സ്വർണക്കടത്ത്: 287 കോടി രൂപ

Mail This Article
കൊച്ചി∙ സ്വർണ വിലയിലെ വൻ വർധനയും മഞ്ഞലോഹത്തിനുള്ള ഉയർന്ന ഡിമാൻഡും കേരളത്തിലേക്കുള്ള സ്വർണ കള്ളക്കടത്തിലുണ്ടാക്കിയതു മുൻപെങ്ങുമില്ലാത്ത വർധന. 2023–2024 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയതു 485.57 കിലോ ഗ്രാം സ്വർണം. 287.76 കോടി രൂപ വിലവരും ഇതിന്.
വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയുമുള്ള സ്വർണക്കടത്തു തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് ആവർത്തിക്കുമ്പോഴും കടത്തു നിർബാധം തുടരുകയാണ്. കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടാതെ പോകുന്ന കടത്തു വിമാനത്താവളങ്ങൾക്കു പുറത്തു മറ്റു വിഭാഗങ്ങൾ പിടികൂടുന്ന സംഭവങ്ങളുമുണ്ട്.
സ്വർണത്തിനു പുറമെ വിവിധ ബ്രാൻഡുകളിലുള്ള 3.63 കോടി രൂപയുടെ വിദേശ സിഗരറ്റുകൾ, 2.56 കോടിയുടെ വിദേശ കറൻസികൾ, 1.26 കോടി രൂപ വിലമതിക്കുന്ന 56 ഐ ഫോണുകൾ, 52.6 ലക്ഷം രൂപ വിലമതിക്കുന്ന 40 കിലോഗ്രാം കുങ്കുമപ്പൂ തുടങ്ങിയവയും ഡിആർഐ ഉദ്യോഗസ്ഥരുടെ കൂടെ സഹായത്തോടെ പിടിച്ചെടുത്തതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു.
കള്ളക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം നൽകിയവർക്ക് 2023-2024 സാമ്പത്തിക വർഷത്തിൽ 107 കോടി രൂപയാണു സമ്മാനമായി വിതരണം ചെയ്തതെന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ.പത്മാവതി അറിയിച്ചു.
സ്വർണക്കടത്ത് പലതരത്തിൽ
പല തരത്തിലും രൂപത്തിലുമാണു സ്വർണക്കടത്തു നടക്കുന്നത്. പേസ്റ്റ്, പൊടി എന്നിവയാക്കിയാണു കൂടുതൽ കടത്തും. വാച്ച്, ഗ്രൈൻഡർ, ഡ്രിമ്മർ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയിലും ശരീരത്തിലും വസ്ത്രം, ഷൂസ്, ബെൽറ്റ് എന്നിവയിലുൾപ്പെടെ ഒളിപ്പിച്ചും സ്വർണം കടത്തുന്നു.