sections
MORE

ക്രെഡിറ്റ് കാർഡുപയോഗിച്ച് വായ്പെയടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിയുക

HIGHLIGHTS
  • ക്രെഡിറ്റ് കാർഡ് ലോണിന്റെ തിരിച്ചടവുകൾ മുടക്കിയാൽ അവ നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും മാത്രമല്ല വീണ്ടുമൊരു ലോൺ കിട്ടാനുള്ള സാദ്ധ്യതയും ഇല്ലാതാകും
mobile money
SHARE

വീട്ടിലെ ഫ്രിഡ്ജ് കേടായി.വാങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു.നന്നാക്കാനാണെങ്കിൽ എണ്ണായിരത്തോളം രൂപ വേണം. എത്രനാൾ വീണ്ടും പ്രവർത്തിക്കുമെന്നും ഉറപ്പില്ല.അപ്പോൾ പുതിയതൊരെണ്ണം പെട്ടെന്ന് വാങ്ങാൻ തീരുമാനിച്ചു. അമ്പതിനായിരം രൂപയ്ക്ക് മേൽ വിലയായി. ക്രെഡിറ്റ് കാർഡ് ഉള്ളതുകൊണ്ട് അതിനുമേൽ ലോൺ ലഭിച്ചു.12 മാസം കൊണ്ട് അടച്ചുതീരും.13 ശതമാനം പലിശ. മാസം 4500 രൂപയെ അടവുള്ളൂ. ഒരു സുഹൃത്ത് പറഞ്ഞ കാര്യമാണിത്. ഒരു കടലാസ്ജോലിയും ഇല്ലാതെ അനായാസം വായ്പ ലഭിച്ചത് കൊണ്ട് പെട്ടെന്ന് കാര്യം സാധിച്ചു. 

മൊബൈൽ ഫോൺ, വാഷിങ് മെഷീൻ, ടി വി മുതലായ പല സാധനങ്ങളും ഇങ്ങനെ ക്രെഡിറ്റ് കാർഡ് ലോണിന്റെ സഹായത്തോടെ വാങ്ങാൻ കഴിയുന്നൂ. ക്രെഡിറ്റ് കാർഡ് ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?  ക്രെഡിറ്റ് കാർഡ് ലോൺ ആണോ പേഴ്സണൽ ലോൺ ആണോ നല്ലത്? ചില സന്ദർഭങ്ങളിൽ ഇവയിലേതാണ് അഭികാമ്യം? ഇത്തരം കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

വായ്പ രണ്ട് തരം 

ക്രെഡിറ്റ് കാർഡ് വായ്പ രണ്ട് തരമുണ്ട്. ഒന്ന് മേൽ പറഞ്ഞ രീതിയിൽ സാധനങ്ങൾ വാങ്ങാൻ ലഭിക്കുന്ന വായ്പ. ഇത്തരം വായ്പയിൽ ക്രെഡിറ്റ് കാർഡിന്റെ പരമാവധി പരിധിക്കുള്ളിലുള്ള തുകയെ ലഭിക്കൂ. ക്രെഡിറ്റ് കാർഡിൽ നിന്നും മറ്റാവശ്യങ്ങൾക്ക് പണം ചിലവഴിച്ചിട്ടുണ്ടെങ്കിൽ പരമാവധി പരിധിയിൽ നിന്നും ആ തുക കുറച്ചിട്ടുള്ള ബാക്കിയേ ഇത്തരത്തിൽ കടമായി ലഭിക്കൂ. 

രണ്ടാമത്തെ തരം വായ്പ ആണെങ്കിൽ കാർഡ് ഉടമയുടെ ബാധ്യതാചരിത്രം നോക്കി മുൻകൂട്ടി അനുവദിച്ച വായ്പ ആണ്. പ്രീ അപ്പ്രൂവ്ഡ് ലോൺ എന്ന് പറയും. മുൻകൂട്ടി അനുവദിച്ചതിൽ കൂടുതൽ തുക ലഭിക്കാൻ സാദ്ധ്യത കുറവാണ്.   ഇത്തരം  വായ്പയ്ക്ക് കാർഡിന്റെ ഉയർന്നപരിധി ബാധകമല്ല. രണ്ടര ശതമാനത്തോളം പ്രോസസ്സിംഗ് ചാർജ് ഈടാക്കാറുണ്ട് മാത്രമല്ല അതിനു ജി എസ് ടി ബാധകമാണ്. ഇതിന് പ്രത്യേകം അപേക്ഷ ഫോറം നൽകേണ്ടതില്ല. വായ്പ എടുക്കാനുള്ള സന്നദ്ധത അറിയിച്ചാലുടൻ ലോൺ പ്രോസസ്സിംഗ് ചാർജ് കുറച്ചിട്ടു ബാക്കി തുക ഉടൻ ബാങ്ക് അക്കൗണ്ടിൽ വരും. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി 6 മാസം  മുതൽ 3 വർഷം വരെ ലഭിക്കും. 

തിരിച്ചടവ് മുടങ്ങിയാൽ പണിയാകും

ക്രെഡിറ്റ് കാർഡ് മുഖേന ലഭിക്കുന്ന രണ്ടു തരം വായ്പകളുടെ മാസ തവണകൾ ക്രെഡിറ്റ് കാർഡ് ബില്ലിൽ ഉൾപെടുത്തിയിരിക്കും. ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കാനുള്ള കുറഞ്ഞ പരിധിയായ അഞ്ചുശതമാനത്തിൽ ഇത് ഉൾപ്പെടില്ല. ഉദാഹരണത്തിന് നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു ഈ മാസം ഇരുപതിനായിരം രൂപ ചിലവഴിച്ചുവെന്നിരിക്കട്ടെ. കഴിഞ്ഞ മാസം ബില്ല് തുക മുഴുവൻ അടച്ചിരുന്നു. ഈ മാസം ക്രെഡിറ്റ് കാർഡ് ലോണിന്റെ തവണയായ അയ്യായിരം രൂപ കൂടി ഉൾപ്പെടുത്തി ബില്ല് തുക ഇരുപത്തയ്യായിരം രൂപയാണ്. അപ്പോൾ നിങ്ങൾ അടക്കേണ്ട കുറഞ്ഞ തുക  ഇരുപത്തയ്യായിരം രൂപയുടെ അഞ്ചുശതമാനമല്ല. പക്ഷെ ഇരുപതിനായിരം രൂപയുടെ അഞ്ചുശതമാനമായ ആയിരം രൂപയും ക്രെഡിറ്റ് കാർഡ് ലോണിന്റെ തവണയായ അയ്യായിരം രൂപയും ചേർത്ത് ആറായിരം രൂപയാണ് നിങ്ങൾ അടക്കേണ്ട കുറഞ്ഞ തുക.

പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഇത്തരം ലോണുകൾ പ്രയോജനപ്പെടും. കാലാവധി തീരും മുൻപ് തുക ഒരുമിച്ചടയ്ക്കാനുള്ള സംവിധാനം ഇത്തരത്തിലുള്ള  എല്ലാ വായ്പകൾക്കും ലഭിക്കണമെന്നില്ല.നിങ്ങൾ ഏതെങ്കിലും കാരണവശാൽ ക്രെഡിറ്റ് കാർഡ് ലോണിന്റെ തിരിച്ചടവുകൾ മുടക്കിയാൽ അവ നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും. മാത്രമല്ല, വീണ്ടുമൊരു വായ്പ കിട്ടാനുള്ള സാദ്ധ്യതയും ഇല്ലാതാകും. 

(പ്രോഗ്നോ ഫിനാൻഷ്യൽ പ്ലാനിങ് പ്രൈവറ്റ്  ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ആണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA