ADVERTISEMENT

കഴിഞ്ഞ ആഴ്‌ച ഉൽപന്ന വിപണിയിൽ ഏറ്റവും ഉഷാറായി വില കത്തിക്കയറിയതു കാപ്പിക്ക്. രാജ്യാന്തര വിപണിയിൽ മാത്രമല്ല ആഭ്യന്തര വിപണിയിലും സമാന മുന്നേറ്റം. ന്യൂയോർക്ക് ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ റൊബസ്‌റ്റ കാപ്പിയുടെ മേയ് അവധി വില ടണ്ണിനു 3849 യുഎസ് ഡോളറിലേക്ക് ഉയരുന്നതു കണ്ടു. 2008നു ശേഷം ആദ്യമാണ് ഇത്രയും ഉയർന്ന വില.

ഉൽപാദനത്തിൽ ഒന്നാം സ്‌ഥാനമുള്ള വിയറ്റ്‌നാമിലെ കടുത്ത വരൾച്ച മൂലം ഉൽപന്ന ലഭ്യത നന്നേ കുറഞ്ഞതാണു കാരണം. 2023 – ’24ലെ ഉൽപാദനം 20% കുറഞ്ഞിട്ടുണ്ടെന്നു കണക്കാക്കുന്നു. ബ്രസീൽ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കുന്നതോടെ ലഭ്യത കൂടിയേക്കാം. എന്നാൽ ഇന്തൊനീഷ്യയിലെ വിളവെടുപ്പു മേയ് അവസാന വാരത്തിലേക്കോ ജൂണിലേക്കോ നീണ്ടുപോയേക്കുമോ എന്നു സംശയമുണ്ട്. അങ്ങനെയെങ്കിൽ ഉയർന്ന വില നിലവാരം തുടരും.

ആഭ്യന്തര വിപണിയിലും റെക്കോർഡ് മുന്നേറ്റമാണ് അനുഭവപ്പെടുന്നത്. കർഷകർ ഉൽപന്നം പിടിച്ചുവച്ചിരിക്കുന്നതും വിപണിയിലെ ലഭ്യതക്കുറവിനു കാരണമാണ്. ലഭ്യതക്കുറവു മൂലം കയറ്റുമതി വ്യാപാരികളാണു പ്രതിസന്ധിയിലായിരിക്കുന്നത്. അവർക്കു കരാർ ബാധ്യതകൾ നിറവേറ്റാനാകുന്നില്ല. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ മൂല്യം 10,500 കോടി രൂപയിലെത്തിയിരുന്നു. ഇതു റെക്കോർഡാണ്.

കൽപറ്റ വിപണിയിൽ കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിന് 32,500 രൂപ മാത്രമായിരുന്നു. വാരാന്ത്യത്തോടെ വില 35,000 രൂപയായി. 7.2% വർധന. കാപ്പി ഉണ്ട വില ചാക്കൊന്നിന് (54 കിലോഗ്രാം) 10,800 രൂപയിലെത്തി. വർധന 800 രൂപ. ജനുവരി അവസാനം കാപ്പി പരിപ്പിന്റെ വില ക്വിന്റലിന് 26,700 രൂപ മാത്രമായിരുന്നു. 10 വർഷത്തിനിടയിൽ വില വർധിച്ചതു 118.75 ശതമാനമാണ്. 2014 ൽ വില 16,000 രൂപ മാത്രമായിരുന്നു.

തേയില വിലയിലും വർധന
കൊടുംചൂടു കാരണം തേയില വിപണിയിലേക്ക് ഉൽപന്ന വരവു കുറഞ്ഞിരിക്കുകയാണ്. ഉത്തരേന്ത്യയിലെ ഉൽപാദനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 35 മുതൽ 50% വരെ ഇടിവുണ്ടെന്നാണ് അനുമാനം. ഉത്തരേന്ത്യൻ ലേല കേന്ദ്രങ്ങളിൽനിന്ന് ആവശ്യത്തിനു ചരക്കു ലഭിക്കാത്തതിനാൽ വ്യാപാരികൾ കൊച്ചി ലേല കേന്ദ്രത്തെ കൂടുതലായി ആശ്രയിക്കുന്നു. കയറ്റുമതി ഡിമാൻഡിലും വർധന അനുഭവപ്പെടുന്നു. ഇക്കാരണങ്ങളാൽ കഴിഞ്ഞ ആഴ്‌ച കൊച്ചിയിൽ ഓർത്തഡോക്‌സ് ഇനം തേയില വില മെച്ചപ്പെട്ടു. സെയിൽ 14ന് എത്തിയ 1,71,758 കിലോ ഗ്രാമിൽ 93 ശതമാനവും വിൽപനയായി.

കുരുമുളകിന് ഗണ്യമായ നേട്ടം
കുരുമുളകു വിപണിയിൽ രണ്ട് ആഴ്‌ചയിലേറെയായി വില മുന്നേറ്റത്തിലാണ്. കടന്നുപോയ വ്യാപാരവാരത്തിന്റെ തുടക്കത്തിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില 55,200 രൂപയായിരുന്നു. 55,900 വരെ പിന്നീടു വില ഉയർന്നു. എന്നാൽ വാരാന്ത്യ നിലവാരം 55,600 രൂപയായിരുന്നു. അൺഗാർബിൾഡിന്റെ വില 53,200 ൽനിന്ന് 53,600 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച 234 ടൺ കുരുമുളകു കൊച്ചി വിപണിയിൽ വിൽപനയ്‌ക്കെത്തി. ഇതിൽ നല്ല പങ്കും കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നായിരുന്നു എന്നതാണു കേരളത്തിലെ കർഷകർ ശ്രദ്ധിക്കേണ്ട കാര്യം.

കേരളത്തിൽ വിളവെടുപ്പു പൂർത്തിയായെന്നാണ് അറിയുന്നത്. ഉൽപാദനത്തിൽ മുൻനിരസ്‌ഥാനമുള്ള വിയറ്റ്‌നാമിലും വിളവെടുപ്പു പൂർത്തിയായിട്ടുണ്ടെന്ന് അറിയുന്നു. ഉൽപാദനം കുറഞ്ഞതിനാൽ അവിടെ വിളവെടുപ്പു പതിവിലും നേരത്തെയാണ് അവസാനിച്ചിരിക്കുന്നത്. ഉൽപാദനത്തിൽ 15 – 20 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഇത് അവിടെനിന്നുള്ള കയറ്റുമതിയെ ബാധിച്ചേക്കാം. അതിന്റെ നേട്ടം ഇന്ത്യൻ വിപണിക്കാണ്. അവിടെനിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിനും ശമനമുണ്ടാകും.

കുതിപ്പു തുടർന്ന് കൊക്കോ
രാജ്യാന്തര വിപണിയിൽ കൊക്കോ വിലയിലെ കുതിപ്പു തുടരുന്നതായാണു റിപ്പോർട്ട്. വിപണിയിലെ ലഭ്യത പേരിനു മാത്രമായ കേരളത്തിലും വില മേലോട്ടുതന്നെ. ഉണക്ക കൊക്കോയുടെ വില കിലോഗ്രാമിന് 800 രൂപ വരെ എത്തിയതായി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽനിന്നു റിപ്പോർട്ടു ലഭിച്ചു. ഇതു റെക്കോർഡ് നിലവാരമാണ്. ഉണങ്ങാത്ത കൊക്കോ അരിക്കു വില 200 – 250 നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റേതുൾപ്പെടെ ജില്ലയിലെ പല റബർ തോട്ടങ്ങളിലും ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്നുണ്ട്.

വെളിച്ചെണ്ണയ്‌ക്കും കൊപ്രയ്‌ക്കും പ്രിയം
വിഷു പ്രമാണിച്ചുള്ള ആവശ്യത്തിലെ വർധന വെളിച്ചെണ്ണ വിലയെ ഉയരങ്ങളിലേക്കു നയിക്കുന്നു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ തയാർ വില കഴിഞ്ഞ ആഴ്‌ച 300 രൂപയുടെ വർധനയാണു രേഖപ്പെടുത്തിയത്. ആഴ്‌ചയുടെ തുടക്കത്തിൽ 14,600 രൂപയായിരുന്നു വില. വാരാന്ത്യ വില 14,900 രൂപ. മില്ലിങ് ഇനത്തിന്റെ വില 15,100ൽ നിന്നു 15,400 രൂപയിലേക്ക് ഉയർന്നു. കൊപ്ര എടുത്തപടി 9700 രൂപയായിരുന്നത് 9900 നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. പച്ചത്തേങ്ങ വില 3050 രൂപയിൽ ആരംഭിച്ചു 3100 വരെ ഉയർന്നതായാണു വടകര വിപണിയിൽനിന്നുള്ള റിപ്പോർട്ട്.

റബർ വില മടിച്ച് മടിച്ചു മുന്നോട്ട് 
ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്‌ചയിലെ എല്ലാ ദിവസവും റബർ വില താഴോട്ടായിരുന്നു. ആർഎസ്‌എസ് – 4 ഇനത്തിന്റെ വില 20,657 രൂപ വരെ താഴ്ന്നു. ഒരാഴ്ചയിലെ ഇടിവ് 634 രൂപ. ആർഎസ്‌എസ് – 5 ഇനത്തിന്റെ വില 633 രൂപയുടെ ഇടിവോടെ 20,555 വരെ താഴ്ന്നു. 

ബാങ്കോക്ക് വിപണിയിലെ മടുപ്പിന്റെ ആവർത്തനം അതേപടി ആഭ്യന്തര വിപണിയിൽ അനുഭവപ്പെട്ടില്ലെങ്കിലും മുന്നേറ്റത്തിൽ ആലസ്യമാണു പ്രകടമായത്. കൊച്ചി വിപണിയിൽ ആർഎസ്‌എസ് – 4 ഇനത്തിന്റെ വില 18,250 രൂപയിൽനിന്നു 18,500 വരെ ഉയർന്നെങ്കിലും പിന്നീടു 18,400 നിലവാരത്തിലേക്കു താഴ്ന്നു. ആർഎസ്‌എസ് – 5 ഇനത്തിന്റെ വില 18,150 വരെ ഉയർന്ന ശേഷം 18,100 നിലവാരത്തിലാണ് അവസാനിച്ചത്.

English Summary:

Product market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com