ADVERTISEMENT

2019–20–ലെ ബജറ്റിൽ നിർദ്ദേശിച്ച പുതിയ ആദായനികുതി നിയമങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വന്നു. പ്രധാനമായും സ്രോതസിൽ നിന്നുള്ള നികുതി കിഴിക്കുന്നതു ( ടിഡിഎസ്) സംബന്ധിച്ചുള്ളതാണ് ഈ മാറ്റങ്ങൾ. ഇതു മുഖ്യമായും വ്യക്തികളെ ബാധിക്കുന്നവയാണ്.

1. പണം പിൻവലിക്കുന്നതിന് ടിഡിഎസ്

ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയിൽ കൂടുതൽ തുക കാഷ് ആയി പിൻവലിച്ചാൽ ബാങ്കുകൾ, കോ– ഓപ്പറേറ്റീവ് ബാങ്കുകൾ, പോസ്റ്റോഫീസ് തുടങ്ങിയവ രണ്ടു ശതമാനം ടിഡിഎസ് പിടിക്കും.

2. ലൈഫ് ഇൻഷുറസ് വരുമാനം

നികുതി നൽകേണ്ടതായ ലൈഫ് ഇൻഷുറസ് വരുമാനം വാങ്ങുമ്പോൾ അഞ്ചു ശതമാനം ടിഡിഎസ് പിടിക്കും. നേരത്തെ ഇത് ഒരു ശതമാനമായിരുന്നു. എന്നാൽ ലഭിക്കുന്ന തുക ഒരു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ ടിഡിഎസ് നൽകേണ്ടതില്ല. അതേപോലെ പോളിസി ഉടമയുടെ മരണത്തെ തുടർന്നു ലഭിക്കുന്ന തുകയ്ക്കും ടിഡിഎസ് നൽകേണ്ടതില്ല.

ആദായനികുതി നിയമമനുസരിച്ച് ഇഷുറസ് പോളിസി കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ല. പക്ഷേ സം അഷ്വേഡ് തുക വാർഷിക പ്രീമിയത്തിന്റെ 10 ഇരട്ടിയെങ്കിലും ഉണ്ടായിരിക്കണം.2012 ഏപ്രിൽ ഒന്നിന് മുമ്പ് ഇഷ്യു ചെയ്തിട്ടുള്ള പോളിസികളിൽ പ്രീമിയം സം അഷ്വേഡ് തുകയുടെ 20 ശതമാനത്തിൽ കുറവാണെങ്കിൽ മാത്രമേ മച്യൂരിറ്റി തുകയ്ക്ക് നികുതിയിളവു ലഭിക്കുകയുള്ളു. 

3. പാനും ആധാറും പരസ്പരം മാറ്റി ഉപയോഗിക്കാം

പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള നികുതിദായകന്  ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇതിൽ ഏതെങ്കിലുമൊന്ന്  നൽകിയാൽ മതി. പാൻ ഇല്ലാത്ത നികുതിദായകന് ആധാർ നമ്പർ രേഖപ്പെടുത്തി റിട്ടേൺ സമർപ്പിക്കാം. ഇങ്ങനെ റിട്ടേൺ സമർപ്പിക്കുന്നയാൾക്ക് ആദായനികുതി വകുപ്പ് പിന്നീട് പാൻ അലോട്ട് ചെയ്തു നൽകും.

4. കോൺട്രാക്ടർ പേമെന്റ്

കോൺട്രാക്ടർമാർ, പ്രഫഷണലുകൾ, ബ്രോക്കർമാർ എന്നിവർക്ക് വ്യക്തികൾ നൽകുന്ന പേമെന്റിന് (ബ്രോക്കറേജ്, പ്രഫഷണൽ ഫീസ് തുടങ്ങിയവ) അഞ്ചു ശതമാനം നികുതി സ്രോതസിൽ കിഴിക്കണം. ഒരു വർഷം 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന തുകയ്ക്കാണ് ടിഡിഎസ് പിടിക്കേണ്ടത്. ടിഡിഎസ് ഡിപ്പോസിറ്റ് ചെയ്യുന്നതിനായി അവരുടെ പാൻ ഉപയോഗിച്ചാൽ മതി.

5. ഇമ്മൂവബിൾ പ്രോപ്പർട്ടി വാങ്ങുമ്പോൾ

 ഇമ്മൂവബിൽ പ്രോപ്പർട്ടി വാങ്ങുന്നതിനു പണം നൽകുമ്പോൾ വാങ്ങുന്നയാൾ ഒരു ശതമാനം ടിഡിഎസ് പിടിക്കണം. പ്രോപ്പർട്ടി മൂല്യം അമ്പതു ലക്ഷം രൂപയ്ക്കു മുകളിൽ വരുമ്പോഴാണ് ടിഡിഎസ് പിടിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com