ADVERTISEMENT

കാർഷികോൽപന്ന വിപണിയിൽ ഇത് ആശ്വാസകാലം. കൊക്കോ വില അനുദിനമെന്നോണം റെക്കോർഡ് തിരുത്തി മുന്നേറുന്നു. കാപ്പി വില റെക്കോർഡിൽ. കുരുമുളകിനു ദിവസേന വില ഉയരുന്നു. ആലസ്യത്തിലേക്ക് ഒതുങ്ങിയേക്കുമെന്ന സംശയത്തിന്റെ നിരാകരണമെന്നോണം റബർ വിലയിൽ മുന്നേറ്റ സാധ്യത തെളിയുന്നു. കേരോൽപന്ന വിപണിയിലും പ്രകടമാകുന്നതു ശുഭപ്രതീക്ഷകൾ.

കൊക്കോ മുന്നേറ്റം

രാജ്യാന്തര വിപണിയിൽ കൊക്കോ വിലയിലെ കുതിപ്പിന് അടുത്തെങ്ങും വിരാമമാകുമെന്നു കരുതാനാകുന്നില്ല. ലോകത്തു മറ്റൊരു കാർഷികോൽപന്നത്തിനും കഴിയാത്ത നേട്ടം കൈവരിച്ചിട്ടും കരുത്തു ചോരാതിരിക്കാൻ സഹായിക്കുന്നതു കടുത്ത ക്ഷാമമാണ്. 40 വർഷത്തിനിടയിലെ ആദ്യാനുഭവമാണിത്. ഐവറി കോസ്‌റ്റിൽ ഏതാനും ദിവസത്തിനകം നടക്കാനിരിക്കുന്ന ഇടക്കാല വിളവെടുപ്പ്, ക്ഷാമപരിഹാരത്തിനു തീരെ മതിയാകില്ലെന്നു നിരീക്ഷകർ വിലയിരുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണു വിലക്കയറ്റം തുടരുമെന്ന് അനുമാനിക്കുന്നത്. ക്ഷാമം ഒരു വർഷത്തിലേറെ നീളാനാണു സാധ്യത.

വിളവെടുപ്പിന്റെ കാലമല്ലല്ലോ ഇത് എന്ന വിഷമത്തിലാണെങ്കിലും സംസ്‌ഥാനത്തെ വിപണിയിൽ രാജ്യാന്തര വിലക്കയറ്റത്തിന്റെ സ്വാധീനം അനുഭവപ്പെടുന്നുണ്ട്. ഉണക്ക കൊക്കോയുടെ ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില കിലോഗ്രാമിന് 680 രൂപയാണ്. ഇതു റെക്കോർഡ് നിലവാരമാണെന്നു മാത്രമല്ല മുൻ വർഷത്തെ പരമാവധി വിലയെക്കാൾ 172% കൂടുതലുമാണ്. കഴിഞ്ഞ വർഷത്തെ പരമാവധി വില 250 രൂപയായിരുന്നു.

കാപ്പി വിപണി ഉഷാർ

രാജ്യാന്തര വിപണിയിൽ കാപ്പി വില 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നുവെന്നു ലണ്ടനിൽനിന്നു റിപ്പോർട്ടുണ്ട്. പ്രമുഖ ഉൽപാദക രാഷ്‌ട്രങ്ങളിലെ ഉൽപന്ന ക്ഷാമമാണു കൊക്കോയുടെ കാര്യത്തിലെന്നപോലെ കാപ്പി വിലയ്‌ക്കും നേട്ടം സമ്മാനിക്കുന്നത്. ലണ്ടനിലെ ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ റൊബസ്‌റ്റ കാപ്പിയുടെ മേയ് അവധി വില ടണ്ണിനു 3569 യുഎസ് ഡോളറിലെത്തി. അറബിക്ക ഇനത്തിന്റെ  മേയ് അവധി വിലയിലും വലിയ വർധനയാണു കണ്ടത്. കേരളത്തിൽ കാപ്പി വില സർവകാല ഔന്നത്യം കൈവരിച്ചിരിക്കുകയാണ്. 

വിദേശത്തുനിന്നുള്ള ഡിമാൻഡാണു കാരണം. കൽപറ്റ വിപണിയിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിനു 32,500 രൂപയിലെത്തി. കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ വില 31,500 മാത്രമായിരുന്നു. ഒരാഴ്‌ചയ്‌ക്കിടയിൽ 1000 രൂപയുടെ വർധന. ഉണ്ട കാപ്പി വില ക്വിന്റലിനു 19,500 രൂപയിലെത്തിയിട്ടുണ്ട്. 54 ക്വിന്റലിന്റെ ചാക്ക് അടിസ്‌ഥാനത്തിലുള്ള വില 10,000 – 10,500 രൂപ.

കഴിഞ്ഞ ജൂണിൽ  കാപ്പി പരിപ്പിനു വില 25,000 രൂപയിലെത്തിയതാണു നിലവിലുണ്ടായിരുന്ന റെക്കോർഡ്. ആ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ ഇപ്പോഴത്തെ വില വർധന 30 ശതമാനമാണ്.

കുതിപ്പു തുടർന്ന് കുരുമുളക്

കുരുമുളകു വിപണിയിൽ മാർച്ച് 22ന് ആരംഭിച്ച കുതിപ്പു തുടരുന്നതാണു കഴിഞ്ഞ ആഴ്‌ചയിലും കണ്ടത്. വില 2000 രൂപ വർധിച്ചു. ആഴ്‌ചയുടെ തുടക്കത്തിൽ 52,800 രൂപയായിരുന്നു ഗാർബിൾഡ് ഇനത്തിന്റെ വില. വാരാന്ത്യത്തോടെ വില 54,800 രൂപയിലെത്തി. അൺഗാർബിൾഡിന്റെ വില 50,800 ൽ നിന്ന് 52,800 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്.

റബർ വിപണിയിൽ വിലക്കയറ്റ പ്രതീക്ഷ

ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്‌ചയിലെ ആദ്യ മൂന്നു ദിവസവും റബർ വില മുന്നോട്ടായിരുന്നെങ്കിലും പിന്നീടു പടിയിറക്കമാണു കണ്ടത്. അതേസമയം, കൊച്ചി വിപണിയിൽ ആർഎസ്‌എസ് – 4 ഇനത്തിന്റെ വില 18,200 രൂപയിൽ മാറ്റമില്ലാതെ നിലക്കൊണ്ടു. ആർഎസ്‌എസ് – 5 ഇനത്തിന്റെ വിലയാകട്ടെ 100 രൂപ വർധനയോടെ 17,900 നിലവാരത്തിലെത്തുന്നതും കണ്ടു. വിപണിയുടെ ദൃഢീകരണമായി ഈ സാഹചര്യത്തെ വിലയിരുത്തിയാൽ വിലനിലവാരം ഉയരാനാണു സാധ്യത. ഏപ്രിൽ – മേയ് കാലയളവിൽ ആഗോളതലത്തിൽ റബർ ക്ഷാമം വർധിച്ചേക്കുമെന്ന ആശങ്കയാണുള്ളത്. സംസ്‌ഥാനത്താകട്ടെ ചൂടിനു കാഠിന്യം ഏറുന്ന സാഹചര്യത്തിൽ ഉൽപാദനം ദുർബലം. വിലയിൽ മുന്നേറ്റത്തിനാണു സാധ്യത എന്ന അനുമാനം ഈ അവസ്‌ഥയുടെ പശ്‌ചാത്തലത്തിലാണ്.

വെളിച്ചെണ്ണ വിലയിൽ 200 രൂപയുടെ വർധന

കൊച്ചിയിൽ വെളിച്ചെണ്ണ തയാർ വില 200 രൂപ ഉയർന്നു 14,500ൽ എത്തി. മില്ലിങ് ഇനത്തിന്റെ വിലയിലും സമാന വർധന. 15,000 രൂപയാണ് അവസാന വില. കൊപ്ര വില 9700 രൂപയായി. വിഷു പ്രമാണിച്ചുള്ള ഡിമാൻഡ് സമീപദിനങ്ങളിൽ വില കൂടുതൽ മെച്ചപ്പെടാൻ സഹായകമായേക്കുമെന്നു വിപണിയുമായി ബന്ധപ്പെട്ടവർ കരുതുന്നു.

പച്ചത്തേങ്ങ വിലയിൽ വ്യത്യാസം അനുഭവപ്പെട്ടില്ലെന്നാണു വടകരയിൽനിന്നുള്ള റിപ്പോർട്ട്. 3000 രൂപയായിരുന്നു കഴിഞ്ഞ ആഴ്‌ചയിലെ നിലവാരം.

English Summary:

Product market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com