ADVERTISEMENT

ഉയര്‍ന്ന അക്കാദമിക നിലവാരം, മികച്ച തൊഴില്‍ സാധ്യത, പഠനശേഷം കുറച്ചുകാലം കൂടി അവിടെ തുടരാന്‍ സാധിക്കുന്ന സ്റ്റേ ബാക്ക് ഓപ്ഷനുകള്‍..വിദേശ വിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. 2017- ല്‍ 4 ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് ഉപരിപഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോയത്. വിദേശത്ത് ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ രാജ്യത്തും തങ്ങള്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ സ്‌പെഷിലൈസേഷന്‍ സാധ്യതകളും പഠനത്തിനായി വേണ്ടി വരുന്ന ഏകദേശ ചിലവുകളുമെല്ലാം അറിഞ്ഞിരിക്കണം. ഓരോ രാജ്യത്തും ഇതിന് വ്യത്യാസമുണ്ടാകും. 

യു.എസ്  

ഏതാണ്ട് എല്ലാ മേഖലകളിലും ലോകത്തിലെ ഏറ്റവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നു എന്നതാണ് യു.എസിനെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രിയങ്കരമാക്കുന്നത്. 2017-ല്‍ 10.18 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി യു.എസില്‍ എത്തിയത്. ഇതില്‍ 77 ശതമാനവും ഏഷ്യയില്‍ നിന്നുള്ളവര്‍ ആയിരുന്നു. ജീവിതച്ചിലവുകളും വിദ്യാഭ്യാസത്തിനായുള്ള ചിലവുകളും യു.എസില്‍ താരതമ്യേന കൂടുതലാണ്. 

യു.എസ് പ്രധാനമായും മൂന്ന് തരം സ്റ്റുഡന്റ് വിസയാണ് വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിക്കുക. 

1. എഫ്-1 സ്റ്റുഡന്റ് വിസ, 2. ജെ-1 എക്‌സ്‌ചേഞ്ച് വിസ, 3. എം-1 സ്റ്റുഡന്റ് വിസ

യു.എസിലെ അംഗീകൃത കോളേജിലെയോ, യൂണിവേഴ്‌സിറ്റിയിലെയോ ഉപരിപഠനത്തിനായി എഫ്-1 സ്റ്റുഡന്റ് വിസയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുക. ഹൈസ്‌കൂള്‍- യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഉള്‍പ്പെടെ പിന്നീട് മാറേണ്ടി വരുന്ന പഠനങ്ങള്‍ക്ക് ആണ് ജെ-1 എക്‌സ്‌ചേഞ്ച് വിസ അനുവദിക്കുന്നത്. അതേസമയം ഏതെങ്കിലും വോക്കേഷണല്‍ കോഴ്‌സുകളുടെ പഠനത്തിനോ ട്രെയിനിങ്ങിനോ ആണ് വിദ്യാര്‍ത്ഥികള്‍ യു.എസ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ എം.1 സ്റ്റുഡന്റ് വിസയാകും ലഭിക്കുക. 

എഫ് 1 സ്റ്റുഡന്റ് വിസയില്‍ സാധാരണയായി യു.എസില്‍ എത്തി ഒരു വര്‍ഷം പഠനം നടത്തുന്നതിന് ജീവിതച്ചിലവുകള്‍ ഉള്‍പ്പെടെ ഏകദേശം 35- ലക്ഷം രൂപയില്‍ അധികം വേണ്ടി വരും. (മെഡിസിന്‍, എം.എസ് പോലുള്ള ഉയര്‍ന്ന ഫീസുള്ള കോഴ്‌സുകള്‍ക്ക് വ്യത്യാസം വരും) സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ് വിഷയങ്ങളില്‍ പി.ജി ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം യു.എസില്‍ സ്റ്റേബാക്ക് ലഭിക്കും.

2. യു.കെ 

അക്കാദമിക നിലവാരത്തില്‍ യു.എസിന് തൊട്ടു താഴെയാണ് യു.കെയുടെ സ്ഥാനം. 4,42,000-ല്‍ അധികം വിദേശ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ 2017-ല്‍ പഠനത്തിനായി എത്തിയത്. എന്‍ജിനീയറിങ്, എം.എസ്, ടെക്‌നോളജി, മെഡിസിന്‍, ലോ, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേന്‍ കോഴ്‌സുകളാണ് കൂടുതല്‍ പേരും പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഏകദേശം 25- ലക്ഷം രൂപയില്‍ അധികം പഠനത്തിനും ജീവിതച്ചിലവുകള്‍ക്കുമായി യു.കെയില്‍ വേണ്ടി വരും. (കോഴ്‌സ് അനുസരിച്ച് വ്യത്യാസം വരാം) കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പഠനം കഴിഞ്ഞാല്‍ സ്റ്റേ ബാക്ക്  ലഭിക്കില്ല.

3.ജര്‍മനി

അക്കാദമിക നിലവാരത്തില്‍ യു.എസിനും യു.കെയ്ക്കും തൊട്ടു പിന്നിലാണ് ജര്‍മനിയുടെ സ്ഥാനം. ഇവിടെ പൊതു വിദ്യാഭ്യാസം സൗജന്യമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ ജര്‍മന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടണമെങ്കില്‍ ജര്‍മന്‍ ഭാഷ  പഠിച്ചിരിക്കണം. +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ജര്‍മന്‍ പ്രിപ്പറേഷന്‍ കോഴ്‌സ് ഉണ്ട്. ഒരു മാസം ജീവിതച്ചെലവുകള്‍ക്കായി ഏകദേശം 550  യൂറോ വരെയാണ് വേണ്ടി വരിക.

ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, ബിസിനസ് മാനേജ്‌മെന്റ്, ഹ്യൂമാനിറ്റീസ്, മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ മികച്ച  കോഴ്‌സുകള്‍ ലഭ്യമാണ്.ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനും ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലെ ഉപരിപഠനത്തിനും ജര്‍മനി തിരഞ്ഞെടുക്കുന്നവരും ഉണ്ട്. എന്നാല്‍ ചില സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ പഠനത്തിന് വര്‍ഷം 12 ലക്ഷം രൂപയോളം വേണ്ടി വന്നേക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്  ട്യൂഷന്‍ ഫീ ഇല്ല എന്നതിന് ഒപ്പം വിവിധ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.

4. ഓസ്‌ട്രേലിയ

യു.എസിനും യു.കെയ്ക്കും ശേഷം ഏറ്റവും അധികം വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന  രാജ്യമാണ് ഓസ്‌ട്രേലിയ. അക്കൗണ്ടന്‍സി, സയന്‍സ്,ആര്‍ക്കിടെക്ചര്‍, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ഐ.ടി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഓസ്‌ട്രേലിയയില്‍ ഉന്നത നിലവാരത്തില്‍ ഉപരിപഠനം  നടത്താം. ഇവിടെ താരതമ്യേന ജീവിതച്ചെലവുകള്‍ ഉയര്‍ന്നതാണ്. 

ഒരു വര്‍ഷത്തെ വിദ്യാഭ്യാസച്ചിലവുകള്‍ക്കും ജീവിതച്ചിലവുകള്‍ക്കുമായി  30 ലക്ഷം രൂപയോളം വേണ്ടി വന്നേക്കും. പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം സ്റ്റേ ബാക്ക് ലഭിക്കും. 

5.യൂറോപ്പ്

പല യൂറോപ്യന്‍ രാജ്യങ്ങളിലും  വിദ്യാഭ്യാസച്ചിലവുകള്‍ താരതമ്യേന വളരെ കുറവാണ്.  ചില ഇടങ്ങളില്‍ വിദ്യാഭ്യാസം സൗജന്യവുമാണ്.  എന്നാല്‍ ജീവിതച്ചിലവുകള്‍  ഉയര്‍ന്നതായിരിക്കും. അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപാ വരെയേ വിദ്യാഭ്യാസത്തിനായി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിവര്‍ഷം ചിലവു വരൂ. 

യൂറോപ്യൻ രാജ്യങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന യൂറോപ്യർ അല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സെമസ്റ്റര്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് പൂര്‍ത്തീകരിക്കാനും അവസരമുണ്ട്. മെഡിസിന്‍, അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ യൂറോപ്പില്‍ ഉപരിപഠനം നടത്താം. 

ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാസ്റ്റേഴ്‌സ് ബിരുദം സൗജന്യമായി നേടാം. സ്വീഡന്‍, ഫിന്‍ലന്‍ഡ് തുടങ്ങിയ സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് മാത്രം മതിയാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള വിഷയങ്ങളിലെ പഠനത്തിന് ഫിന്‍ലന്‍ഡ് പേരുകേട്ടതാണ്. 

6. കാനഡ

സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റേ ബാക്ക് ലഭിക്കും എന്നതിനാല്‍ ന്യൂ-ജെന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഡെസ്റ്റിനേഷന്‍ ആണിത്. താരതമ്യേന വിദ്യാഭ്യാസച്ചിലവുകള്‍ കുറവുമാണ്.റിസേര്‍ച്ച് അധിഷ്ഠിത വിദ്യാഭ്യാസത്തിന് പേര് കേട്ട കാനഡയില്‍ എന്‍ജിനിയറിങ്. ഐ.ടി, ബിസിനസ് മാനേജ്‌മെന്റ്, ഫാര്‍മസി, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലയില്‍ മികച്ച കോഴ്‌സുകള്‍ ലഭ്യമാണ്. 

കമ്മ്യൂണിറ്റി, ടെക്‌നിക്കല്‍ കോളേജുകളും അപ്ലയഡ് ആര്‍ട്‌സ് , സയന്‍സ് സ്‌കൂളുകളും വിവിധ ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബാച്ചിലര്‍ ഡിഗ്രി തുടങ്ങിയവ നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിനും ജീവിതച്ചെലവുകള്‍ക്കുമായി ഏകദേശം 15 ലക്ഷം രൂപ വരെയാണ് പ്രതിവര്‍ഷം വേണ്ടി വരിക.

(വിവരങ്ങള്‍ക്ക് കടപ്പാട് : മനു രാജഗോപാല്‍, ഐ.എസ്.ഇ എഡ്യുക്കേഷന്‍ മീഡിയ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com