ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-5

ശമ്പളമായി കിട്ടുന്ന മുഴുവന്‍ തുകയ്ക്കും ആദായ നികുതി നല്‍കണോ? ശമ്പളത്തുക മുഴുവന്‍ വരുമാനമായി കണക്കാക്കുമോ? മിക്ക ശമ്പള വരുമാനക്കാരുടെയും സംശയമാണിത്. യഥാര്‍ത്ഥ വസ്തുത എന്താണ് എന്ന് നിങ്ങളുടെ ഓഫീസിലെ ക്ലര്‍ക്കിനോ അക്കൗണ്ടന്റിനോ മാത്രം അറിയാം. അതൊന്നും അന്വേഷിക്കാനോ മനസിലാക്കാനോ നിങ്ങള്‍ ഇതുവരെ മിനക്കെട്ടിട്ടുണ്ടാകില്ല. എങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ശമ്പളമായി കിട്ടുന്ന ഏതൊക്കെ തുകയ്ക്ക് നികുതി നല്‍കണം ഏതിനൊക്കെ നല്‍കേണ്ട എന്ന് മനസിലാക്കാം. മൊത്ത വരുമാനം കണക്കാക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ശമ്പള വരുമാനത്തിന്റെ യഥാര്‍ത്ഥ നികുതി ബാധ്യത ഏതെന്നാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

പല ഇനത്തില്‍ വകയിരുത്തിയാണ് തൊഴിലുടമ ശമ്പളം തരുന്നത്

ബേസിക് സാലറി അഥവാ അടിസ്ഥാന ശമ്പളം, ഡി എ എന്ന പേരില്‍ അറിയപ്പെടുന്ന ഡിയര്‍നെസ് അലവന്‍സ് അഥവ ക്ഷാമബത്ത, ബോണസ്, ഹൗസ് റെന്റ് അലവന്‍സ് അഥവാ വീട്ട് വാടക അലവന്‍സ് തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരാളുടെ ശമ്പളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ചിലതിന് നികുതി നല്‍കണം, ചിലതിന് നല്‍കേണ്ട. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

 അടിസ്ഥാന ശമ്പളത്തിന് നികുതി നല്‍കണം

ഡി.എ അഥവ ക്ഷാമബത്ത എത്രയായാലും അതിന് പൂര്‍ണമായും നികുതി നല്‍കിയേ പറ്റൂ. അതായത് ഇതൊക്കെ നിങ്ങളുടെ വരുമാനമായി കണക്കാക്കും. ബോണസായോ കമ്മീഷനായോ കിട്ടുന്ന മുഴുവന്‍ തുകയും വരുമാനമായി കണക്കാക്കും. എന്നാല്‍ ശമ്പളത്തിനൊപ്പം കിട്ടുന്ന വീട്ടുവാടക അലവന്‍സിന് നിബന്ധനകള്‍ക്ക് വിധേയമായി നികുതി നല്‍കേണ്ട. മൊത്ത വരുമാനം കണക്കാക്കുമ്പോള്‍ ഈ തുക പരിഗണിക്കേണ്ടതില്ല എന്നു ചുരുക്കം.ഇത് പക്ഷേ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. സിറ്റി കോംപന്‍സേറ്ററി അലവന്‍സ് ലഭിക്കുന്നുണ്ടെങ്കില്‍ അത് വരുമാനമായി കണക്കാക്കും.

മെഡിക്കല്‍ അലവന്‍സ്, ഓവര്‍ടൈം അലവന്‍സ്, ഹോളിഡേ അലവന്‍സ്, കാഷ് അലവന്‍സ് മുതലായവയും വരുമാനമായി കണക്കാക്കുകയും നികുതി ഈടാക്കുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വാടക താമസ സൗകര്യം നല്‍കിയാല്‍ ഇത്തരം വീടുകള്‍ അലോട്ട് ചെയ്യുന്നതിനു ഈടാക്കുന്ന ലൈസന്‍സ് ഫീസിനുതുല്യമായ തുക വരുമാനമായി കണക്കാക്കി ആദായ നികുതി ചുമത്തും. എംപ്ലോയി സ്റ്റോക് ഓപ്ഷന്‍ പ്രകാരമോ വിയര്‍പ്പോഹരി പ്രകാരമോ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഓഹരികള്‍ തൊഴിലുടമ നല്‍കിയാല്‍ ഓഹരിയുടെ വിപണി വില വരുമാനമായി കണക്കാക്കും. ഗിഫ്റ്റ് ചെക്ക്, ഫുഡ് കൂപ്പണ്‍ തുടങ്ങിയവ നല്‍കിയാല്‍ അതിന്റെ മൂല്യം വരുമാനമായി കണക്കാക്കും. ഏൺഡ് ലീവ് കാഷാക്കി മാറ്റിയാല്‍ അതും വരുമാനത്തിന്റെ കൂടെ കൂട്ടും. ശമ്പളമായി ഈ രീതിയില്‍ കിട്ടുന്ന തുകയാണ് മൊത്ത വരുമാനം കണക്കാക്കാന്‍ പരിഗണിക്കേണ്ടത്.

ഇവയ്ക്ക് നികുതി വേണ്ട

ശമ്പളത്തിന്റെ ഭാഗമായി ചില്‍ഡ്രന്‍ എഡ്യൂക്കേഷന്‍ അലവന്‍സ് ലഭിക്കുന്നുണ്ടെങ്കില്‍ അതും വരുമാനമായി കണക്കാക്കില്ല. ഈ തുകയ്ക്ക് നികുതി നല്‍കേണ്ട. പക്ഷേ രണ്ട് കുട്ടികള്‍ക്കേ ഈ ഇളവ് ലഭിക്കൂ. അതും ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വീതമുള്ള തുകയ്ക്കാണ് ഇളവ്. ഹോസ്റ്റല്‍ ചെലവ് ഇനത്തിൽ പ്രതിമാസം 300 രൂപവീതം രണ്ട് കുട്ടികള്‍ക്ക് ഇളവ് ലഭിക്കും. തൊഴിലുടമ നല്‍കുന്ന ട്രാവല്‍ അലവന്‍സ്, കണ്‍വേയന്‍സ് അലവന്‍സ് എന്നിവയ്ക്കും നികുതി നല്‍കേണ്ട. യൂണിഫോം അലവന്‍സ് ലഭിക്കുന്നുണ്ടെങ്കില്‍ അതിനും നികുതി വേണ്ട.

ശമ്പളത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും കിട്ടിയതായി കണക്കാക്കി നികുതി നല്‍കേണ്ടിവരും. ഉദാഹരണമായി പലവിധ കാരണങ്ങളാല്‍ ആറുമാസമായി ശമ്പളം കിട്ടുന്നില്ല എന്നുകരുതുക.അത്രയും തുക കിട്ടിയതായിത്തന്നെ ആദായ നികുതി വകുപ്പ് കരുതും. പിന്നീട് ശമ്പള കുടിശിക കിട്ടുമ്പോള്‍ അതിന് ഇളവ് ലഭിക്കുമെന്നുമാത്രം.

വീട്ടുവാടക അലന്‍സിന്റെ നികുതി ബാധ്യതയെക്കുറിച്ചും ഇളവിനെക്കുറിച്ചും നാളെ. jayakumarkk8@gmail.com)

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com