ADVERTISEMENT

മുംബൈ∙ തങ്ങളുടെ പ്രമുഖ ഉൽപന്നങ്ങളായ ഹോർലിക്സ്, ബൂസ്റ്റ് എന്നിവയെ ‘ഹെൽത് ഫുഡ് ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ നിന്നു മാറ്റി ഹിന്ദുസ്ഥാൻ യുണിലീവർ (എച്ച്‌യുഎൽ). ഇവ ഇനി ‘ഫങ്ഷനൽ നുട്രീഷനൽ ഡ്രിങ്ക്സ്’ (എഫ്എൻഡി) എന്ന പുതിയ വിഭാഗത്തിൽ ആയിരിക്കും എന്ന് കമ്പനി അറിയിച്ചു. ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽതി ഡ്രിങ്ക്സ്’ എന്ന വിഭാഗത്തിൽ പെടുത്തരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അടുത്തയിടെ ഇ കൊമേഴ്സ് സൈറ്റുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. 

ഉൽപന്നങ്ങളുടെ ലേബലുകൾ എഫ്എൻഡി എന്നു മാറ്റുമെന്ന് എച്ച്‌യുഎൽ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. വിളിക്കാൻ എളുപ്പമുള്ളതുകൊണ്ടാണ് ഈ പേര് സ്വീകരിക്കുന്നത്. നേരത്തെ, കാഡ്ബറിയുടെ ബോൺവിറ്റയെയും മറ്റും ‘ഹെൽത് ഡ്രിങ്ക്സ്’ എന്നു വിളിക്കാൻ പാടില്ലെന്ന് മന്ത്രാലയം ഇ കൊമേഴ്സ് സൈറ്റുകൾക്ക് നിർദേശം നൽകിയിരുന്നു.

 ഭക്ഷ്യസുരക്ഷയ്ക്കും നിലവാരത്തിനുമുള്ള ദേശീയ നിയമത്തിൽ ഹെൽത് ഡ്രിങ്ക്സ് എന്നൊരു വിഭാഗം ഇല്ലാത്തതുകൊണ്ടായിരുന്നു ഈ നടപടി. ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളെ തുടർന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടായത്. ക്ഷീര,ധാന്യ, യവ ഉൽപന്നങ്ങൾ അടങ്ങിയ പാനീയങ്ങളെ ഹെൽത് ഡ്രിങ്ക് എന്നോ എനർജി ഡ്രിങ്ക് എന്നോ വിശേഷിപ്പിക്കരുതെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ–ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ഇ കൊമേഴ്സ് സൈറ്റുകൾക്ക് നിർദേശം നൽകിയിട്ടുള്ളതാണ്.

 ഉപഭോക്താക്കൾക്ക് തെറ്റിദ്ധാരണയുണ്ടാക്കും എന്നു ചൂണ്ടിക്കാണിച്ചായിരുന്നു വിലക്ക്. ഇത്തരം ഉൽപന്നങ്ങളിൽ കൂടുതലായി ചേർക്കുന്ന പഞ്ചസാര ആരോഗ്യത്തിനു നല്ലതല്ല എന്നതാണ് ‘ഹെൽത്’ പ്രയോഗം വിലക്കപ്പെടുന്നതിനുള്ള പ്രധാന കാരണം.

English Summary:

HUL to change the label of horlicks and boost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com