ADVERTISEMENT

ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള  സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള ആസൂത്രണം ജോലി കിട്ടിയാലുടൻ തുടങ്ങുകയല്ലേ നല്ലത്.കൂടുതൽ നേട്ടത്തിനായി ഓഹരി  നിക്ഷേപം മുതൽ ഇതിനായി പരിഗണിക്കാം. എന്നാല്‍  വലിയ നഷ്ട സാധ്യതകളും ഓഹരി നിക്ഷേപങ്ങള്‍ക്കുണ്ട്. ഉറപ്പായ വരുമാനം ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലും ഒരു വിഹിതം നിക്ഷേപിക്കുക എന്നതാണിവിടെ സ്വീകരിക്കാവുന്ന മികച്ചൊരു രീതി. ദീര്‍ഘകാലത്തില്‍ നിങ്ങളുടെ നിക്ഷേപം പലമടങ്ങായി വളര്‍ത്തിയെടുക്കാന്‍ സ്ഥിര നിക്ഷേപങ്ങള്‍ സഹായിക്കും. ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മികച്ച നേട്ടത്തിന്

ഓഹരിവിപണിയുമായി ബന്ധിപ്പിച്ചല്ല  പ്രകടനമെന്നതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ ഉറപ്പായ വരുമാനം നൽകും. ജോലിയില്‍ നിന്നു വിരമിച്ച കാലത്തേക്കുള്ള സമ്പാദ്യം സ്ഥിരതയോടെ വളരാന്‍ ഇതു സഹായിക്കും. 

സ്ഥാപനം നന്നാകണം

ബാങ്കുകളും കമ്പനികളും ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന വരുമാനത്തിന് ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി സ്ഥിരനിക്ഷേപങ്ങളാകാം. എന്നാല്‍  ഇതിന്റെ സുരക്ഷയുറപ്പാക്കണം. കമ്പനികളുടെ നിലവാരം പരിശോധിക്കാന്‍ മികച്ചത് ക്രിസില്‍, ഐസിആര്‍എ എന്നീ രണ്ട് ഏജന്‍സികളുടെ വിലയിരുത്തലുകളാണ്.  

സ്ഥിരമായി പുതുക്കുക

സ്ഥിര നിക്ഷേപങ്ങളുടെ കാലാവധിയെത്തുമ്പോള്‍ അവ പിന്‍വലിക്കാതെ പുതുക്കുന്നതാണ് ഉത്തമം. അതുവഴി മുതലും പലിശയും സ്ഥിരമായി പുനര്‍ നിക്ഷേപിച്ചുക്കൊണ്ടിരിക്കുകയും അവ കൂടിച്ചേര്‍ന്ന് വലിയ തുകയാകുന്നതിന്റെ നേട്ടം കൊയ്യുകയുമാവാം. പല ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ പുതുക്കുമ്പോള്‍ കുറച്ചു കൂടി മികച്ച നിരക്കുകള്‍ നല്‍കാറുണ്ട്. 

സ്രോതസിലെ നികുതി

അടുത്ത കാലം വരെ ബാങ്ക്, പോസ്റ്റ് ഓഫിസ് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പതിനായിരം രൂപ വരെയുള്ള പലിശയാണ് ടിഡിഎസില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. 2019 ലെ ഇടക്കാല ബജറ്റില്‍ ഇത് സാധാരണ നിക്ഷേപകര്‍ക്ക് 40,000 രൂപയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50,000 രൂപയും ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.    

വേണം വിവിധ സ്ഥിര നിക്ഷേപങ്ങള്‍ 

പല കാലയളവിലുള്ള പല സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിച്ച് പല ഘട്ടങ്ങളില്‍ ആവശ്യം വേണ്ട പണം സമയത്ത് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ക  ഴിയും. സ്ഥിര നിക്ഷേപങ്ങളിലൂടെ എത്ര തുക ലഭിക്കുമെന്നത് കൃത്യമായി മുന്‍കൂട്ടി കണക്കാക്കാനാവും എന്നതാണ് അതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. നിക്ഷേപ ലക്ഷ്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനിത് സഹായിക്കും. 

കാലാവധിക്കു മുന്‍പ് പിന്‍വലിക്കരുത്

സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്കു മുന്‍പേ പിന്‍വലിക്കരുതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ തന്നെ സ്ഥിര നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലുള്ള വായ്പ എടുക്കാം. ഇത് നിങ്ങളുടെ സമ്പാദ്യം ഇടക്കാലത്ത് ഇല്ലാതായി പോകുന്ന സാഹചര്യം ഒഴിവാക്കും.

വിപണിയിലെ അനിശ്ചിതത്വങ്ങൾ ബാധകമല്ലാത്തതിനാൽ സുരക്ഷിതവും സുസ്ഥിര വരുമാനവും ലഭിക്കും. അതുകൊണ്ട് ഇത്തരം നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍  റിട്ടയർമെന്റ് ആസൂത്രണത്തിൽ ഉൾപ്പെടുത്തുന്നത് സ്മാര്‍ട്ടായ തീരുമാനമായിരിക്കും.

ലേഖകൻ ബജാജ് ഫിനാന്‍സിന്റെ റീട്ടെയില്‍ ആന്റ് കോര്‍പറേറ്റ് ലയബലറ്റീസ്  വിഭാഗം ബിസിനസ് മേധാവിയാണ്

  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com