ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-4

ആദായ നികുതി ലാഭിക്കാൻ ഘട്ടം ഘട്ടമായ തയ്യാറെടുപ്പുകള്‍ നടത്തണം. അല്‍പ്പ സമയം ചിലവഴിച്ചാല്‍ പതിനായിരക്കണക്കിന് രൂപയാണ് ലാഭിക്കാന്‍ കഴിയുക എന്നോര്‍ക്കുക.

ആദ്യ പടി ഈ സാമ്പത്തിക വര്‍ഷത്തെ നികുതി വിധേയ വരുമാനം എത്രയെന്ന് കണ്ടുപിടിക്കുകയാണ്.ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി 5 മാസം കൂടി ഉള്ളതുകൊണ്ട് ഇപ്പോഴേ അങ്ങനെ ചെയ്യേണ്ടതുണ്ടോ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം.

എന്നാല്‍ ഇപ്പോഴേ എത്രവരുമാനത്തിന് വേണം നികുതി നല്‍കേണ്ടിവരിക എന്ന കണ്ടെത്തിയാലല്ലേ ലാഭിക്കാനുള്ള വഴികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.എങ്ങനെയാണ് 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി വിധേയ വരുമാനം കണ്ടുപിടിക്കുക എന്ന് നോക്കാം. ആദ്യം ഈ വര്‍ഷത്തെ ഗ്രോസ് ടോട്ടല്‍ ഇന്‍കം അഥവാ വാര്‍ഷിക മൊത്ത വരുമാനം എത്രയെന്ന് കണ്ടുപിടിക്കണം.

അഞ്ച് വിഭാഗങ്ങളിലുള്ള വരുമാനം കൂട്ടുമ്പോള്‍ കിട്ടുന്നതാണ് ഗ്രോസ് ടോട്ടല്‍ ഇന്‍കം. അതില്‍ ആദ്യത്തേത് ശമ്പള വരുമാനം ആണ്. തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് സാലറി എന്ന വിഭാഗത്തില്‍ പെടുന്നത്.

രണ്ടാമത്തെ വിഭാഗം നിങ്ങളുടെ പേരിലുള്ള വീട് വാടകയ്ക്ക് നല്‍കിയിട്ടുണ്ട് എങ്കില്‍ അതില്‍ നിന്നുള്ള വരുമാനം ആണ്.

മൂന്നാമത്തേത് നിങ്ങള്‍ ശമ്പളം പറ്റുന്ന ജോലിക്ക് പുറമെ മറ്റെന്തെങ്കിലും ജോലിയില്‍ നിന്നോ ബിസിനസില്‍ നിന്നോ വരുമാനം പറ്റുന്നുണ്ടെങ്കില്‍ അതാണ്.

നാലാമത്തേത് കാപിറ്റല്‍ ഗെയിന്‍സ് ആണ്. അതായത് മൂലധന നേട്ടം. നിങ്ങള്‍ സ്വര്‍ണം, ഭൂമി, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം ആണ് ഈ വിഭാഗത്തില്‍ പെടുന്നത്.

അഞ്ചാമത്തെ വിഭാഗത്തിലുള്ള വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ് ആണ്. അതായത് മുകളില്‍ പറഞ്ഞ നാലു വിഭാഗങ്ങളിലും പെടാതെ മറ്റെന്തെങ്കിലും വരുമാനം ഉണ്ടെങ്കില്‍ അതെല്ലാം ഇന്‍കം ഫ്രം അദര്‍ സോഴ്‌സസില്‍ വരും. ഉദാഹരണത്തിന് ബാങ്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ.ഈ അഞ്ച് വിഭാഗങ്ങളിലുമായി നിങ്ങള്‍ക്ക് ഇതേവരെ ലഭിച്ചതും 2020 മാര്‍ച്ച് 31 ന് മുമ്പ് ലഭിക്കാന്‍ സാധ്യയുള്ളതുമായ വരുമാനം  എഴുതി കൂട്ടി നോക്കുക.

അപ്പോള്‍ നിങ്ങളുടെ ഈ വര്‍ഷത്തെ മൊത്ത വരുമാനം എത്രയാണ് എന്ന് കിട്ടും. ഈ അഞ്ച് വിഭാഗം വരുമാനങ്ങളില്‍ ഓരോന്നിലും ഏതൊക്കെ ഇനം. വരുമാനങ്ങള്‍ക്കാണ് നികുതി ബാധ്യതയെന്നും ഇളവ് ഏതിനൊക്കെയെന്നും തുടർന്നുള്ള ഭാഗങ്ങളില്‍ വ്യക്തമാക്കാം.

ഗ്രോസ് ടോട്ടല്‍ ഇന്‍കം അഥവാ മൊത്ത വരുമാനം എത്രയാണ് എന്ന് കണ്ടെത്തിയാല്‍ അടുത്തത് ഈ വര്‍ഷം നിങ്ങള്‍ക്ക് വരുമാനത്തില്‍ നിന്ന് കിഴിക്കാവുന്ന തുക എത്രയെന്ന് കണ്ടെത്തണം.അതായത് ചില പ്രത്യേകതരം വായ്പകള്‍, ജീവിത ചിലവുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കുന്ന പണത്തിന് ആദായ നികുതിയില്‍ നിന്ന ഇളവ് ലഭിക്കും.

ഇങ്ങനെ ചിലവഴിക്കുന്ന തുക അത്രയും നിങ്ങളുടെ മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി മുതല്‍ 80 യുവരെയുള്ള ഭാഗത്ത് ഇത്തരത്തില്‍ ഏതൊക്കെ ചിലവുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അര്‍ഹമായ ഇളവ് തുക മൊത്ത വരുമാനത്തില്‍ നിന്ന് കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് നിങ്ങളുടെ നികുതിവിധേയമായ മൊത്ത വരുമാനം.

ഈ സാമ്പത്തിക വര്‍ഷം അതായത് 2019-20 സാമ്പത്തിക വര്‍ഷം ഇത് രണ്ടര ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ നിങ്ങള്‍ ആദായ നികുതിയും നല്‍കേണ്ട, ആദായ നികുതി റിട്ടേണും സമര്‍പ്പക്കേണ്ട.രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് എങ്കില്‍ ആദായ നികുതി ഒന്നും നല്‍കേണ്ട. പക്ഷേ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടിയിലാണ് എങ്കില്‍ 20 ശതമാനം നികുതി നല്‍കണം. 10 ലക്ഷത്തിനുമുകളിലുള്ള വരുമാനത്തിന് 30 ശതമാനവും ആദായ നികുതി നല്‍കണം. നികുതിക്കുപുറമെ സര്‍ച്ചാര്‍ജും സെസും കൂടി നല്‍കണം.

ഇത്തരത്തില്‍ ഗ്രോസ് ടോട്ടല്‍ ഇന്‍കം കണ്ടെത്തി അതില്‍ നിന്ന് അര്‍ഹമായ കിഴിവുകള്‍ കുറച്ച് ഈ വര്‍ഷത്തെ നികുതി നല്‍കേണ്ട വരുമാനം എത്രയെന്ന് കണ്ടെത്തിയല്ലോ.ഇനി രണ്ടാം ഘട്ടത്തില്‍ എങ്ങനെ കൂടുതല്‍ നികുതി ഇളവുകള്‍ നേടാം എന്നാണ് നോക്കേണ്ടത്. അതിലേക്ക് കടക്കുന്നതിന് മുമ്പ് മൊത്ത വരുമാനം കൂട്ടുമ്പേള്‍ ഓരോ പ്രത്യേക വരുമാനവിഭാഗത്തിനും ലഭിക്കുന്ന ഇളവുകള്‍ മനസിലാക്കിയിരിക്കണം. 

ഇ മെയ്ല്‍ jayakumarkk8@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com