നിങ്ങൾ ആദായനികുതി റിട്ടേണ്‍ അടച്ചില്ലേ? ഇനി പിഴ അടച്ച് ഫയൽ ചെയ്യാം

HIGHLIGHTS
  • 2018–19ലെ ബിലേറ്റഡ് റിട്ടേണുകൾ 2020 മാർച്ച് 31 വരെ നൽകുവാൻ സാധിക്കും
tax return (2)
SHARE

നിങ്ങളുടെ വരുമാനം,അതിന് നൽകിയ നികുതി എന്നിവ സംബന്ധിച്ച വിശദമായ പ്രസ്താവനയാണ് ആദായ നികുതി റിട്ടേൺ.  ഓരോ വർഷവും ഇതു സർക്കാരിനു നൽകാനുള്ള ബാധ്യത എല്ലാ നികുതിദായകർക്കുമുണ്ട്.

ആരൊക്കെ റിട്ടേൺ നൽകണം?

1. 60 വയസിൽ താഴെ പ്രായമുള്ള, ധനകാര്യ വർഷത്തിൽ 2.5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർ.

2. 60– 80 വയസിലുള്ള, ധനകാര്യ വർഷത്തിൽ 3 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള മുതിർന്ന പൗരന്മാർ.

3. 80 വയസിൽ കൂടുതൽപ്രായമുള്ള, ധനകാര്യ വർഷത്തിൽ 5ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള അതിമുതിർന്ന പൗരന്മാർ.

4. കമ്പനികൾ, പങ്കാളിത്ത സ്ഥാപനങ്ങൾ തുടങ്ങിയവ നഷ്‌ടമാണെങ്കിലും നിർബന്ധമായും  ആദായനികുതി റിട്ടേൺ നൽകിയിരിക്കണം.  

പിഴ കൂടാതെ റിട്ടേൺ നൽകാവുന്ന സമയം

ഒരു ധനകാര്യ വർഷത്തിലെ ആദായനികുതി റിട്ടേൺ പിഴ കൂടാതെ നൽകാനുള്ള സമയം സാധാരണ തൊട്ടുവരുന്ന ധനകാര്യ വർഷം (ആദായനികുതി വകുപ്പിന്റെ ഭാഷയിൽ അത് അസെസ്‌മെന്റ് വർഷം) ജൂലൈ 31 വരെയാണ്. എന്നാൽ 2018–19–ലെ റിട്ടേൺ പിഴ  കൂടാതെ നൽകുന്നതിനുള്ള തീയതി  2019 ഓഗസ്റ്റ് 31 വരെ ആദായനികുതി വകുപ്പ് നീട്ടി നൽകുകയായിരുന്നു.

ചില നികുതിദായകർക്ക്  റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലയവിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകർ, പാർട്‌ണർഷിപ് വ്യാപാരസ്ഥാപനങ്ങളുടെ പങ്കാളികൾ,  കമ്പനികൾ തുടങ്ങിയവർക്കാണ് സമയത്തിൽ ഇളവുള്ളത്.   

പിഴ കൂടാതെ റിട്ടേൺ നൽകേണ്ട  കാലാവധി കഴിഞ്ഞു. ഇനി എന്ത്?

പിഴ കൂടാതെ റിട്ടേൺ നൽകേണ്ട  സമയം കഴിഞ്ഞു.ഈ സമയത്ത് റിട്ടേൺ നൽകാൻ സാധിക്കാത്തവർ എന്താണ് ചെയ്യേണ്?

ഇത്തരക്കാർക്ക് പിഴ നൽകി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം ആദായനികുതി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പിഴ നൽകി 2020 മാർച്ച് 31 വരെ ഇത്തരക്കാർക്ക് റിട്ടേൺ നൽകാം. ഇങ്ങനെ നൽകുന്ന റിട്ടേണിനെ ‘ബിലേറ്റഡ് റിട്ടേൺ’ എന്നു വിളിക്കുന്നു.  

ബിലേറ്റഡ് റിട്ടേണുകൾ  എന്നുവരെ? 

ബിലേറ്റഡ് റിട്ടേണുകൾ സാധാരണ സമർപ്പിക്കുവാൻ കഴിയുന്നത് അസെസ്‌മെന്റ് വർഷത്തിന്റെ അവസാനം വരെയാണ്. ഇതനുസരിച്ച്  2018–19ലെ ബിലേറ്റഡ് റിട്ടേണുകൾ 2020 മാർച്ച് 31വരെ നൽകുവാൻ സാധിക്കും. നികുതിയായി ഒന്നും അടയ്‌ക്കാനില്ലാത്ത റിട്ടേണുകളിൽ പിഴത്തുക ഉണ്ടാവില്ല. 2020 മാർച്ച് 31നു ശേഷം 2018–19 സാമ്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധാരണഗതിയിൽ സാധിക്കില്ല.

ബിലേറ്റഡ് റിട്ടേണിനുള്ള പിഴ 

വരുമാനം 5 ലക്ഷം രൂപയിൽ താഴെയെങ്കിൽ 1000 രൂപ

വരുമാനം 5 ലക്ഷം രൂപയ്‌ക്കു മുകളിലാണെങ്കിൽ

* 2019 ഡിസംബർ 31–ന് മുമ്പ് 5000 രൂപ

* 2020 ജനുവരി 1–ന് ശേഷം മാർച്ച് 31 വരെ 10000 രൂപ 

ബിലേറ്റഡ് റിട്ടേണുകൾ റിവൈസ് ചെയ്‌ത് ഫയൽ ചെയ്യാൻ സാധിക്കുമോ

2016–17 സാമ്പത്തികവർഷത്തിനു മുമ്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്‌തുകഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്യുവാൻ സാധിക്കില്ലായിരുന്നു. എന്നാൽ, 2016–17 സാമ്പത്തികവർഷം മുതൽ ആവശ്യമെങ്കിൽ  ബിലേറ്റഡ് റിട്ടേണും പുതുക്കി ഫയൽ ചെയ്യാം. 

ബിലേറ്റഡ് റിട്ടേണിന്റെ പ്രത്യാഘാതം   

* ബിലേറ്റഡ് റിട്ടേണുകളാണ് ഫയൽ ചെയ്യുന്നതെങ്കിൽ, നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നുമുള്ള നഷ്ടങ്ങൾ, മൂലധനനഷ്ടം, മറ്റു വരുമാനങ്ങളുടെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവയാണ് കാരിഫോർവേഡ് ചെയ്യാൻ അനുവദിക്കാത്തത്. എന്നാൽ, ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം കാരിഫോർവേഡ് ചെയ്യാവുന്നതാണ്. 

* നികുതി കുടിശികയുണ്ടെങ്കിൽ അതിന് പ്രതിമാസം ഒരു ശതമാനം  വീതം പലിശ നിൽകണം. 

* പതിനായിരം രൂപ വരെ പിഴയായി നൽകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA