ADVERTISEMENT

ജീവിതം മുന്നോട്ടുപോകുമ്പോള്‍ ഓരോരോ സമയത്ത് ഓരോരോ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. വീട് വേണം. ഇഷ്ട വാഹനം വേണം. ഉല്ലാസ യാത്രകള്‍ നടത്തണം. മക്കളെ ഉന്നതവിദ്യാഭ്യാസം ചെയ്യിക്കണം. അവരുടെ വിവാഹം നടത്തണം. ഇപ്പോഴത്തെ വരുമാനം വെച്ച് ഇതൊക്കെ സാധ്യമാകുമോ? പലര്‍ക്കും ഇക്കാര്യത്തില്‍ ആധിയാണ്. എന്നാല്‍ ഇത്തരത്തില്‍ ആധിപൂണ്ടിരിക്കേണ്ട ആവശ്യമില്ല. ഓരോ ലക്ഷ്യങ്ങള്‍ക്കും എത്ര പണം വേണ്ടിവരും എന്ന് ഏകദേശം കണക്കാക്കി ആ പണം സ്വരുക്കൂട്ടാന്‍ ഒരു ചെറിയ തുക മാസാമാസം ആദ്യം നീക്കിവയ്ക്കുക. അത് വ്യത്യസ്ത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക. ഇതാണ് എല്ലാവരുടെയും മുന്നിലുള്ള മാര്‍ഗം. ഇത്തരത്തിലുള്ള ഒരു നിക്ഷേപ ശ്രേണിക്ക് രൂപം കൊടുക്കാനും അത് നിലനിര്‍ത്താനും ആദ്യം ചെയ്യേണ്ടത് സ്വന്തം സാമ്പത്തിക നില ഏതവസ്ഥയിലാണ് ഇപ്പോഴെന്ന് സ്വയം വിലയിരുത്തുകയാണ്. സ്വന്തമായുള്ള ആസ്തികള്‍, ബാധ്യതകള്‍, വരുമാനം, ചിലവ് എന്നിവയെ അടിസ്ഥാനമാക്കി സാമ്പത്തിക നില ഏതവസ്ഥയിലാണെന്ന് കണ്ടെത്താം. ഒരു കമ്പനി അതിന്റെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കുന്നതുപോലെ തന്നെ ഓരോ വ്യക്തിക്കും അവരവരുടെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാം.

നിങ്ങള്‍ക്ക് നിങ്ങളുടെ  ആസ്തികളെ മൂന്നായി തിരിച്ച് വിശകലനം ചെയ്യാം. കറന്റ് അസറ്റ്‌സ്, ഇന്‍വെസ്റ്റഡ് അസറ്റ്‌സ്, പെഴ്‌സണല്‍ യൂസ് അസെറ്റ്‌സ് എന്നിങ്ങനെയാണ് അവയെ തരംതിരിക്കേണ്ടത്.

കറന്റ് അസറ്റ്‌സ്

കറന്റ് അസറ്റ്‌സ് എന്നാല്‍ പെട്ടെന്ന് പണമാക്കാവുന്ന നമ്മുടെ കൈവശമുള്ള ആസ്തികളാണ്. കൈ വശമുള്ള പണം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള പണം എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഭാവിയിലെ ഏതെങ്കിലും ലക്ഷ്യം മുന്‍നിര്‍ത്തി നാം ഏതെങ്കിലും മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണമാണ് ഇന്‍വെസ്റ്റഡ് അസറ്റ്‌സ്, ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, വാങ്ങിവച്ചിരിക്കുന്ന ഡിബഞ്ചറുകള്‍, ബാങ്ക് സ്ഥിര നിക്ഷേപം, സ്വര്‍ണം തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. കാറ്, വീട്, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വിറ്റാല്‍ പണം കിട്ടുന്ന വസ്തുക്കള്‍ പെഴ്‌സണല്‍ യൂസ് അസറ്റ്‌സിന്റെ വിഭാഗത്തില്‍ പെടുന്നു.

ബാധ്യതകൾ

ആസ്തികളെ ഇങ്ങനെ തരംതിരിച്ചുകഴിഞ്ഞാല്‍ ബാധ്യതകളുടെ വിശകലനം നടത്തണം. വായ്പകളും കൊടുത്തുതീര്‍ക്കാനുള്ള പണവുമൊക്കെയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. മൊത്തം ബാധ്യതകളെ കറന്റ് ലയബലിറ്റീസ്, ലോംഗ് ടേം ലയബിലിറ്റീസ് എന്നിങ്ങനെ തരംതിരിക്കാം.

അടയ്ക്കാനുള്ള പ്രതിമാസ ബില്ലുകള്‍, ക്രഡിറ്റ് കാര്‍ഡ് ബില്ല്് തുടങ്ങിയവ കറന്റ് ലയബലിറ്റീസില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കേണ്ട ബാധ്യതകളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍, മറ്റ് ദീര്‍ഘകാല വായ്പകള്‍ തുടങ്ങിയവ ലോംഗ് ടേം ലയബിലിറ്റീസിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആസ്തികളും ബാധ്യതകളും ഉള്‍പ്പെടുത്തി എങ്ങനെ ഒരു ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാം എന്നുനോക്കാം

ഇതിനായി സുരേഷ് -സുമിത്ര  ദമ്പതികളുടെ സാമ്പത്തിക നില ഉദാഹരണമായി പരിശോധിക്കാംഅവരുടെ കയ്യില്‍ ഇപ്പോള്‍ 20,000 രൂപ പണമായി ഉണ്ട്.

സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് 2,000 രൂപയാണ്.ക്രഡിറ്റ് കാര്‍ഡ് ബില്ല് 8,000 രൂപ അടയ്ക്കാനുണ്ട്. കേബിള്‍ ടിവി ബില്ല് 1250 രൂപയും.ഫോണ്‍ ബില്ല് 3250 രൂപയും അടയ്ക്കണം.

കടപ്പത്രത്തില്‍ 20,000 രൂപയുടെയും,ഓഹരിയില്‍ 1,25,000 രൂപയുടെയും,മ്യൂച്വല്‍ ഫണ്ടില്‍ 1,50,000 രൂപയുടെയും,ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റായി 1,25,000 രൂപയുടെയും നി്‌ക്ഷേപമുണ്ട്.

ഭവന വായ്പ 18,00,000 രൂപയുടേതാണ് വാഹന വായ്പ 1,50,000 രൂപയുടേതും.

വിദ്യാഭ്യാസ വായ്പ 5,25,000 രൂപയുടേതും ഉണ്ട്. 3,00,000 രൂപ വിലമതിക്കുന്ന കാറും 25,000 രൂപ ലഭിക്കുന്ന ബൈക്കും  25,00,000 രൂപ വിലയുള്ള വീടും 55,000 രൂപയ്ക്കുള്ള വീട്ടുപകരണങ്ങളും ഉണ്ട്

സുരേഷ് -സുമിത്ര  ദമ്പതികളുടെ ബാലന്‍സ് ഷീറ്റ് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് പട്ടികയില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഈ ബാലന്‍സ് ഷീറ്റില്‍ നിന്ന് വളരെ ആരോഗ്യകരമായ ഒരു സാമ്പത്തിക നിലയാണ് സുരേഷ് -സുമിത്ര ദമ്പതികളുടേതെന്ന് വ്യക്തമാണല്ലോ. ഇവരുടെ കറന്റ് ലയബിലിറ്റീസ് കറന്റ് അസറ്റ്‌സിനേക്കാള്‍ വളരെ കുറവാണ്. ദീര്‍ഘകാല ബാധ്യതയാകട്ടെ മൊത്തമുള്ള പെഴ്‌സണല്‍ അസറ്റ്‌സിനേക്കാള്‍ കുറവാണ് എന്ന് കാണാം.

ഇതുപോലെ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കി സ്വന്തം സാമ്പത്തിക ആരോഗ്യം വിലയിരുത്തുക.

(jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com