ADVERTISEMENT

"ഭർത്താവിന്റെ പരിമിതമായ ശമ്പളം കൊണ്ടു ജീവിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. ഒന്നാംതീയതി കിട്ടുന്ന ശമ്പളത്തിന്റെ പൊലിമ ഒരു വാരം മാത്രം നീളുന്നു. പിന്നെ ക്രെഡിറ്റ് കാർഡാണ് തുണ. അതു എന്റെ കൈവശം തന്നെയാണ് സൂക്ഷിക്കുന്നത്. നോക്കിയും കണ്ടും ഉപയോഗിക്കുന്നതുകൊണ്ട് ഇതുവരെ നഷ്ടമൊന്നുമുണ്ടായിട്ടില്ല. അടുത്ത ശമ്പളം കിട്ടുന്നതുവരെയുള്ള ആവശ്യങ്ങൾക്കാണ് കൂടുതലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്". ഒരു വീട്ടമ്മയുടെ സാക്ഷ്യപ്പെടുത്തലാണിത്

ഗുണങ്ങൾ

സാലറി എല്ലാവരുടെയും പോലെ ഒരാഴ്ച ചെലവിടാനുള്ളതേ ഉണ്ടാകൂ എന്നു പറഞ്ഞല്ലോ. ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനു മുൻപ്, സുഹൃത്തുക്കളുടെ കയ്യിൽനിന്നു കടം വാങ്ങിയായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ ചെലവ് നടത്തിയിരുന്നത്. അല്ലെങ്കിൽ ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കും. എങ്ങനെയെങ്കിലും ഉന്തിത്തള്ളി മാസാവസാനം വരെ എത്തിക്കും. കാരണം, അടുത്ത ശമ്പളം കിട്ടിയാലേ കാര്യങ്ങൾ ഇനി മുന്നോട്ടു പോകൂ. 

ക്രെഡിറ്റ് കാർഡ് കിട്ടിയതോടെ ഈ കടമെടുപ്പ് നിർത്താനായി. ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട, ഇരുണ്ട മുഖം കാണേണ്ട. സൗഹൃദങ്ങൾ നഷ്ടപ്പെടുത്തേണ്ട. ബിഗ് ബസാറിലും മറ്റും ചില ദിവസങ്ങളിൽ മുടിഞ്ഞ ഓഫറുകൾ വരും. ഉദാഹരണത്തിന്, ബുധനാഴ്ച പച്ചക്കറികൾക്ക് 50 ശതമാനം വരെ വിലക്കുറവ് കിട്ടാറുണ്ട്. വീട്ടാവശ്യത്തിനുള്ളത് ഈ ദിവസങ്ങളിൽ ഒന്നിച്ചു വാങ്ങിവയ്ക്കും. 

ഒരു ചെറിയ ഉദാഹരണം പറയാം. സവാള പുറത്ത് കിലോ 50 രൂപ വിലയുള്ളപ്പോൾ ഓഫർ ദിനങ്ങളിൽ ഇത് 30 രൂപ വരെ കുറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിവയ്ക്കും. 

അവശ്യനേരത്ത് കാശിനു ഓടേണ്ട

നമുക്ക് അത്യാവശ്യമുള്ള സാധനങ്ങൾക്ക് ചില ഇൻസ്റ്റന്റ് ഓഫറുകൾ വരുമ്പോൾ ചാടിവാങ്ങണമെങ്കിൽ ക്രെഡിറ്റ് കാർഡ് സഹായിക്കാറുണ്ട്. ഉദാഹരണം ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ ചില വൺഡേ ഓഫറുകൾ. നമുക്കിഷ്ടപ്പെട്ട ഫോണുകൾ വൻവിലക്കുറവിൽ കുറച്ചുനേരത്തേക്കു ഫ്ലാഷ് സെയിൽ നടക്കുമ്പോൾ കാശിനു വേണ്ടി ഓടിനടക്കാതെ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അതുവഴി ബുക്ക് ചെയ്യാം. 

ഈയിടെ ലുലുവിൽ 50 ശതമാനം വിലക്കിഴിവു വന്നപ്പോൾ വീട്ടിലേക്കുള്ള ഫ്രിഡ്ജ് കയ്യോടെ പൊക്കിയതും ഇതേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടായിരുന്നു. 

എങ്ങനെ ഉപയോഗിക്കണം?

കുറഞ്ഞത് ഒരു മാസത്തെ തിരിച്ചടവു കാലാവധിക്കുള്ളിൽ നമുക്കു കാശു കടം കിട്ടുന്നു എന്നുള്ളതാണ് ക്രെഡിറ്റ് കാർഡിന്റെ മേന്മ. ഈ കടം കൃത്യമായി തിരിച്ചടച്ചാൽ കാര്യങ്ങൾ ക്ലിയർ.

തിരിച്ചടവിനു രണ്ടു രീതികളുണ്ട്.

 ഒരു ബില്ലിങ് കാലയളവിൽ ചെലവിട്ടതും പേയ്മെന്റ് ഡേറ്റിൽ തിരിച്ചടയ്ക്കേണ്ടതുമായ മുഴുവൻ തുകയും ഇതിൽപ്പെടുന്നു. പേയ്മെന്റ് ഡേറ്റിൽ മുഴുവൻ തുക അടയ്ക്കാൻ പറ്റിയില്ലെങ്കിൽ മിനിമം തുക അടയ്ക്കാം. പിന്നീടുള്ള തുകയ്ക്ക് ആനുപാതികമായ പലിശ കൊടുക്കേണ്ടി വരുമെന്നു മാത്രം. 

ഭർത്താവിനു ശമ്പളം കിട്ടുന്ന ദിനങ്ങളിലാണ് കാർഡിന്റെ പേയ്മെന്റ് തീയതി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ തുക ആദ്യമേ അടച്ചിടും. പിന്നെ തലവേദനകളില്ല. ഉദാഹരണത്തിന് 10,000 രൂപയാണു മൊത്തം തുക എന്നു കരുതുക. ശമ്പളം കിട്ടിയാൽ ആ തുക ഉടൻ തന്നെ അടയ്ക്കും. ആ പണം അടയ്ക്കാതെ നിത്യാവശ്യങ്ങൾക്കായി ചെലവിടുകയാണെങ്കിൽ ബില്ലടയ്ക്കാൻ വേറെ തുക കണ്ടെത്തേണ്ടിവരും. 

ബില്ലിങ് ഡേറ്റ്, ശമ്പളം കിട്ടുന്ന ദിനങ്ങളുമായി ഒത്തുപോകുന്ന തരത്തിൽ ആക്കുക. അങ്ങനെയല്ലെങ്കിൽ ബാങ്കിനെ സമീപിച്ച് ആ രീതിയിൽ ആക്കുന്നതാണ് നല്ലത്. 

ഓഫറുകൾ പ്രയോജനപ്പെടുത്താം

ധാരാളം യാത്രകൾ ഉള്ള കൂട്ടത്തിലാണ് ഭർത്താവ്. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും മറ്റും ഒട്ടേറെ ഓഫറുകളും കാഷ് ബാക്ക് സ്കീമുകളുമുണ്ട്. ഞ‍ങ്ങളുടെ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ ഇങ്ങനെ നിത്യേന ഓഫറുകൾ വരും. എല്ലാത്തിനും തലവയ്ക്കണം എന്നല്ല. ആവശ്യമുള്ളതിന് ക്രെഡിറ്റ് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുക.

മെയ്ക്ക്മൈട്രിപ്പിൽ ക്രെഡിറ്റ് കാർഡ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്താൽ 15 ശതമാനം വരെ കിഴിവുണ്ടാകും. (കണ്ടീഷനുകളുണ്ട്). യാത്രകളിൽ പ്രധാന എയർപോർട്ട് ലോഞ്ചുകളിൽ സൗജന്യ പ്രവേശനവും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ സാധ്യമാണ്. 

സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഇങ്ങനെ ടിക്കറ്റ്  ബുക്കു ചെയ്തുകൊടുക്കാറുണ്ട്. ഒരു ടിക്കറ്റിൽ ആയിരം രൂപയ്ക്കു മുകളിൽ ഓഫർ ലഭിച്ചാൽ അതൊരു നല്ല ലാഭമല്ലേ? ഇതുപോലെ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലെ  ഭക്ഷണബില്ലിലും ഇളവുകളും കിട്ടും.

ഈയിടെ ഒരു കമ്പനി ഞങ്ങളുടെ ബാങ്കുമായി ചേർന്ന് 20,000 രൂപയുടെ ഹോം ആക്സസറീസ് വാങ്ങുമ്പോൾ 3,000 രൂപ കാഷ്ബാക്ക് ഓഫർ നൽകിയിരുന്നു. അന്നാണ് വീട്ടിലേക്കുള്ള എൽഇഡി ടിവി വാങ്ങിയത്. ഇഎംഐ ട്രാൻസാക്‌ഷൻ വഴി വാങ്ങുന്ന ആപ്പിൾ ഉൽപന്നങ്ങൾക്ക് പരമാവധി 10,000 രൂപ വരെ ക്യാഷ്ബാക്ക് കിട്ടുമ്പോൾ വേറെന്ത് ആലോചിക്കാൻ!

ഇനി ബോറടിച്ചിരിക്കുമ്പോൾ ഒരു സിനിമ കാണണം എന്നു തോന്നിയാലോ. ബുക്ക്മൈടിക്കറ്റുമായി സഹകരിച്ച് ഒന്നിനൊന്ന് ഫ്രീ ടിക്കറ്റ് ലഭിക്കും. എല്ലാ ആഴ്ചയിലും ഈ ഓഫർ ഉണ്ടാകും. അതായത് പകുതി വിലയ്ക്ക് സിനിമാടിക്കറ്റ്.

ബാങ്കിന്റെ പ്ലാറ്റിനം, കോറൽ ക്രെഡിറ്റ് കാർഡുകൾ ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്. കോറൽ കാർഡുകൾക്ക് ജോയിനിങ് ഫീ ആയി 500 രൂപയും ജിഎസ്ടിയും ഈടാക്കുന്നുണ്ട്. രണ്ടാം വർഷം മുതൽ വാർഷികഫീസ് ആയി 500 രൂപയും ജിഎസ്ടിയും നൽകണം. പ്ലാറ്റിനം കാർഡുകൾക്ക് 199 രൂപയും സർവീസ് ടാക്സും മാത്രമേ ഉള്ളൂ. 

ഏൺ പോയിന്റ്സ് 

ഓരോ പർച്ചേസിനും നിശ്ചിത പോയിന്റുകൾ ലഭിക്കും. ഇവ കൂട്ടിവച്ച് കുറേ പോയിന്റ് ആകുമ്പോൾ ചില ബാങ്കുകൾ ഗിഫ്റ്റുകൾ നൽകും. ഗിഫ്റ്റിനു പകരം പോയിന്റുകൾ പണമാക്കി മാറ്റാനും സൗകര്യമുണ്ട്. ബില്ലുകൾ എല്ലാംതന്നെ സാധ്യമെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ഓട്ടോ പേ സംവിധാനത്തിലേക്കു മാറ്റാം. 

ഉദാഹരണത്തിന് മൊബൈൽ ബിൽ. ഇത് കാലാവധി ആകുമ്പോൾ ക്രെഡിറ്റ് കാർഡിൽനിന്നു പിൻവലിച്ചോളും. ഇങ്ങനെ ഓരോ ബില്ലും ഓട്ടോ പേ ഇട്ടാൽ വെവ്വേറെ അടയ്ക്കാൻ നിൽക്കേണ്ട. ഒന്നിച്ച് അവസാനം ക്രെഡിറ്റ് കാർഡിന്റെ ബില്ലിൽ വരും. അപ്പോൾ അടച്ചാൽ മതി. മറ്റു ഡെബിറ്റ്  കാർഡുകളിൽ ഓട്ടോ പേ നൽകിയാൽ പണമില്ലാതെ വന്നേക്കാം.  അത്തരം സാഹചര്യങ്ങൾ ഇവിടെ ഒഴിവാക്കാൻ കഴിയും. 

അതുപോലെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത്. ക്രെഡിറ്റ് കാർഡ്  ഉപയോഗിക്കുമ്പോൾ ചെറിയ ചാർജ് ഈടാക്കാറുണ്ട്. എന്നാൽ ബാങ്കുമായി ധാരണ ഉള്ള വാഹനമാണെങ്കിൽ ഈ സർചാർജ് തിരികെ അക്കൗണ്ടിലേക്ക് കിട്ടും.

ഇൻസ്റ്റൻറ് ലോൺ

ക്രെഡിറ്റ് കാർഡുകളിൽ ഇൻസ്റ്റന്റ് ലോൺ ലഭ്യമാണ് എന്നത് ഏറെ ആകർഷകമായ സംഗതിയാണ്. സുഹൃത്ത് നൗഫൽ ഇപ്പോൾ ബൈക്ക് എടുക്കാനായി ഇൻസ്റ്റന്റ് ലോണിന് അപേക്ഷിച്ചു. വെഹിക്കിൾ ലോണിനായി പേപ്പർ വർക്കുകൾ ചെയ്യണം. ഓടിനടക്കണം. ലോൺ കാലാവധി തീരുമ്പോൾ ഹൈപൊത്തിക്കേഷൻ മാറ്റണം. ഇങ്ങനെ ഗുലുമാലുകൾ ഏറെ. ക്രെഡിറ്റ് കാർഡ് വഴിയുള്ള ലോൺ ആണെങ്കിൽ നിമിഷനേരം കൊണ്ട് കാഷ് അക്കൗണ്ടിലെത്തും. പലിശയാണെങ്കിലോ, താരതമ്യേന തുല്യം. നേരിയ കുറവ് ക്രെഡിറ്റ് കാർഡുകളിലുള്ള ലോണിനാണ് എന്നു പറയാം.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com