ADVERTISEMENT

ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷവും വരുമാനം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കിയുള്ള നിക്ഷേപ പദ്ധതിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവ എന്‍പിഎസ്. പ്രവാസികള്‍ക്കും  നിക്ഷേപിക്കാം എന്നതാണ് എന്‍പിഎസിന്റെ പ്രധാന ആകര്‍ഷണീയത. ഇന്ത്യയില്‍ നിക്ഷേപ വരുമാനമുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍പിഎസ് അധിക നികുതി ഇളവിനായി ഉപയോഗിക്കാം. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം എന്ന ലക്ഷ്യത്തോടെയും എന്‍പിഎസ് തിരഞ്ഞെടുക്കാം.

ഇ-എന്‍പിഎസ് വഴി 18 നും 60 നും മധ്യേ പ്രായമുള്ള ഏതൊരാള്‍ക്കും എന്‍പിഎസ് അക്കൗണ്ട് തുറക്കാം. ഇ-എന്‍പിഎസ് വഴി എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ ഉപയോഗിച്ചും പാന്‍ കാര്‍ഡ്  ഉപയോഗിച്ചും റജിസ്‌ട്രേഷന്‍ നടത്താം. നിക്ഷേപം തുടങ്ങുന്നതിന്  കെവൈസി നിബന്ധനകള്‍ പൂര്‍ത്തിയാക്കണം. അതേസമയം ഇഎന്‍പിഎസ് വഴി പ്രവാസികൾക്ക് ടിയര്‍ 2 അക്കൗണ്ടുകള്‍ അനുവദിക്കില്ല. 

ഇ-എന്‍പിഎസ് വഴി എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ കാര്യങ്ങള്‍

1. ആധാര്‍ കാര്‍ഡ്/ പാന്‍ കാര്‍ഡ് 

2. ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍

3.  ബാങ്ക് അക്കൗണ്ട്  

എന്‍ആര്‍ഐക്ക്  എങ്ങനെ ഓണ്‍ലൈനായി എന്‍പിഎസ് അക്കൗണ്ട് തുടങ്ങാം

∙18 നും 60 നും ഇടയില്‍ പ്രായമുള്ള എന്‍ആര്‍ഐകള്‍ക്ക് ഓണ്‍ലൈനായി  എന്‍പിഎസ് അക്കൗണ്ട് തുറക്കാം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍  നടത്തുന്നതിന്  പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ഓണ്‍ലൈനായി കൈവൈസി വെരിഫിക്കേഷന്‍ നടത്തും. 

∙പിഎഫ്ആര്‍ഡിഎ എന്‍പിഎസ് ട്രസ്റ്റ് വെബ്‌സൈറ്റ്- https://enps.nsdl.com/eNPS/NationalPensionSystem.html സന്ദര്‍ശിക്കുക. 

∙eNps തിരഞ്ഞെടുക്കുക. അതിന് ശേഷം റജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും 

∙നോണ്‍ റസിഡന്റ് ഇന്ത്യന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 

∙എന്‍ആര്‍ഇ , എന്‍ആര്‍ഒ എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകള്‍ കാണാം. ഇതില്‍ നിങ്ങളുടേത് ഏതാണോ അത്  തിരഞ്ഞെടുക്കുക.

∙ പാന്‍, പാസ്പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക.

∙താമസിക്കുന്ന രാജ്യം ഏതാണന്ന് തിരഞ്ഞെടുക്കുക.

∙ആവശ്യമായ വിവരങ്ങള്‍ എല്ലാം നല്‍കി കഴിയുമ്പോള്‍ ഒരു എന്‍പിഎസ് റജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ വ്യക്തി വിവരങ്ങളും മറ്റും നല്‍കുക.

∙തന്നിരിക്കുന്ന പട്ടികയില്‍ നിന്നും ഒരു പെന്‍ഷന്‍ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കുക.

∙നിക്ഷേപ രീതി Active ആണോ Auto  ആണോ എന്ന് തിരഞ്ഞെടുക്കുക. Active ആണെങ്കില്‍ വിവിധ ആസ്തി വിഭാഗങ്ങളില്‍ എത്ര ശതമാനം വീതം വിന്യസിക്കണം എന്ന്  പ്രത്യേകം പറയണം. അതേസമയം Auto ആണ് തിരഞ്ഞെടുത്തതെങ്കില്‍, മുന്‍കൂട്ടി തീരുമാനിച്ച സ്ട്രാറ്റജിക്ക് അനുസരിച്ച്  അക്കൗണ്ട് ഉടമയുടെ പ്രായം അടിസ്ഥാനമാക്കി സ്വയമേവ ആസ്തി വിഭജനം നടക്കും. 

∙അടുത്തതായി നോമിനിയുടെ വിവരങ്ങള്‍ നല്‍കുക. 3 നോമിനികളെ വരെ നല്‍കാം.

∙ഫോട്ടോഗ്രാഫും ഒപ്പും സ്‌കാന്‍ ചെയ്ത് നല്‍കണം. ഇവ ജെപിജി ഫോര്‍മാറ്റില്‍ വേണം അപ്‌ലോഡ് ചെയ്യുന്നത്.  ഇമേജിന്റെ സൈസ് 4 കെബിയ്ക്കും 12കെബിയ്ക്കും ഇടയിലായിരിക്കണം. 

∙‌നിങ്ങള്‍ തിരഞ്ഞെടുത്ത ബാങ്കിലേക്ക് തുടക്കത്തിൽ  കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. അതിന് ശേഷം പെര്‍മനന്റ് റിട്ടയെര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ( PRAN) ലഭിക്കും. ഇത് ലഭിച്ച് കഴിഞ്ഞാല്‍ പദ്ധതിയിലേക്ക് പിന്നീട് ഓണ്‍ലൈനായി നിക്ഷേപം നടത്താം.

∙നെറ്റ് ബാങ്കിങ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ പേമെന്റനായി ഉപയോഗിക്കാം. 

∙റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പൂരിപ്പിച്ച  ഓണ്‍ലൈന്‍ ഫോമിന്റെ  പ്രിന്റ് എടുത്ത് ഫോട്ടോ ഒട്ടിച്ച് ഒപ്പ് ഇടുക. അതിന് ശേഷം ഈ കോപ്പി  എന്‍പിഎസിന്റെ സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സിയിലേക്ക് 90 ദിവസത്തിന് അകം അയക്കണം. ഇത് വളരെ പ്രധാനമാണ്  അല്ലെങ്കില്‍  എന്‍പിഎസ് അക്കൗണ്ട് മരവിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com