ഇൻഡിഗോയ്ക്ക് റിയാഫൈ സൃഷ്ടിച്ച ഡിജിറ്റൽ സഹായി
Mail This Article
കൊച്ചി ∙ ഇന്ത്യയിലെ മുൻനിര വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻ ടിക്കറ്റ് ബുക്കിങ് സേവനങ്ങൾക്കായി അവതരിപ്പിച്ച നിർമിത ബുദ്ധി (എഐ) അധിഷ്ഠിത വാട്സാപ് ഡിജിറ്റൽ അസിസ്റ്റന്റിനെ സൃഷ്ടിച്ചതു മലയാളി സ്റ്റാർട്ടപ്പായ റിയാഫൈ ടെക്നോളജീസ്. മനുഷ്യരെപ്പോലെ ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകൾ സംസാരിക്കാനും എഴുത്തു സന്ദേശങ്ങൾക്കു മറുപടി നൽകാനും കഴിയുന്ന ഡിജിറ്റൽ സഹായിയാണിത്. പ്രതിദിനം 3 ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്ന ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നതു 2,000 വിമാന സർവീസുകളാണ്.
ഡിജിറ്റൽ എംപ്ലോയീ
‘‘ഇൻഡിഗോയുടെ വാട്സാപ് നമ്പറിലാണ് ഈ സേവനം ലഭിക്കുന്നത്. എവിടേക്കാണു ടിക്കറ്റ് ആവശ്യമെന്നു പറയാം, വോയ്സ് ക്ലിപ് അയയ്ക്കാം, ടെക്സ്റ്റ് ചെയ്യാം. കസ്റ്റമർ കെയർ ജീവനക്കാരെപ്പോലെ തന്നെ ഈ ‘ഡിജിറ്റൽ എംപ്ലോയീ’ സംസാരിക്കും. വിവരങ്ങൾ ചോദിച്ചറിയും. മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് റെഡി. മറ്റു പൊതുവായ വിവരങ്ങൾക്കും മറുപടി ലഭിക്കും. കസ്റ്റമറുടെ തിരക്കും സാഹചര്യവും മനസ്സിലാക്കി മനുഷ്യരെപ്പോലെ സഹാനുഭൂതിയോടെ സംസാരിക്കാൻ കഴിയുമെന്നതാണു പ്രത്യേകത.
ഭാവിയിൽ മലയാളം ഉൾപ്പെടെ സംസാരിക്കും. ’’– റിയാഫൈ സഹസ്ഥാപകൻ ജോസഫ് ബാബു പറയുന്നു. ‘6ESkai’ എന്നാണ് എഐ അധിഷ്ഠിത ട്രാവൽ അസിസ്റ്റന്റിന് ഇൻഡിഗോ നൽകിയ പേര്.
പങ്കാളി ഗൂഗിൾ
ഗൂഗിളുമായി സഹകരിച്ചു റിയാഫൈ വികസിപ്പിച്ച ‘ജെൻ എഐ ടെക് – ആർ10’ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇൻഡിഗോയുടെ ട്രാവൽ അസിസ്റ്റന്റിനെ വികസിപ്പിച്ചത്. 6 സുഹൃത്തുക്കൾ ചേർന്നു 2013 ൽ കൊച്ചിയിൽ ആരംഭിച്ച റിയാഫൈയുടെ സിഇഒ ജോൺ മാത്യുവാണ്. ജോസഫ് ബാബു, നീരജ് മനോഹരൻ, കെ.വി.ശ്രീനാഥ്, ബെന്നി സേവ്യർ, ബിനോയ് ജോസഫ് എന്നിവരാണു സഹസ്ഥാപകർ. റിയാഫൈ ആപ്പുകൾ ഉപയോഗിക്കുന്നത് 7.5 കോടിയിലേറെ ഉപയോക്താക്കളാണ്.