ADVERTISEMENT

കൊച്ചി ∙ തെക്കു പടിഞ്ഞാറൻ കാലവർഷം ഇത്തവണ യഥാസമയം എത്തുമെന്നും മഴയുടെ അളവു മികച്ച തോതിലായിരിക്കുമെന്നുമുള്ള പ്രവചനങ്ങൾ കാർഷിക മേഖലയ്‌ക്കു മാത്രമല്ല ആകമാന സമ്പദ്‌വ്യവസ്‌ഥയ്‌ക്കുതന്നെ വലിയ പ്രതീക്ഷ നൽകുന്നു. പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്‌ചയിച്ചിട്ടുള്ള സഹനനിലവാരത്തിലേക്കു താഴ്‌ന്നു, വായ്‌പ നിരക്കുകളുടെ പടിയിറക്കം സാധ്യമാക്കുമെന്ന പ്രതീക്ഷയും മഴ പ്രവചനത്തിൽ തളിരിടുന്നു.

കോർപറേറ്റ് മേഖലയിലെ പല സ്‌ഥാപനങ്ങൾക്കും കാലാവസ്‌ഥ സംബന്ധമായ റിപ്പോർട്ടുകൾ ലഭ്യമാക്കുന്ന സ്വകാര്യ ഏജൻസിയായ സ്‌കൈമെറ്റ് വെതർ സർവീസസ് ഇത്തവണ മഴയുടെ അളവ് ദീർഘകാല ശരാശരിയുടെ 102 ശതമാനമായിരിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളത്. അളവ് ദീർഘകാല ശരാശരിയുടെ 106 ശതമാനമായിരിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്‌ഥ വകുപ്പി (ഐഎംഡി) ന്റെ അനുമാനം. അതായത്, ജൂൺ – സെപ്‌റ്റംബർ കാലയളവിൽ 886 മില്ലിമീറ്റർ മഴ ലഭിക്കുമെന്നു സ്‌കൈമെറ്റ് അനുമാനിക്കുമ്പോൾ 920 മില്ലിമീറ്ററാണ് ഐഎംഡിയുടെ പ്രതീക്ഷ. മഴയളവിന്റെ ദീർഘകാല ശരാശരി 868.6 മില്ലിമീറ്ററാണ്.

ഏറ്റവും വലിയ നേട്ടം കൃഷി മേഖലയ്‌ക്ക്

കാർഷികോൽപാദനം വർധിക്കുമെന്നതാണു വേണ്ടത്ര മഴ ലഭിച്ചാലുള്ള ഏറ്റവും വലിയ നേട്ടം. കാർഷികോൽപന്നങ്ങളുടെ വിപണി മൂല്യത്തിൽ അഞ്ചു മുതൽ ഏഴു വരെ ശതമാനം വർധനയുണ്ടായേക്കുമെന്നു കണക്കാക്കുന്നു. നെല്ല്, ഗോതമ്പ്, ചോളം, ചണം, കരിമ്പ്, പരുത്തി തുടങ്ങിയ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൽ ഗണ്യമായ വർധനയുണ്ടാകും. പല കാർഷികോൽപന്നങ്ങളുടെയും കയറ്റുമതി മെച്ചപ്പെടുമെന്നു മാത്രമല്ല ധാന്യേതര ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്താനും മികച്ച വിളവെടുപ്പു സഹായകമാകും. കർഷകരുടെ വരുമാനത്തിലുണ്ടാകുന്ന വർധന കടക്കെണിയിൽനിന്ന് അവരെ മോചിപ്പിക്കാൻ സഹായിക്കുമെന്ന നേട്ടവുമുണ്ട്.

കാർഷികോൽപന്നങ്ങളുടെ ഉൽപാദന വർധന ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയെ കുറച്ചൊന്നുമല്ല ശക്‌തിപ്പെടുത്തുക. ഗ്രാമീണരുടെ ഉപഭോഗ വർധന നിത്യോപയോഗ സാധനങ്ങൾ മുതൽ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വരെ വിപണികളിൽ പ്രസരിപ്പുണ്ടാക്കും. ഐടിസി, ഹിന്ദുസ്‌ഥാൻ യൂണിലീവർ തുടങ്ങിയവയുടെ വിൽപന വരുമാനത്തിൽ പകുതിയിലേറെയും ഗ്രാമീണ വിപണികളിൽനിന്നാണ്. ഉപഭോക്‌തൃ ഉൽപന്ന വ്യവസായത്തിലെ പല ബ്രാൻഡുകളും ഇരട്ട അക്കത്തിലുള്ള വളർച്ചയാണു പ്രതീക്ഷിക്കുന്നത്. വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ, ട്രാക്‌ടറുകൾ തുടങ്ങിയവയുടെ നിർമാതാക്കൾ മഴ പ്രവചനത്തിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നു.

സാധാരണ തോതിൽ മഴ ലഭിച്ചാൽ ഈ സാമ്പത്തിക വർഷം 3400 ലക്ഷം ടൺ ഭക്ഷ്യോൽപന്ന ഉൽപാദനം സാധ്യമാകുമെന്നാണു സർക്കാരിന്റെ കണക്ക്. കടന്നുപോയ സാമ്പത്തിക വർഷം 1238 ലക്ഷം ടൺ മാത്രമായിരുന്നു ഉൽപാദനം. ഓരോ ഉൽപന്നത്തിന്റെയും ഈ വർഷത്തെ ഉൽപാദന ലക്ഷ്യം കേന്ദ്ര കൃഷി മന്ത്രാലയം അടുത്തുതന്നെ പ്രഖ്യാപിച്ചേക്കും.

share-market

പണപ്പെരുപ്പവും വായ്‌പ നിരക്കും കുറയും

ലഭ്യത വർധിക്കുന്നതോടെ ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രണാധീനമാകും. ഇതാകട്ടെ ആകമാന വിലക്കയറ്റത്തിന് ആശ്വാസമാകുകയും പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു താഴേക്കു താഴ്‌ത്താൻ  ഇടയാക്കുകയും ചെയ്യും. വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ റിസർവ് ബാങ്കിനു സാധ്യമാകുന്ന അവസ്‌ഥ. വ്യവസായ, വാണിജ്യ മേഖലകളെ ഭാരിച്ച പലിശ ബാധ്യതയിൽനിന്നു മോചിപ്പിക്കാൻ നിരക്കുകളിലെ ഇളവ് ഉപകരിക്കും.

കൂടിയ അളവിൽ വൈദ്യുതി

വൈദ്യുതോൽപാദനത്തിൽ  ഗണ്യമായ വർധനയ്‌ക്കു മൺസൂൺ പ്രയോജനപ്പെടും. കൽക്കരിയോ പ്രകൃതി വാതകമോ സുലഭമല്ലാത്ത മേഖലകളിൽ ജലവൈദ്യുത പദ്ധതികളാണ് ആശ്രയം. രാജ്യത്തെ നൂറ്റമ്പതോളം പ്രധാന സംഭരണികളിൽ ഇപ്പോൾ ശേഷിയുടെ നാലിലൊന്നു പോലും വെള്ളമില്ലെന്നു സെൻട്രൽ വാട്ടർ കമ്മിഷൻ പറയുന്നു. ചില സംഭരണികൾ പൂർണമായും വറ്റിക്കഴിഞ്ഞത്രേ. 

ജിഡിപിയിൽ മികച്ച വളർച്ചാ സാധ്യത

മികച്ച കാലവർഷം ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിൽ മൂന്നു ശതമാനത്തിലേറെ വളർച്ചയ്‌ക്കു സഹായകമാകുമെന്നാണു സാമ്പത്തിക നിരീക്ഷകരുടെ അനുമാനം. 

വാഹന വിപണിക്ക് കൂടുതൽ മുന്നേറ്റം

നടപ്പു സാമ്പത്തിക വർഷത്തെ ഇതുവരെയുള്ള കണക്കുകൾതന്നെ വാഹന വ്യവസായം മോശമല്ലാത്ത സ്‌ഥിതിയിലാണെന്നു വ്യക്‌തമാക്കുന്നുണ്ട്. ആകമാന സമ്പദ്‌വ്യവസ്‌ഥയിലെ വളർച്ച വാഹന വ്യവസായത്തിന്റെ കൂടുതൽ മുന്നേറ്റത്തിനു പാതയൊരുക്കുമെന്നു പ്രതീക്ഷിക്കാം. ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും കാറുകൾക്കും മറ്റും ഡിമാൻഡ് വർധിക്കും. വാണിജ്യ വാഹനങ്ങളുടെ വിൽപന ഉഷാറാകുന്നതുമാണ്. ട്രാക്‌ടറുകൾ പോലുള്ള വാഹനങ്ങൾക്കും ആവശ്യമേറും. 

മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ

വിനോദ സഞ്ചാര വ്യവസായത്തിനും മൺസൂൺ നേട്ടത്തിന്റെ കാലമാകും. മഴക്കാല ടൂറിസത്തിന്റെ സാധ്യതകൾ സമർഥമായി പ്രയോജനപ്പെടുത്താൻ കേരളം പോലുള്ള ചില സംസ്‌ഥാനങ്ങൾക്കു ലഭിക്കുന്ന അവസരമാണുണ്ടാകുക.

ബാങ്കുകളും നേട്ടം പ്രതീക്ഷിക്കുന്നു

പലിശ നിരക്കുകൾ കുറയുന്ന സാഹചര്യം ഭവന, വാഹന, കാർഷിക, വ്യക്‌തിഗത വായ്‌പകളുടെ വളർച്ചയ്‌ക്കു സഹായിക്കുമെന്നതാണു നല്ല കാലവർഷത്തിൽ ബാങ്കർമാർ കാണുന്ന നേട്ടം.  വായ്‌പകളുടെ തിരിച്ചടവു മുടക്കം പരിമിതപ്പെടുന്ന സാഹചര്യവും ബാങ്കുകൾക്ക് ആശ്വാസമാകും. വായ്‌പ വളർച്ചയ്‌ക്ക് ആനുപാതികമായി ഇപ്പോൾ നിക്ഷേപ സമാഹരണം ചില ബാങ്കുകൾക്കു സാധ്യമാകുന്നില്ല. ഈ സ്‌ഥിതിക്കും മാറ്റമുണ്ടാകുമെന്നാണു ബാങ്കിങ് വ്യവസായത്തിന്റെ പ്രതീക്ഷ.

English Summary:

The financial sector is ready to celebrate monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com