ADVERTISEMENT

കൊച്ചി∙ കൊച്ചിൻ ഷിപ്‌യാർഡിന് 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പിൽ നിന്നാണ് ഓർഡർ എന്നല്ലാതെ ഏതു രാജ്യത്തിൽ നിന്നാണെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൻ ഓർഡറിന്റെ പശ്ചാത്തലത്തിൽ ഷിപ്‌യാർഡ് ഓഹരിയുടെ വില കുതിച്ചുയർന്നു. ഒറ്റ ദിവസംകൊണ്ടു വില 150 രൂപയോളമാണു വർധിച്ചത്.

‘ഓഫ്ഷോർ വിൻഡ് ഫാം’ വ്യവസായത്തിന്റെ ആവശ്യത്തിന് ഹൈബ്രിഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള ഓർഡറാണു ലഭിച്ചതെന്നു ഷിപ്‌യാർഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. മൂന്നു വർഷത്തിനകം ജോലികൾ പൂർത്തിയാക്കണം.

ഓർഡർ ലഭിച്ച വിവരം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരികൾക്കു വിപണിയിൽ ആവശ്യക്കാർ വലയ തോതിൽ വർധിച്ചു. മുൻ വ്യാപാര ദിനത്തിൽ 1195 രൂപയായിരുന്ന ഓഹരി വില നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1343.20 രൂപ എന്ന നിലവാരത്തിലേക്കാണു കുതിച്ചത്. ബിഎസ്ഇയിലെ അവസാന വില 1342.35 രൂപ. വർധന 12 ശതമാനത്തിലേറെ. ഓഹരിയുടെ മുഖവില അഞ്ചു രൂപയാണ്. രണ്ട് എക്സ്ചേഞ്ചുകളിലുമായി ഒന്നേകാൽ കോടിയിലേറെ ഓഹരികളുടെ വ്യാപാരം നടന്നു. 

10 രൂപ മുഖവിലയുണ്ടായിരുന്ന ഓഹരികൾ ജനുവരിയിലാണു രണ്ടായി വിഭജിക്കപ്പെട്ടത്. 52 ആഴ്ചയ്ക്കിടയിലെ  ഏറ്റവും കുറഞ്ഞ വിപണി വില 235 രൂപയാണ്; കൂടിയ വില 1378 രൂപ.

English Summary:

Cochin Shipyard's European order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com