2 ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം; 12.4% വർധന
Mail This Article
ആദ്യമായി രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനം 2 ലക്ഷം കോടി രൂപ കടന്നു. ഏപ്രിൽ മാസം 2.1 ലക്ഷം കോടി രൂപയാണ് ജിഎസ്‌ടിയായി ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 12.4 ശതമാനമാണ് വർധന. ആഭ്യന്തര വ്യാപാരത്തിൽ 13.4 ശതമാനവും ഇറക്കുമതി വിഭാഗത്തിൽ 8.3 ശതമാനവും വളർച്ച രേഖപ്പെടുത്തി.
റീഫണ്ടിന് ശേഷമുള്ള വരുമാനം (അറ്റ ജിഎസ്‌ടി)1.92 ട്രില്യൺ രൂപയാണ്. ഫെബ്രുവരിയിൽ 1.51 ലക്ഷം കോടിയും മാർച്ചിൽ 1.65 ലക്ഷം കോടിയുമായിരുന്നു അറ്റ ജിഎസ്‌ടി വരുമാനം. മാർച്ച് മാസത്തെ ചരക്ക്–സേവന ഉപഭോഗത്തെ ആസ്തപദമാക്കിയാണ് ഏപ്രിലിലെ കണക്കുകൾ തയ്യാറാക്കുന്നത്. സാമ്പത്തിക വർഷം അവസാനമായതുകൊണ്ട് തന്നെ സ്റ്റോക്ക് ക്ലിയറൻസ്, സ്റ്റോക്ക് എടുപ്പ് തുടങ്ങിയ ഘടകങ്ങള്‍ മൂലം ഏപ്രലിൽ പൊതുവെ ഉയർന്ന ജിഎസ്ടി കളക്ഷൻ ആണ് രേഖപ്പെടുത്താറ്. അതിന് പുറമെ സമ്പദ് വ്യവസ്ഥയിലെ ഉണർവും കാര്യക്ഷമമായ നികുതി പിരിവും ഉയർന്ന ആഭ്യന്തര ഡിമാൻഡും നേട്ടത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
കേരളത്തിന് 3271 കോടി
കേരളത്തിന്‍റെ ജിഎസ്‌ടി വരുമാനം 3271 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്‍റെ വർധനവാണിത്. ജിഎസ്‌ടി വരുമാനത്തിൽ 37,671 കോടി രൂപയുമായി മഹാരാഷ്ട്രയാണ് മുന്നിൽ. കർണാടക (14,593 കോടി), ഗുജറാത്ത് (11,721 കോടി),തമിഴ്നാട് (11,559 കോടി) എന്നിവയാണ് പിന്നാലെ.