ADVERTISEMENT

ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമ്പത്തുണ്ടാക്കണം എന്ന് നമുക്കൊക്കെ അറിയാം. പക്ഷേ ഈ അറിവ് കലശലാകുന്നത് കാലം കുറെ പിന്നിട്ടശേഷമാകും. അപ്പോഴേയ്ക്ക ആരോഗ്യവും സമ്പത്തുമൊക്കെ വളരെ ചോര്‍ന്നുപോയിട്ടുണ്ടാകും. എത്ര നേരത്തെ ഭാവി ജീവിതത്തെക്കുറിച്ച് കരുതല്‍ ആരംഭിക്കുന്നോ അത്രയും നല്ലത്. ഇത് പക്ഷേ വളരെ എളുപ്പമുള്ള കാര്യമല്ല. ഭാവിയിലേക്ക് കരുതല്‍ എടുക്കുക എന്നാല്‍ പിശുക്കി ജീവിക്കുക എന്നല്ല അര്‍ത്ഥം. മറിച്ച് ജീവിതം ആസ്വദിച്ചുകൊണ്ട് തന്നെ തുടക്കം മുതലേ ഭാവിയെക്കുറിച്ചുള്ള കരുതലോടെ എങ്ങനെ ജീവിക്കാം എന്ന് പരിശോധിക്കാം.  ഇത് വായിക്കുന്ന നിങ്ങള്‍ ജീവിതത്തിന്റെ തുടക്കത്തിലുള്ളവരാണ് എങ്കില്‍ എത്രയും വേഗം അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. അതല്ല പ്രായം പിന്നിട്ടവരാണ് എങ്കില്‍ നിങ്ങളുടെ മക്കളോട് പറഞ്ഞുകൊടുക്കുക.

20-35 വയസുവരെ പ്രായമുള്ളപ്പോള്‍ ചെയ്യേണ്ടത്

ജോലിയില്‍ പ്രവേശിക്കുന്ന സമയമാണിത്. ജീവിതം തുടങ്ങുന്നേയുള്ളൂ. മുന്നില്‍ വരുന്ന എല്ലാത്തിനോടും താല്‍പര്യം തോന്നുന്ന സമയം. ഇക്കാലയളവില്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍

1.പഠനത്തിന്റെയും അതിനുശേഷം നല്ല ഒരു ജോലിക്കായുള്ള കാത്തിരിപ്പിന്റെയും കഷ്ടപ്പാട് മാറി ഭാവിയെക്കുറിച്ച് ശോഭനമായ സ്വപ്‌നങ്ങള്‍ കാണുന്നസമയം. കാര്യമായ ബാധ്യതകളൊന്നു ഉണ്ടാകില്ല. മാതാപിതാക്കളോടൊപ്പമായിരിക്കും താമസം. ജോലി ദൂരെയുള്ള സ്ഥലത്താണെങ്കില്‍ സുഹൃത്തുക്കളോടൊപ്പം വാടകവീട്ടിലോ ഹോസ്റ്റലിലോ താമസം. കാര്യമായ ബാധ്യകളും ഇല്ലായിരിക്കും. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണെങ്കില്‍ അതിന്റെ തിരിച്ചടവ് ഉണ്ടായിരിക്കും. എങ്കിലും കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും കയ്യില്‍ മിച്ചമായി ഉണ്ടായിരിക്കും.

സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ്, പുതുപുത്തന്‍ ബൈക്ക് തുടങ്ങിയവ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ മറ്റുചിലര്‍ക്കാകട്ടെ കുടുംബത്തിന്റെ ചില ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നേക്കാം. സഹോദരങ്ങളുടെ വിദ്യാഭ്യാസം, സഹോദരിയുടെ വിവാഹം, മാതാപിതാക്കളുടെ ചികില്‍സ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടിവന്നേക്കാം. ഇതെല്ലാം മനസില്‍ വെച്ച് മിതമായ വ്യയശീലം ശീലിക്കേണ്ട സമയമാണിത്. ജീവിതം തുടങ്ങുന്നേയുള്ളൂ. അതിന്റെ സുഖം ആസ്വദിച്ചുകൊണ്ടുതന്നെ ഭാവിയിലേക്കുള്ള കരുതലിന് തുടക്കമിടേണ്ട സമയമാണിത്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് ഒരു കണ്ണ് പതിയേണ്ടതുണ്ട് എന്ന് ചുരുക്കം.

2. കുടുംബജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം. ജോലിയില്‍ ഒന്നുറച്ചശേഷം, വരുമാനം അല്‍പ്പം കൂടിയശേഷം മതി വിവാഹം എന്ന് ചിന്തിച്ച് അത് നീട്ടിക്കൊണ്ടുപോകരുത്.  ആണ്‍കുട്ടികളാണെങ്കില്‍ ജോലിയുള്ള അല്ലെങ്കില്‍ ജോലിചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ഭാര്യയേയാണോ ആഗ്രഹിക്കുന്നത് അതോ വീട്ടമ്മയായി മാത്രം കഴിയുന്ന ഭാര്യയേയാണോ തേടുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഈ സമയത്ത് എടുത്തിരിക്കണം.

3. ഇന്നത്തെ ജീവിതചിലവ് നോക്കുമ്പോള്‍ ജോലിയും വരുമാനവുമുള്ള പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ലത്. മാത്രമല്ല പങ്കാളികളുടെ വ്യക്തിത്വത്തെ മാനിക്കുവാനും അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കാനും ജോലിയുള്ള പങ്കാളിയെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലത്. പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ ഭര്‍ത്താവിലും ഭര്‍ത്താവിന്റെ വീട്ടുകാരിലും പ്രതീക്ഷിക്കുന്നതെന്ത് എന്ന കാര്യത്തിലും തീരുമാനം എടുക്കണം 

4. വിവാഹത്തിനുമുമ്പുതന്നെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഭാവി ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസ വായ്പ,  മറ്റു കടബാധ്യതകള്‍, കുടംബത്തെ സഹായിക്കേണ്ടതുണ്ടെങ്കില്‍ അവയെക്കുറിച്ചുമൊക്കെ പരസ്പരം സംസാരിച്ചിരിക്കണം.

5.വിവാഹത്തിനുമുമ്പ് തന്നെ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും വരുമാനത്തിന്റെ 25 ശതമാനം എങ്കിലും മിച്ചം പിടിച്ച് സമ്പാദിക്കാന്‍ തുടങ്ങിയിരിക്കണം. ഇത് ബാങ്ക് നിക്ഷേപം, കടപ്പത്രം, ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചു തുടങ്ങാം.

6. പ്രായം 35 വയസിനോട് അടുക്കുന്നതോടെ കുട്ടികളും കുടുംബവുമൊക്കെയായി ചിലവുകള്‍ കൂടുന്ന സമയമാണ്. എന്നാല്‍ അതേസമയം തന്നെ ജോലിയില്‍ പ്രമോഷനും മറ്റുമായി വരുമാനവും കൂടിയിരിക്കും. എന്നാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സമയമായിരിക്കും ഇത്. 25-26 വയസ് പ്രായമുള്ളപ്പോഴേ ഈ സ്ഥിതിവിശേഷം മുന്നില്‍ കണ്ട് കരുതല്‍ ആരംഭിക്കണം.

7രണ്ടാമത്തെ കുട്ടി കൂടി പിറക്കുന്നതോടെ ചിലവ് പിന്നെയും കൂടും എന്നകാര്യവും മറക്കരുത്. അതായത് ജോലികിട്ടി ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേ വിവാഹാനന്തരവും കുട്ടികളുണ്ടായശേഷവും വേണ്ടിവന്നേക്കാവുന്ന ചിലവുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

8.കടം വാങ്ങി അത്യാവശ്യകാര്യങ്ങള്‍ ചെയ്യാം എന്ന ചിന്ത ഈ സമയത്ത് ഉണ്ടാകൂം. പക്ഷേ വരുമാനത്തിന്റെ 20-25 ശതമാനത്തില്‍ കൂടുതല്‍ കടബാധ്യത ഈ സമയത്ത് ഉണ്ടാകുന്നത് ആശാസ്യമല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ വീട് വാങ്ങാനോ വയ്ക്കാനോ  ശ്രമിക്കാവൂ ഈ ഘട്ടത്തില്‍. മതിയായ സമ്പാദ്യം കയ്യിലുണ്ടാകുകയും ജോലിയില്‍ നിന്ന് ഗണ്യമായ രീതിയില്‍ വരുമാനം ഉറപ്പാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വീട് നിര്‍മിക്കാനോ വാങ്ങാനോ ഉള്ള ഉദ്യമത്തില്‍ ഏര്‍പ്പെടാവൂ.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com