വ്യവസായത്തിന് സുരക്ഷയൊരുക്കി അമേരിക്കൻ മലയാളിയുടെ പാലക്കാടൻ സ്റ്റാർട്ടപ്പ്, വിറ്റുവരവ് പത്തു ലക്ഷം ഡോളറിനരികെ
Mail This Article
അമേരിക്കൻ മലയാളിയായ രഞ്ജിത്ത് ആൻ്റണിയും സുഹൃത്തുക്കളും ചേർന്ന് 2013ൽ അദ്ദേഹത്തിൻ്റെ ജന്മനാടായ പാലക്കാട് ആസ്ഥാനമായി പെർലിബ്രൂക്ക് ലാബ്സ് എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുമ്പോൾ അവരുടെ ചിന്ത ഒരു പ്രോആക്റ്റീവ് വീഡിയോ മാനേജ്‌മെൻ്റ് സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുക എന്നതായിരുന്നു. ക്യാമറയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലുള്ള വർഷങ്ങളുടെ അനുഭവപരിചയമായിരുന്നു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനുള്ള ആൻറണിയുടെ ഏറ്റവും വലിയ കരുത്ത്. പക്ഷെ അവർ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. പല ഉപഭോക്താക്കൾക്കും സോഫ്റ്റ്‌വെയർ വിൽക്കണമെങ്കിൽ സർവറുകൾ ഉൾപ്പെടെ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കേണ്ടിവന്നു. ഇത് കമ്പനിക്ക് അപ്രതീക്ഷിത ചെലവുകൾ വരുത്തി. അങ്ങനെയിരിക്കെ കോവിഡ് ലോകത്തെ പിടിച്ചുകുലുക്കി. മഹാമാരി സ്പർശനം ഒഴിവാക്കാവുന്ന സംവിധാനങ്ങളുടെ ഒരു പുതിയ വിപണി തുറന്നു. അങ്ങനെ പെർലിബ്രൂക്ക് ഒരു പുതിയ അവസരം കണ്ടെത്തി.
ആൻ്റണിയും സംഘവും തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് ഒരു ഹാർഡ്‌വെയർ രൂപം നൽകുകയും നിലവിലുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സ്ഥാപനങ്ങൾക്ക് സന്ദർശകരെ നിയന്ത്രിക്കാനാവുന്ന ഒരുപകരണം നിർമ്മിക്കുകയും ചെയ്തു. ആളുകളുടെ മുഖം തിരിച്ചറിയാനും മനുഷ്യരുടെ സാന്നിധ്യം മനസിലാക്കാനും ആ സംവിധാനത്തിന് കഴിഞ്ഞിരുന്നു. പക്ഷെ യഥാർത്ഥ ട്വിസ്റ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു സിനിമ രംഗം പോലെയാണ് അത് സംഭവിച്ചത്.
"ഞങ്ങൾ ഈ പുതിയ ഉല്പന്നവുമായി ഒരു ഉപഭോക്താവിന്റെ അടുത്ത് പോയി. അദ്ദേഹം അത് നന്നായി നിരീക്ഷിച്ചു. എന്നിട്ട് അടിയന്തിര സാഹചര്യമുണ്ടായാൽ ഒരു ഫോർക്ക് ലിഫ്റ്റ് നിർത്താൻ അതുപകരിക്കുമോയെന്ന് ചോദിച്ചു. പറ്റും എന്ന് പറയാനേ എനിക്ക് തോന്നിയുള്ളൂ. അപ്പോൾ തന്നെ ഒരു ഫോർക്ക് ലിഫ്റ്റെത്തിക്കുകയും ഒരു കയർ ഉപയോഗിച്ച് ഞങ്ങളുടെ ഉപകരണം അതിൽ ബന്ധിക്കുകയും ചെയ്തു. അത് പ്രവർത്തിക്കാനാവശ്യമായ റിലേ മൊഡ്യൂൾ അവിടെ വച്ചുതന്നെ തയാറാക്കി. എല്ലാം കൃത്യമായി വരികയും ഫോർക്ക് ലിഫ്റ്റ് കണക്കുകൂട്ടിയത് പോലെ നിൽക്കുകയും ചെയ്തു. ക്ലയന്റിന് സന്തോഷമായി. ഇതാണ് തങ്ങൾക്ക് വേണ്ടതെന്നും പറഞ്ഞു," ആന്റണി ഓർമ്മിക്കുന്നു. മെൽസൺ സഖറിയാസ് ആണ് കമ്പനിയുടെ സഹസ്ഥാപകൻ.
വ്യാവസായിക സുരക്ഷാ പരിഹാരം
അതോടെ കമ്പ്യൂട്ടർ വിഷൻ അധിഷ്‌ഠിത വ്യാവസായിക സുരക്ഷാ പരിഹാരങ്ങളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും 'ഫ്ലാഗ്മാൻ' എന്ന ഉൽപ്പന്നം പുറത്തിറക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള 75ലധികം ഉപഭോക്താക്കളുണ്ട് നിലവിൽ ഈ പാലക്കാടൻ സ്റ്റാർട്ടപ്പിന്. തങ്ങളുടെ എല്ലാ ഉപഭോക്താക്കളും ഫോർച്യൂൺ 500 കമ്പനികളാണെന്നും ആൻ്റണി പറഞ്ഞു.
ഫ്ലാഗ്മാൻ എന്നത് എഐ-പവേഡ് കമ്പ്യൂട്ടർ വിഷൻ അടിസ്ഥാനമാക്കിയുള്ള ഒരു വ്യാവസായിക സുരക്ഷാ ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമാണ്. ഇത് യന്ത്രങ്ങളുമായി ഇടപെടുമ്പോൾ മനുഷ്യർക്ക് പറ്റാവുന്ന പിഴവുകൾ കണ്ടെത്തുകയും അവയിലൂടെ സംഭവിക്കാവുന്ന അപകടങ്ങൾ തത്സമയം തടയുകയും ചെയ്യുന്നു. ഇതിന് ഇൻ്റർനെറ്റ് ആവശ്യമില്ല. ഫോർക്ക്ലിഫ്റ്റ് ക്രെയിനുകൾ, റീച്ച് ട്രക്കുകൾ തുടങ്ങിയ ചലിക്കുന്ന യന്ത്രങ്ങളിലും ഇത് ഫലപ്രദമാണ്, ” ആൻ്റണി പറഞ്ഞു.
ഫ്യൂച്ചർ ആക്‌സിലറേറ്റർ പ്രോഗ്രാമിൻ്റെ 2024ലെ ടെക്‌സ്‌റ്റാർ ഇൻഡസ്‌ട്രീസിലേക്ക് കമ്പനി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഈ നേട്ടം കൈവരിക്കുന്ന 10 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് പെർലിബ്രുക്. പരിപാടിയുടെ ഭാഗമായി കമ്പനിക്ക് ഒരു കോടി രൂപ നിക്ഷേപം ലഭിക്കും. സ്റ്റാർട്ടപ്പ് ചിലിയിൽ നിന്ന് ഗ്രാൻ്റായി ഒരു കോടി രൂപയും കമ്പനി നേടിയിട്ടുണ്ട്. നിക്ഷേപകരെ സജീവമായി തേടുന്നുമുണ്ട്.
പെർലിബ്രൂക്ക് ലാബ്‌സ് കഴിഞ്ഞ സാമ്പത്തിക വർഷം പത്തു ലക്ഷം ഡോളറിനടുത്ത് വിറ്റുവരവ് നേടി. ഈ സാമ്പത്തിക വർഷം പത്തു ലക്ഷം ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പനിക്ക് പാലക്കാട് റജിസ്റ്റർ ചെയ്ത ഓഫീസ് കൂടാതെ പാലാരിവട്ടത്തും കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കാമ്പസിലും മറ്റ് രണ്ട് ഓഫീസുകളുമുണ്ട്. പാലാരിവട്ടത്താണ് നിർമാണ യൂണിറ്റ്.
കേരളത്തിലെ ഇലക്‌ട്രോണിക് വിതരണ ശൃംഖലയുടെ കരുത്തുറ്റ വിപണി കമ്പനിക്ക് വലിയ സഹായമായെന്ന് ആൻ്റണി പറഞ്ഞു.