ADVERTISEMENT

ഇസ്രയേൽ – ഇറാൻ സംഘർഷം മൂർച്‌ഛിച്ചേക്കാനുള്ള സാധ്യത തേയില വിപണിയിൽ ആശങ്ക പരത്തുന്നു. കയറ്റുമതി തടസ്സപ്പെട്ടേക്കുമോ എന്ന ഭയം ശക്‌തമാകുകയാണ്. അതിനാൽ കഴിയുന്നത്ര വേഗം കയറ്റുമതി കരാർ പാലിക്കാനുള്ള തത്രപ്പാടിലാണു വ്യാപാരികൾ.

 സംഘർഷം മൂർച്‌ഛിച്ചാൽ കയറ്റുമതി തടസ്സപ്പെടുക മാത്രമല്ല, കടത്തുകൂലിയിൽ താങ്ങാനാവാത്ത വർധനയുണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തോടുള്ള ഭയത്തിന്റെ പ്രതിഫലനമാണു വിപണിയിൽ ഓർത്തഡോക്‌സ് ഇനം ഇലത്തേയിലയുടെ വ്യാപാരത്തിലെ വർധിത അളവിൽ കാണുന്നത്. 

  അതിവേഗം ബാധ്യത തീർക്കുകയാണു കയറ്റുമതി വ്യാപാരികളുടെ ലക്ഷ്യം. കൊച്ചി ലേല കേന്ദ്രത്തിൽ സെയിൽ 16ന് എത്തിയ 1,97,394 കിലോ ഗ്രാം തേയിലയുടെ 93 ശതമാനവും വിൽപനയാകുന്നതാണു കണ്ടത്. വിലയുടെ ശരാശരിയിൽ മുൻ വാരത്തെ അപേക്ഷിച്ചു 18.09 രൂപയുടെ വർധന അനുഭവപ്പെടുകയും ചെയ്‌തു.

  അതിനിടെ, ചില വൻകിട കമ്പനികൾ ഇറാനിലേക്കുള്ള തേയില കയറ്റുമതി തൽക്കാലത്തേക്കു നിർത്തിവയ്‌ക്കാൻ തീരുമാനിച്ചതായി കൊൽക്കത്തയിൽനിന്നു റിപ്പോർട്ടുണ്ട്. 

  സംഘർഷ മേഖലയിലേക്കു കപ്പലുകൾ അയയ്‌ക്കാൻ ഷിപ്പിങ് കമ്പനികൾ വിസമ്മതിക്കുന്നതാണു കാരണം. ഈ വർഷം ഇറാനിലേക്കു 400 – 450 ലക്ഷം ഓർത്തഡോക്‌സ് തേയില കയറ്റുമതി ചെയ്യാനായേക്കുമെന്ന വ്യാപാരികളുടെ പ്രതീക്ഷയ്‌ക്കാണ് ഇതുമൂലം മങ്ങലേറ്റിരിക്കുന്നത്. 

കാപ്പി റെക്കോർഡ് നിലവാരത്തിൽ

തേയില വിപണി ആശങ്കയിലാണെങ്കിൽ കാപ്പി വിപണി അത്യുത്സാഹത്തിലാണ്. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കാപ്പി വില അനുദിനം കത്തിക്കയറുന്നു. ഉൽപാദനത്തിൽ ഒന്നാം സ്‌ഥാനമുള്ള വിയറ്റ്‌നാമിലെ കടുത്ത വരൾച്ച ഉൽപന്ന ലഭ്യതയെ വലിയ അളവിലാണു ബാധിച്ചിരിക്കുന്നത്. വിയറ്റ്‌നാമിലെയും ഇന്തൊനീഷ്യയിലെയും കാപ്പി കർഷകർ വൻതോതിൽ ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ എന്നിവയുടെ ഉൽപാദനത്തിലേക്കു മാറിയതും രാജ്യാന്തര വിപണിയിൽ ലഭ്യത ചുരുങ്ങാൻ കാരണമായിട്ടുണ്ട്. ലഭ്യതയിലെ ഇടിവു വിലനിലവാരത്തെ ഉയർത്തുന്നു.

  ആഭ്യന്തര വിപണിയിലും ഇതു റെക്കോർഡ് മുന്നേറ്റത്തിന്റെ കാലം. കൽപറ്റ വിപണിയിൽ കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ കാപ്പി പരിപ്പിന്റെ വില ക്വിന്റലിന് 36,000 രൂപ മാത്രമായിരുന്നതു വാരാന്ത്യത്തോടെ 39,000 രൂപയിലെത്തി. എട്ടു ശതമാനത്തിലേറെയാണു വർധന. ജനുവരി അവസാനം മുതൽ ഇക്കഴിഞ്ഞ വാരാന്ത്യം വരെയുള്ള കാലയളവിൽ വിലയിലുണ്ടായ വർധന 46.07%. കാപ്പി ഉണ്ട വില ചാക്കൊന്നിന് (54 കിലോഗ്രാം) 11,500 രൂപയിലെത്തി. രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ 83 ശതമാനവും കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ വിഹിതമാണ്.

കൊക്കോ വിലയിലും നിലയ്‌ക്കാത്ത കയറ്റം

കാപ്പി വിപണിയിലെന്നപോലെ കൊക്കോ വിപണിയിലും തുടർച്ചയായി വില ഉയരങ്ങളിലേക്കു കുതിക്കുകയാണ്. ലണ്ടൻ ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ അവധി വില ടണ്ണിന് 9,477 പൗണ്ടിലേക്കു കുതിക്കുന്നതാണു കഴിഞ്ഞ ആഴ്‌ചയുടെ അവസാനത്തോടെ കണ്ടത്. ഇതു റെക്കോർഡ് നിലവാരമാണ്. ന്യൂയോർക്ക് ഇന്റർനാഷനൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 11,126 ഡോളറായിരുന്നു വില. കഴിഞ്ഞ വർഷം ഇതേസമയത്തെ വിലയെക്കാൾ 3000 ഡോളർ കൂടുതലാണിത്.

   കേരളത്തിലും വില റെക്കോർഡ് നിലവാരത്തിലാണ്. ലഭ്യത കുറവായതുമൂലം ചുരുക്കം കർഷകർക്കു മാത്രമേ ഉയർന്ന വിലയുടെ സന്തോഷം അനുഭവപ്പെടുന്നുള്ളൂ എന്നു മാത്രം. ഉണക്ക കൊക്കോ വില കിലോഗ്രാമിന് 900 രൂപ വരെ ഉയർന്നതായി കട്ടപ്പനയിൽനിന്നു റിപ്പോർട്ടുണ്ട്.

വെളിച്ചെണ്ണയ്‌ക്ക് 300 രൂപയുടെ വർധന

വെളിച്ചെണ്ണ വിപണിയിൽ വില നിലവാരം മെച്ചപ്പെട്ട ആഴ്‌ചയാണു കടന്നുപോയതെങ്കിലും പ്രതീക്ഷകൾക്ക് അനുസൃതമായ കയറ്റം കാണപ്പെട്ടില്ല. തയാർ വില 14,900 രൂപയിൽനിന്ന് 15,200 വരെ മാത്രമാണ് ഉയർന്നത്. മില്ലിങ് ഇനത്തിന്റെ വില 15,400 രൂപയായിരുന്നതു 15,700 നിലവാരത്തിലേക്ക് ഉയർന്നു. കൊപ്ര വില 10,000 രൂപയിലേക്ക് ഉയർന്നെങ്കിലും വർധിച്ചതു 100 രൂപ മാത്രം.

പച്ചത്തേങ്ങ വിലയിലാകട്ടെ കഴിഞ്ഞ ആഴ്‌ചയിലും വ്യത്യാസം അനുഭവപ്പെട്ടില്ലെന്നാണു വടകരയിൽനിന്നുള്ള റിപ്പോർട്ട്. 3100 രൂപയായിരുന്നു കഴിഞ്ഞ ആഴ്‌ചയിലും വില നിലവാരം. ഇക്കഴിഞ്ഞ ആറിന് അവസാനിച്ച വ്യാപാരവാരത്തിൽ വില 3050ൽനിന്നു 3100 നിലവാരത്തിലേക്ക് ഉയർന്നതിനു ശേഷം ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

കുരുമുളകിന് വിലയിടിവ്

കുരുമുളകു വിപണിക്കു കഴിഞ്ഞ വാരം വിലയിടിവിന്റേതായി. കൊച്ചി വിപണിയിൽ ഗാർബിൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 300 രൂപ ഇടിവോടെ 57,400 നിലവാരത്തിലെത്തി. അൺഗാർബിൾഡിന്റെ വില 55,700ൽനിന്ന് 55,400 നിലവാരത്തിലേക്കിറങ്ങി. 198 ടൺ വിൽപനയ്ക്കെത്തി. മുൻ ആഴ്ചയിലെക്കാൾ 52 ടൺ കൂടുതലാണിത്. 

റബർ വിപണിയിലും ഇടിവിന്റെ നാളുകൾ

രാജ്യാന്തര വിപണിയിൽ റബർ വില കുത്തനെ താഴുന്ന പ്രവണതയാണു കഴിഞ്ഞ ആഴ്‌ച കണ്ടത്. ആർഎസ്‌എസ് – 4 ഇനത്തിന്റെ വില 19,390 വരെ താഴ്‌ന്നു; ആർഎസ്‌എസ് – 5 ഇനത്തിന്റെ വാരാന്ത്യ വില 19,317 രൂപ.

കൊച്ചിയിൽ ആർഎസ്‌എസ് – 4 ഇനത്തിന്റെ വില 18,350ൽനിന്ന് 18,000 രൂപ വരെ താഴ്‌ന്നു; ആർഎസ്‌എസ് – 5 ഇനത്തിന്റെ വാരാന്ത്യ വില 17,700 രൂപ.

ജാതിക്ക വിലയും താഴോട്ട്

ജാതിക്ക തൊണ്ടൻ വില 230 – 260 നിലവാരത്തിലായിരുന്നത് 230 – 250 രൂപയായി. തൊണ്ടില്ലാത്തതിന്റെ വില ആഴ്‌ചയുടെ തുടക്കത്തിൽ 420 – 450 രൂപയായിരുന്നു. വാരാന്ത്യ വിലയാകട്ടെ 380 – 420 മാത്രം. ജാതിപത്രി (ചുവപ്പ്) വിലയും പടിയിറങ്ങുന്നതാണു കണ്ടത്.

English Summary:

Product market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com