വിദേശ യാത്രകൾക്കായി വരുന്നു ഡിജി യാത്ര ആപ്, ഹോട്ടൽ ചെക്ക് ഇൻ അടക്കം ചെയ്യാം
Mail This Article
2025 അവസാനത്തോടെ ഡിജി യാത്ര ആപ് രാജ്യാന്തര യാത്രകൾക്കും ഉപയോഗിക്കാം. ഇലക്ട്രോണിക് പാസ്പോർട്ട് വെരിഫിക്കേഷൻ അടക്കമുള്ള സൗകര്യങ്ങളായിട്ടായിരിക്കും രാജ്യാന്തര യാത്രകൾക്ക് ഡിജി യാത്ര ആപ് ഒരുങ്ങുന്നത്. എത്തിച്ചേരുന്ന രാജ്യത്ത് എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യങ്ങളും ക്യൂവിൽ നിൽക്കാതെ തരപ്പെടുത്തുമെന്നാണ് സൂചനകൾ.
ഡിജി യാത്ര ആപ് സൗകര്യം ഏർപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ കുറെയേറെ സമയം ലാഭിക്കാം എന്നതാണ് മെച്ചം. പല രാജ്യങ്ങളും ഡിജിറ്റൽ ആയി യാത്ര സൗകര്യം വർധിപ്പിക്കുന്ന കാര്യങ്ങൾ ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്.
ഡിജി യാത്ര ആപ്പ് ഉപയോഗിച്ച് എത്തിച്ചേരുന്ന രാജ്യത്തെ ഹോട്ടൽ ചെക്ക് ഇൻ സൗകര്യങ്ങളും, പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള കാര്യങ്ങളും ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ശേഖരിക്കുന്ന ഡാറ്റകളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വേണ്ട എന്നാണ് ഇതിന്റെ അമരക്കാർ പറയുന്നത്.
കാരണം യാത്രക്ക് മാത്രമായി വിവരങ്ങൾ ശേഖരിക്കുകയും അതിനു ശേഷം അത് ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യയായിരിക്കും ഡിജി യാത്ര പിന്തുടരുക. സ്വകാര്യതയ്ക്ക് ഒരു പ്രശ്നവും ഡിജി യാത്ര ആപ്പിൽ ഉണ്ടാകില്ല എന്നും ഇതിന്റെ മേധാവികളുടെ വിശദീകരണം.