പവന് 51,280 കടന്നു! സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്?

Mail This Article
സ്വർണത്തിന്റെ പോക്ക് എങ്ങോട്ട് എന്നറിയാതെ ആഭരണ പ്രേമികൾ. സംസ്ഥാനത്ത് വീണ്ടും ഞെട്ടിച്ച് സ്വർണ വില. ഗ്രാമിന് 75 രൂപ വർധിച്ച് 6,410 രൂപയും പവന് 600 രൂപ വർധിച്ച് 51,280 രൂപയുമെന്ന സർവ കാല റെക്കോർഡിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 6,335 രൂപയിലും 50,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. രാജ്യാന്തര സ്വർണവില 2285 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. രാജ്യാന്തര സ്വർണവില കയറ്റം ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്. രാജ്യാന്തര വിപണിയിൽ 2024ൽ യുഎസ് ഫെഡ് മൂന്ന് തവണ പലിശ നിരക്കു കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ 2025 സാമ്പത്തിക വർഷത്തിലും സ്വർണ ത്തിന്റെ കുതിപ്പ് തുടർന്നേക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതേ സമയം സ്വർണത്തിലെ കുതിപ്പ് ജ്വല്ലറി ഓഹരികൾക്കൊപ്പം, സ്വർണപണയ ഓഹരികൾക്കും അനുകൂലമാണ്.