ADVERTISEMENT

2017 ജൂലൈയിലായിരുന്നു ചരക്കുസേവനനികുതി (ജിഎസ്‌ടി) നടപ്പിലാക്കിയത്. അന്ന് മുതൽ ഇതേക്കുറിച്ച് ഒരുപാടു ചർച്ചകളും വാദങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ജിഎസ്‌ടി സ്ലാബുകളെ കുറിച്ചായിരുന്നു പ്രധാന പരാതികൾ.  വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ജിഎസ്‌ടി സമ്പദ് വ്യവസ്ഥക്ക്  നല്ലതായിരുന്നോ അതോ മോശമായിരുന്നോ ?

ജിഎസ്‌ടി ഉണ്ടാക്കിയ പ്രശ്നങ്ങൾ

രാജ്യത്ത് നടപ്പാക്കിയ വലിയ നികുതി പരിഷ്‌ക്കരണം എന്ന രീതിയിൽ ജിഎസ്ടി അംഗീകരിക്കാൻ  ആദ്യം കച്ചവടക്കാർക്ക് പൊതുവെ മടിയായിരുന്നു. നികുതി വെട്ടിപ്പ് വ്യാപകമായി നടന്നിരുന്ന സമയത്തുനിന്നും ഏകീകൃത  സംവിധാനത്തിലേക്ക് വന്നതും പലർക്കും എതിർപ്പുണ്ടാക്കി. ചെറുകിട ബിസിനസുകാർക്കായിരുന്നു ഇത് ഏറ്റവും പ്രശ്നമുണ്ടാക്കിയത്. മുൻകാലങ്ങളിൽ ഒന്നരക്കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ മാത്രമാണ് എക്സൈസ് തീരുവ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ വിറ്റുവരവ് 20 ലക്ഷം രൂപയിൽ കൂടുതലുള്ള ഏതൊരു ബിസിനസ്സും ജിഎസ്ടി നൽകണം എന്നതും എതിർപ്പിന് കാരണമായി. 

സോഫ്റ്റ് വെയർ ചെലവുകളും മറ്റുമായി കച്ചവടക്കാർ കൂടുതൽ തുക ഇതുമായി ബന്ധപ്പെട്ട് ചെലവാക്കേണ്ട അവസ്ഥ വന്നു. നികുതി നിരക്കുകൾ കുറച്ചതിന്റെ നേട്ടം ബിസിനസുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ജിഎസ്ടിക്ക് കീഴിലുള്ള 'ആന്റി പ്രോഫിറ്ററിങ്' എന്ന ആശയം അവതരിപ്പിച്ചത്. വ്യക്തമായ മാർഗനിർദേശങ്ങളുടെ അഭാവം മൂലം ഇത് ബിസിനസുകൾക്ക് വെല്ലുവിളിയായി മാറി. ഈ അനിശ്ചിതത്വം നിയമപരമായ പല തർക്കങ്ങളിലേക്കും നയിച്ചു.

Shops seen open despite Traders’s  call for “Bharat Band” against GST, in New Delhi on February 26, 2021. (Photo by Prakash SINGH / AFP)
Shops seen open despite Traders’s call for “Bharat Band” against GST, in New Delhi on February 26, 2021. (Photo by Prakash SINGH / AFP)

നികുതി പ്രക്രിയ ഡിജിറ്റൈസ് ചെയ്യാനും കാര്യക്ഷമമാക്കാനുമുള്ള ശ്രമങ്ങൾക്കിടയിലും ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാറുകൾ സ്ഥിരമായി തുടരുന്നതാണ് പലരും  ഉയർത്തി കാണിക്കുന്ന മറ്റൊരു പ്രശ്‍നം. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലും ഇ-വേ ബില്ലുകൾ ജനറേറ്റുചെയ്യുന്നതിലും വിവിധ കാര്യങ്ങൾക്കായി പോർട്ടലിൽ നാവിഗേറ്റുചെയ്യുന്നതിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ സാങ്കേതിക പ്രശ്‌നങ്ങൾ മാറിയാൽ മാത്രമേ ജിഎസ്ടി ചട്ടക്കൂടിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും നിലനിർത്താനാകൂ.

മെച്ചങ്ങൾ

സങ്കീർണമായ നികുതി നടപടിക്രമങ്ങൾ കുറച്ചു എന്നതാണ് ജിഎസ്ടിയുടെ  ഏറ്റവും വലിയ നേട്ടം. അതായത്  ‘ടാക്‌സ് ഓൺ ടാക്‌സ്’ എന്നറിയപ്പെടുന്ന നികുതികളുടെ ‘കാസ്‌കേഡിങ് ഇഫക്റ്റ്’ ഇല്ലാതാക്കി എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.  ജിഎസ്ടിക്ക് മുമ്പുള്ള സംവിധാനത്തിൽ വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത നികുതികൾ ചുമത്തിയിരുന്നത് ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഉയർന്ന നികുതി ബാധ്യതകൾ വരുത്തിയിരുന്നു. ജിഎസ്ടി നടപ്പിലാക്കിയതോടെ നികുതിക്ക് മേൽ നികുതി വന്നിരുന്ന പ്രശ്നത്തിന് പരിഹാരമായി.

gst

ജിഎസ്ടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് മെക്കാനിസം ഉപയോഗിച്ച് ബിസിനസുകൾക്ക് ഇൻപുട്ടുകളിൽ അടച്ച നികുതികൾക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയും. അങ്ങനെ ഇരട്ട നികുതി തടയുകയും ചരക്കുകളുടെയും സേവനങ്ങളുടെയും  വില കുറക്കാനും സാധിച്ചു. അതുപോലെ  20 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസുകളെ  ജിഎസ്ടി റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയത് ചെറുകിട ബിസിനസുകാർക്ക് നേട്ടമായി. 

രാജ്യത്തുടനീളം ചരക്ക് നീക്കത്തിനുണ്ടായ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു എന്നതും ജിഎസ്ടിയുടെ നേട്ടമാണ്. ഏകീകൃത പൊതു വിപണി സൃഷ്ടിച്ചുകൊണ്ട് ചരക്കുനീക്കത്തിൽ മെച്ചപ്പെട്ട ഏകീകരണം കൊണ്ടുവരാനും കേന്ദ്ര സർക്കാരിനായി. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപ് നിർമാണം, തുണിത്തരങ്ങൾ തുടങ്ങിയ ഇന്ത്യയിലെ ചില വ്യവസായങ്ങൾ വലിയതോതിൽ അനിയന്ത്രിതവും അസംഘടിതവുമായിരുന്നു.

Photo Credit: istockphoto/ foto_abstract
Photo Credit: istockphoto/ foto_abstract

എന്നാൽ  ജിഎസ്ടിക്ക് കീഴിൽ പണമിടപാടുകൾ കൂടുതൽ സുതാര്യമായതിനാൽ ബിസിനസുകൾക്ക് കൂടുതൽ നിയന്ത്രണം  വന്നു. അത്യാവശ്യ നിത്യോപയോഗ വസ്തുക്കൾക്ക് കുറഞ്ഞ നികുതിയും മറ്റുള്ളവയ്ക്ക് കൂടിയ നികുതിയും നടപ്പിലാക്കിയതോടെ സാധാരണക്കാരന് പോക്കറ്റ് ചോർച്ച കുറഞ്ഞു. റജിസ്ട്രേഷൻ, ഫയലിങ്, ടാക്സ് റീഫണ്ടുകൾ എന്നിവയ്ക്കുള്ള ഏകീകൃത നടപടിക്രമങ്ങൾ കാര്യങ്ങൾ എളുപ്പമാക്കി.

സർക്കാരിന്  വരുമാന ചോർച്ച കുറക്കാൻ സാധിച്ചു എന്നതാണ് ജിഎസ്ടിയുടെ ഏറ്റവും വലിയ നേട്ടം. സർക്കാരിന്റെ നികുതി വരുമാനം ജിഎസ്ടി വന്നതിനുശേഷം കൂടിയിട്ടുണ്ട്.  ജിഎസ്ടി യുടെ പേരിൽ പലപ്പോഴും കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിൽ പോരടിക്കാറുണ്ടെങ്കിലും ജിഎസ്ടി പൊതുവേ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമുണ്ടാക്കിയെന്ന അഭിപ്രായമാണ് വിദഗ്ധർ പങ്കുവെയ്ക്കുന്നത്. അസംഘടിത മേഖലയിലെ കമ്പനികളെയും ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും സംഘടിത മേഖലയിലേക്ക് (ഓർഗനൈസ്ഡ് സെക്ടർ) എത്തിക്കാൻ സാധിച്ചതാണ് ജിഎസ്ടി നടപ്പിലാക്കിയതിലൂടെ  സമ്പദ് വ്യവസ്ഥക്ക് ഉണ്ടായ നേട്ടം.

English Summary:

What is the benefits of GST?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com