ADVERTISEMENT

കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്.പവന് 28480 രൂപയാണ് ബുധനാഴ്ചത്തെ വില. ഇന്നലത്തെ വില മാറ്റമില്ലാതെ തുടരുകയാണിന്നും. ഒക്ടോബർ 1ന് പവന് 27520 രൂപയായിരുന്നത് 15 ദിവസത്തിനുള്ളിൽ 960 രൂപയാണ് ഉയർന്നത്.  ആഗസ്റ്റ് 1ന് പവന് 25,680 രൂപയായിരുന്നത് രണ്ടര മാസം കൊണ്ട് 2800 രൂപ വരെ ഉയർന്നു. ഇക്കാലയളവിൽ ഗ്രാമിന് 3210 രൂപയായിരുന്നത് 3560 രൂപയായി. ഒക്ടോബർ ഒന്നിന് ഗ്രാമിന് 3440 രൂപയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സ്വര്‍ണവില  25000 രൂപ മറികടന്നത്. മെയ് അവസാനം മുതൽ തുടർച്ചയായുള്ള മുന്നേറ്റമാണു കാണിക്കുന്നത്. സ്വർണവില ഉയർന്നാലും സ്വർണത്തിന്റെ ഉപഭോഗം കേരളത്തിൽ സാധാരണ കാര്യമായി കുറയാറില്ല. കല്യാണം, പേരിടൽ തുടങ്ങിയ ചടങ്ങുകൾക്കെല്ലാം സ്വർണം അവിഭാജ്യ ഘടകമാണന്നതു തന്നെ കാരണം. 

ഇത്തരം ഘട്ടങ്ങളിൽ വിലക്കയറ്റത്തിന്റെ ആഘാതം അൽപ്പമെങ്കിലും കുറയ്ക്കുന്നതിനായി ആഭരണങ്ങൾ വാങ്ങുന്നവർ മുൻകൂർ ബുക്ക് ചെയ്യുകയാണ് നല്ലത്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ 10 ശതമാനം നൽകി 60 ദിവസത്തേക്കു ബുക്കു ചെയ്യാനാകും. ഇക്കാലയളവിൽ സ്വർണ വില ഉയർന്നാൽ വിലക്കയറ്റത്തിന് അനുസരിച്ചുള്ള അധിക തുക പർച്ചേസിങിന് ഈടാക്കില്ല. ഇനി വില കുറയുകയാണെങ്കിൽ  ആ കുറഞ്ഞ വില നൽകിയാൽ മതി. ജ്വല്ലറികളുടെ ഹെഡ്ജിങ് മെക്കാനിസമാണ് ഇങ്ങനെ അഡ്വാൻസ് ബുക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. ഇത്തരത്തിൽ 3 മാസം, 4 മാസം, ഒരു വർഷം തു‍ടങ്ങിയ കാലാവധികളിൽ ബുക്കു ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അതേ സമയം ദീർഘ കാലയളവ് ലക്ഷ്യമിട്ടാണെങ്കിൽ സ്വർണം വാങ്ങിവെക്കുന്നതു തന്നെയാണ് നല്ലത്.

നിക്ഷേപമോ ആഭരണമോ?

സ്വർണം വാങ്ങുന്നത്  നിക്ഷേപമായാണെങ്കിൽ  പരിശുദ്ധി കൂടിയ സ്വർണം  വാങ്ങുന്നതാണ് ഉചിതം. പക്ഷേ അതു ആഭരണമായല്ല, നാണയമായോ സ്വർണക്കട്ടിയായോ വാങ്ങുക. ആഭരണം വാങ്ങുന്നത് ഫാഷനു വേണ്ടിയാണ്. അവിടെ ഡിസൈനും പുതുമയുമാണ് പ്രധാനം. എങ്കിലും വില ഉയർന്നു നിൽക്കുന്ന ഘട്ടത്തിൽ പണിക്കൂലി കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നതാകും നല്ലത്. വിവാഹമാണ് സ്വർണാഭരണത്തിന് ഏറെ ആവശ്യമുള്ള വേള. 

വിവാഹത്തിന് ഏതെങ്കിലുമൊക്കെ ആഭരണം വാങ്ങിക്കൂട്ടുന്നതിനു പകരം മുടക്കുന്ന പണത്തിന് തക്ക മൂല്യത്തിലുള്ള ആഭരണം വാങ്ങുന്നതിന് ജ്വല്ലറി ഡിസൈൻ ടീമുമായി സംസാരിച്ച് തങ്ങൾക്കിണങ്ങുന്ന തൂക്കം, ഫാഷൻ ഇവയെല്ലാമുള്ള ആഭരണം ആസൂത്രണം ചെയ്ത് വാങ്ങുകയാണു വേണ്ടത്. ജ്വല്ലറികൾ ആഭരണങ്ങൾക്ക് ആജീവനാന്തം മെയ്ന്റനൻസ് ഉറപ്പ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം നൽകുന്നു.വിൽക്കുമ്പോൾ തിരിച്ചു വാങ്ങുമെന്ന ബൈബാക്ക് ഗ്യാരന്റിയും നൽകുന്നു.

ബില്ല് നിർബന്ധം

മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത് ആഭരണം വാങ്ങുമ്പോൾ ബില്ല് ചേദിച്ചു വാങ്ങുക.  കാരണം നിങ്ങളുടെ ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്, സ്വർണം വാങ്ങുമ്പോൾ നികുതി നൽകണം. പാൻകാർഡ് ഉൾപ്പടെ ആഭരണ പർച്ചേസിങ്ങ് സമയത്ത് കാണിക്കേണ്ടതുണ്ട്. അതുകൊണ്ടു  ബില്ലില്ലാതെ വാങ്ങിയാൽ പിന്നീട് കുഴപ്പമായേക്കും. തന്നെയുമല്ല, ആഭരണം വിൽക്കാനോ മാറ്റിവാങ്ങാനോ പോകുന്ന വേളയിലും ബില്ല് അത്യാവശ്യമാണ്.

വിവിധ രാജ്യങ്ങളുടെ കറൻസികൾ, പ്രത്യേകിച്ച് രൂപ ഡോളറിനെ അപേക്ഷിച്ചു വിലയിടിയുന്ന പ്രവണത തുടരുന്നതാണ് സ്വർണത്തിന്റെ വിലയുയരാൻ പ്രധാന കാരണം. ഇടയ്ക്കിടെ ചാഞ്ചാട്ടമുണ്ടാകുമെങ്കിലും വിലയിൽ കാര്യമായ ഇടിവിന് സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com