദിനങ്ങളിലും പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പു കാലമാണെങ്കിലും അനിശ്ചിതത്വത്തിന്റെ ആശങ്ക വിപണിയെ ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പു ഫലം ‘ഡിസ്കൗണ്ട്’ ചെയ്തുകഴിഞ്ഞ മട്ടിലാണു വിപണി. കോർപറേറ്റ് മേഖലയിൽനിന്നു സമീപ ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന പ്രവർത്തന ഫലങ്ങളിൽ വിപണിക്കു വലിയ തോതിലുള്ള പ്രതീക്ഷയാണുള്ളത്. 2024 – ’25ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5% ആയിരിക്കുമെന്നായിരുന്നു റേറ്റിങ് ഏജൻസിയായ എസ് & പിയുടെ അനുമാനം. അതിപ്പോൾ 6.8%ലേക്ക് ഉയർത്തിയിട്ടുണ്ടെന്നതും വിപണിക്കു പ്രോത്സാഹനാമാകും.

പലിശ നയം 5ന്

ഈ ആഴ്ച വിപണിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പലിശ നയ പ്രഖ്യാപനമായിരിക്കും. നിരക്കു നിർണയ സമിതിയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗം മൂന്നു മുതൽ അഞ്ചു വരെയാണ്. പണലഭ്യതയുടെ തോതിലെ വർധനയായിരിക്കും സമിതിയുടെ തീരുമാനത്തിനു പ്രധാന മാനദണ്ഡമാകുക എന്നു കരുതുന്നു. തെരഞ്ഞെടുപ്പു കാലമായതുകൊണ്ടും മറ്റും  പണലഭ്യതയുടെ നില ഭദ്രമാണിപ്പോൾ.  

English Summary:

Market Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com