ADVERTISEMENT

സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലും അന്തസിന്റെ മാനദണ്ഡമായും സ്വര്‍ണം വാങ്ങുന്നവരാണ് ഇന്ത്യാക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍. പരമ്പരാഗതമായി കൈമാറിക്കിട്ടുന്ന സ്വര്‍ണ ഉരുപ്പടികളും തലമുറയായി കൈമാറുന്ന ശീലമുള്ളവരാണ് നമ്മള്‍. അന്തസിന്റെ അടയാളമെന്ന നിലയില്‍ ഇതിനെ കാണുന്നതിനാല്‍ കൈമാറിക്കിട്ടിയതൊന്നും കഴിയുന്നതും വിറ്റഴിക്കാതെ കാര്യം നടത്തുകയാണ് പതിവ്.സ്വര്‍ണപണയ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ച് പൊങ്ങിയതിന് പിന്നിലുളള കാരണവും ഇതു തന്നെ.

ഇങ്ങനെ 'പൊന്നു' പോലെ വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന് കേന്ദ്രസര്‍ക്കാര്‍ പൂട്ടിടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെന്നു ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ ഇൗ നിയമം കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്.

വീട്ടിലെ സ്വര്‍ണത്തിന് പരിധി

സര്‍ക്കാര്‍ കൊണ്ടുവരാനുദേശിക്കുന്ന പുതിയ നിയമമനുസരിച്ച് വ്യക്തികള്‍ക്ക് രേഖകളില്ലാതെ കൈവശം വച്ചുകൊണ്ടിരിക്കാവുന്ന സ്വര്‍ണത്തിന് ഒരു പരിധി നിര്‍ണയിക്കും. ബാക്കിയായി വീട്ടിലോ ബാങ്ക് ലോക്കറിലോ ഉള്ള സ്വര്‍ണം വെളിപ്പെടുത്താനുള്ള സാവകാശം നല്‍കും. ഈ കാലയളവില്‍ ഇത് വെളിപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി ഗ്രാമിന് വിപണി വിലയുടെ നിശ്ചിത ശതമാനം പിഴയൊടുക്കാം. അങ്ങനെ ഇതിനെ വെള്ള സ്വര്‍ണമാക്കി മാറ്റാം.

gold-coin

നവവധുവിനുളള പരിഗണന അമ്മൂമ്മയ്ക്കുണ്ടാവില്ല

സര്‍ക്കാര്‍ അംഗീകൃത വാല്യൂവര്‍ സ്വര്‍ണം തൂക്കി നിജപ്പെടുത്തും. വീട്ടിലെ വിവാഹിതരായ സ്ത്രീകളുടെ സ്വര്‍ണം പ്രത്യേകം കണക്കാക്കി ഇതിന് പരിധി നിര്‍ണയിക്കും. ഇത് കണക്കിലുള്ള സ്വര്‍ണമായി പരിഗണിക്കും. എന്നാല്‍ പരമ്പരാഗതമായി കൈമാറി കിട്ടുന്ന സ്വര്‍ണത്തിന് ഈ ഒഴിവ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും അനുവദിക്കുന്ന സ്വര്‍ണത്തിന്റെ അളവില്‍ നവവധുവിനുള്ള പരിഗണനയുണ്ടാവില്ല.

പരിധി കഴിഞ്ഞാല്‍ 33 ശതമാനം നികുതി!

സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് വന്‍ നികുതി ചുമത്തുമെന്നാണ് വിലയിരുത്തല്‍. 20 മുതല്‍ 30 ശതമാനം പിഴയായി കണക്കാക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് ശതമാനം സെസും. ഇപ്പോള്‍ 10 ഗ്രാമിന്റെ വില 40000 രൂപയ്ക്കടുത്താണ്. വീടുകളില്‍ പരമ്പരാഗതമായിട്ടും അല്ലതെയും കിട്ടിയിട്ടുള്ള സ്വര്‍ണത്തിനൊന്നും രേഖകളോ ബില്ലോ ഒന്നും ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ ഇവയെല്ലാം നികുതി വിധേയമാകും.

ഒന്നാം മോദി സര്‍ക്കാര്‍ 2016 ലെ നോട്ട് നിരോധനത്തിന് മുമ്പ് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍കം ടാക്‌സ് ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന് നിശ്ചിത പിഴ നല്‍കി കൈയ്യില്‍ പൂഴ്ത്തി വച്ചിരിക്കുന്ന പണം നിയമവിധേയമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഇതിന് ഏതാനം മാസങ്ങളുടെ സമയവും അനുവദിച്ചിരുന്നു. പിന്നീടാണ് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. എന്നാല്‍ 99 ശതമാനം കറന്‍സികളും തിരിച്ചുവന്നതോടെ ആ വാദം പൊളിയുകയായിരുന്നു.

ഗോള്‍ഡ് ആംനസ്റ്റി സ്‌കിം

ഇതിന്റെ ചുവട് പിടിച്ചാണ് ഗോള്‍ഡ് ആംനസ്റ്റി സ്‌കീം കൊണ്ടുവരുന്നത്. ഇതനുസരിച്ച് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്ക് പുറത്തുള്ള സ്വര്‍ണം വെളിപ്പെടുത്തി, ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി, നികുതിയൊടുക്കി നിയമവിധേയമാക്കണം. പദ്ധതി തയാറാക്കാന്‍ ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കും. ഇതില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിന്നുള്ളവർ  അംഗങ്ങളാകും. വര്‍ഷാ വര്‍ഷം പദ്ധതി ആകര്‍ഷകമാക്കാനുള്ള രൂപരേഖ ബോര്‍ഡ് ആവിഷ്‌കരിക്കും. ആഭരണങ്ങളല്ലാതെ ഗോള്‍ഡ് ബോണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ കുടുംബങ്ങളെ നിര്‍ബന്ധിക്കുന്ന വിധത്തിലായിരിക്കും സ്‌കീമുകള്‍ പരിഷ്‌കരിക്കുക. നിലവില്‍ ഹിന്ദു ജോയിന്റ് ഫാമിലി ഒന്നിന് നാല് കിലോ വരെ സ്വര്‍ണം ഡിമാറ്റ് രീതിയില്‍ നിക്ഷേപിക്കാം.

മലയാളികളുടെ സ്വര്‍ണഭ്രമം

നിലവില്‍ ഇന്ത്യയില്‍ 20000 ടണ്‍ സ്വര്‍ണം വീടുകളിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ കണക്കില്‍ പെടാത്ത 10 ടണ്‍ വരെ സ്വര്‍ണമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് വെളുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സുരക്ഷിതമായി  പണം സൂക്ഷിക്കുവാനുള്ള മാര്‍ഗമെന്ന നിലയില്‍ വന്‍തോതില്‍ കളളപ്പണം ഈ രംഗത്ത് നിക്ഷേപിക്കുന്നുണ്ടെന്നാണ് കണക്കു കൂട്ടല്‍. കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വീടുകളിലുള്ളത്. കേരളത്തിലെ മൂന്ന് പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ മാത്രം പണയപ്പെടുത്തിയിരിക്കുന്ന സ്വര്‍ണം 771 ടണ്‍ ആണ്. ഇത് രണ്ട് വര്‍ഷം മുമ്പത്തെ കണക്കാണ്. ബെല്‍ജിയം, ആസ്‌ത്രേലിയ, സ്വീഡന്‍, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ സ്വര്‍ണ നിക്ഷേപങ്ങള്‍ ഇതിലും താഴെയാണ് എന്നറിയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി മലയാളികളെ എത്ര കണ്ട് ബാധിക്കുമെന്ന് കരുതാവുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com