sections
MORE

വിദേശപഠനം ഇനി സബ്സിഡിയോടെ

HIGHLIGHTS
  • 20 ലക്ഷം വരെയുള്ള വിദ്യാഭ്യാസ ലോണിനു സബ്സിഡി ലഭിക്കും
success
SHARE

വിവിധ സ്കീമുകളെക്കുറിച്ചറിഞ്ഞിരുന്നാൽ, അവയുടെ പ്രയോജനം ലഭ്യമാക്കാനായാൽ അത് ഒരാളുടെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാം. അത്തരം മൂന്നു സ്കീമുകളെ പരിചയപ്പെടാം.

1. സെൻട്രൽ സ്കീം ഓഫ് ഇന്ററസ്റ്റ് സബ്സിഡി(CSIS Scheme)
വിദ്യാഭ്യാസ വായ്പ

കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷം കവിയാത്ത, ടെക്നിക്കൽ/പ്രഫഷനൽ കോഴ്സുകൾക്ക് അംഗീകൃത കോളജുകളിൽ/സർവകലാശാലകളിൽ പ്രവേശനം ലഭ്യമായവർക്കു പ്രയോജനം ലഭിക്കും. ഒരു കുട്ടിക്ക് ബിരുദ പഠനത്തിനോ ബിരുദാനന്തര ബിരുദത്തിലോ അതുമല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ബിരുദ–ബിരുദാനന്തര ബിരുദ കോഴ്സിനോ ഒരിക്കൽ മാത്രമാണു സബ്സിഡിയുടെ മെച്ചം കിട്ടുക.

അർഹത ഉണ്ടെങ്കിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനിലുള്ള എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളിലെയും വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് സബ്സിഡിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ബിടെക്കിനു കിട്ടിയെങ്കിൽ എംടെക്കിനു കിട്ടില്ല. വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തുന്ന വരുമാന സർട്ടിഫിക്കറ്റാണ് അധികമായി നൽകേണ്ടി വരുന്ന ഡോക്യുമെന്റ്. വിദ്യാഭ്യാസ കാലയളവിലും അതിനുശേഷം ഒരു വർഷം വരെയും (ഒരു വർഷമോ ജോലി ലഭിക്കുമ്പോഴോ ഏതാണോ ആദ്യം, അതു വരെ) ഈ ലോണിന് ഈടാക്കപ്പെടാവുന്ന പലിശ ഗവൺമെന്റ് സബ്സിഡിയിലൂടെ നൽകുന്നു. ഇതു െചറിയ കാര്യമല്ല. പഠിത്തം കഴിഞ്ഞു ജോലി ലഭിച്ച് തിരിച്ചടവ് ആരംഭിക്കേണ്ടി വരുമ്പോൾ ഇഎംഐ തുക കുറയാൻ ഇതു സഹായിക്കും.

2. ‘Padho pardesh’ സ്കീം

വിദ്യാഭ്യാസ ലോണുകളിൽ 20 ലക്ഷം വരെയുള്ള തുകയ്ക്ക് ഗവൺമെന്റ് സബ്സിഡി ലഭ്യമാക്കാൻ ‘Padho pardesh’ സ്കീം സഹായിക്കും.

വിദേശത്ത് പോസ്റ്റ് ഗ്രാജ്വേഷൻ ഡിപ്ലോമ, ഡിഗ്രി, എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്ക് അഡ്മിഷൻ ലഭ്യമായ, കുടുംബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷം കവിയാത്ത, ഗവൺമെന്റ് നോട്ടിഫൈഡ് മൈനോറിറ്റി വിഭാഗക്കാർക്കാണു വ്യവസ്ഥകൾക്കനുസൃതമായി പ്രയോജനം കിട്ടുക.

കോഴ്സ് കഴിഞ്ഞ് ഒരു വർഷം വരെയുള്ള മൊറട്ടോറിയം കാലയളവിലേക്ക് 20 ലക്ഷം വരെയുള്ള വിദ്യാഭ്യാസ ലോണിനു സബ്സിഡി ലഭിക്കുമെന്നതാണ് മെച്ചം. ഒരു വർഷം 400 വിദ്യാർഥികൾക്കാണ് പ്രയോജനം ലഭിക്കുക.

ഐബിഎ അംഗീകരിച്ച വിദ്യാഭ്യാസ ലോണുകളിൽ സബ്സിഡി ലഭിക്കും എന്നതിനാൽ ആവശ്യമായ രേഖകൾ നൽകി അംഗീകരിക്കപ്പെട്ടാൽ ഷെഡ്യൂൾഡ് ബാങ്കുകളിലെ വിദ്യാഭ്യാസ ലോൺ ഇതിന്റെ പരിധിയിൽ വരും. ഇടയ്ക്കു വച്ച് പഠനം നിർത്തുകയോ, ലോണിന്റെ കാലാവധിക്കുള്ളിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയോ ചെയ്താൽ ആനുകൂല്യം റദ്ദാക്കപ്പെടും.

3. ഡോക്ടർ അംബേദ്കർ സ്കീം ഓഫ് ഇന്ററസ്റ്റ് സബ്സിഡി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (വാർഷിക കുടുംബവരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാത്ത) ബിരുദാനന്തര കോഴ്സുകൾക്ക് വിദേശ കോളജുകളിലോ യൂണിവേഴ്സിറ്റികളിലോ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്കാണ് ഇത് പ്രയോജനപ്പെടുക. ക്രീമിലയർ പരിധിയിൽ വരാത്ത (നിലവിൽ വാർഷിക വരുമാനം എട്ടു ലക്ഷം കവിയാത്ത) ഒബിസി വിഭാഗക്കാർക്കും പ്രയോജനം കിട്ടും.

മേൽപറഞ്ഞ സ്കീമുകളിലേതിനു സമാനമായി മൊറട്ടോറിയം പീരിയഡിലെ പലിശ സബ്സിഡിയായി ലഭിക്കുമെന്നതാണു സവിശേഷത. ഈ സ്കീമും ഷെഡ്യൂൾഡ് ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പയിന്മേൽ ലഭ്യം. അംഗീകൃത വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ലഭിച്ചതിനുള്ള രേഖ, ആധാർ, പാൻകാർ‍ഡ്, പാസ്പോർട്ട് കോപ്പി എന്നിവയാകും സാധാരണ വിദ്യാഭ്യാസ വായ്പയെ അപേക്ഷിച്ച് അധികമായി നൽകേണ്ടി വരുന്ന േരഖകൾ. CSIS സ്കീമിൽ മൊറട്ടോറിയം പലിശ സബ്സിഡി ലഭ്യമാക്കിയവർക്കും ഈ സ്കീമിൽ അപേക്ഷിക്കാൻ മറ്റ് നിബന്ധനകൾക്കു വിധേയമായി അർഹതയുണ്ട്.

Padho pardesh സ്കീമിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ www.minorityaffairs.gov.in എന്ന വെബ്സൈറ്റിലും, ഡോക്ടർ അംേബദ്കർ സ്കീം ഓഫ് ഇന്ററസ്റ്റ് സബ്സിഡിയെക്കുറിച്ചുള്ള വിവരങ്ങൾ www.socialjustice.nic.in എന്ന െവബ്സൈറ്റിലും ലഭ്യമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA