കണ്ടെയ്നർ നീക്കത്തിൽ ഒന്നാമതെത്തി വല്ലാർപാടം

Mail This Article
കൊച്ചി ∙ മാർച്ചിലെ കണ്ടെയ്നർ നീക്കത്തിൽ ദക്ഷിണേന്ത്യയിലെ ടെർമിനലുകളെ പിന്നിലാക്കി വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിന്റെ കുതിപ്പ്. 10 ടെർമിനലുകളിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ മാസം കൈകാര്യം ചെയ്തത് 75370 ടിഇയു (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ. ഏറ്റവും കൂടുതൽ കപ്പലുകളെത്തിയതും വല്ലാർപാടത്തു തന്നെ; 65. ഫെബ്രുവരിയിലും മികച്ച പ്രകടനമാണു നടത്തിയത്. കൈകാര്യം ചെയ്തത് 75,141 ടിഇയു കണ്ടെയ്നറുകൾ.
അദാനി പോർട്സിനു കീഴിലുള്ള ചെന്നൈ എന്നോർ കാട്ടുപ്പള്ളി ടെർമിനൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണു നടത്തിയത്. 39 കപ്പലുകളാണ് എത്തിയതെങ്കിലും 73,509 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായി. ഡിപി വേൾഡിന്റെ തന്നെ ചെന്നൈ ടെർമിനലാണു മൂന്നാമത്. 64,787 ടിഇയു കണ്ടെയ്നറുകളും 27 കപ്പലുകളും. നാലാം സ്ഥാനത്തുള്ളതു പിഎസ്എ ഓപ്പറേറ്റ് ചെയ്യുന്ന ചെന്നൈ ഇന്റർനാഷനൽ ടെർമിനൽ; 34 കപ്പലുകളെത്തി. കൈകാര്യം ചെയ്തത് 64,224 ടിഇയു കണ്ടെയ്നറുകൾ. തൂത്തുക്കുടിയിലെ ഡിബിജിടി െടർമിനലിൽ 32 കപ്പലുകളെത്തി, 63,773 കണ്ടെയ്നറുകളും.
ദക്ഷിണേന്ത്യയിലെ പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി വല്ലാർപാടം മാറുന്നതിന്റെ സൂചനയാണു ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രകടനം. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ നാടുകളുമായി ബന്ധിപ്പിക്കുന്ന മെയിൻ ലൈൻ സർവീസുകളാണു ടെർമിനലിന്റെ ആകർഷണം.