sections
MORE

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഘട്ടംഘട്ടമായി നിക്ഷേപിക്കാം

HIGHLIGHTS
  • കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി നേരത്തെ തന്നെ SIP യിലൂടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുകയാണ്
child-planning
SHARE

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് മാതാപിതാക്കളുടെ പ്രധാന ലക്ഷ്യം. ഭാവിയില്‍ ഇതിനായി വലിയ പണച്ചിലവു വേണ്ടി വരും. ഇന്ത്യയില്‍ പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസരംഗത്തെ ചെലവു വര്‍ധന 12 ശതമാനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്താകട്ടെ സ്ഥാപനങ്ങള്‍ക്കനുസരിച്ച് ഇത് 16നും 20 ശതമാനത്തിനും ഇടയിലാണെന്നു കണക്കാക്കപ്പെടുന്നു.  അതുകൊണ്ട് മുൻകൂട്ടി തയാറെടുപ്പ് കൂടിയേ കഴിയൂ. 

അപ്രതീക്ഷിത ചെലവുകള്‍

വിദ്യാഭ്യാസത്തിനായുള്ള മൊത്തx ചിലവില്‍ താമസം, ഭക്ഷണം, വ്യക്തിപരവും പഠന സംബന്ധിയുമായ യാത്രകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ഘട്ടം ഘട്ടമായാകും ഈ ചെലവുകള്‍ വരിക. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതോടൊപ്പം ഉണ്ടാകാവുന്ന അപ്രതീക്ഷിത ചെലവുകള്‍ കൂടി കണക്കിലെടുക്കണം. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള നിക്ഷേപ പദ്ധതിയാണ് മാതാപിതാക്കൾ തെരഞ്ഞെടുക്കേണ്ടത്. ലക്ഷ്യത്തിലെത്തും മുമ്പ് നിക്ഷേപം അവസാനിപ്പിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്യരുത്.

ഓഹരി നിക്ഷേപം

ഓഹരികള്‍ ദീര്‍ഘ കാലയളവില്‍ 14 ശതമാനത്തിനും 15 ശതമാനത്തിനുമിടയില്‍ ലാഭം നല്‍കുന്നുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപത്തിന് ഏറ്റവും നല്ലത് ഘട്ടമായിട്ടുള്ള (SIP) നിക്ഷേപമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇതിനെ ബാധിക്കില്ല. തുടക്കക്കാർക്ക് നിശ്ചിത തുക വീതം മുന്‍കൂട്ടി തീരുമാനിക്കുന്ന തിയതിയില്‍ നിശ്ചിത കാലത്തേക്ക് അടയ്ക്കാനാകും.ഈ നിക്ഷേപം ലക്ഷ്യത്തിലെത്താനുള്ള വര്‍ഷങ്ങളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം. 

മ്യൂച്വല്‍ഫണ്ട്

മ്യൂച്വല്‍ഫണ്ടാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ യൂണിറ്റുകളുടെ മൊത്തം ആസ്തി മൂല്യം (NAV) കുറയുമ്പോള്‍  നിക്ഷേപകന് കൂടുതല്‍ യൂണിറ്റുകള്‍ കിട്ടും. NAV ഉയരുമ്പോള്‍ നിക്ഷേപകന്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുന്നു. എന്നാലും ഇതിലൂടെ നിക്ഷേപ കാലാവധിയിലുടനീളം ഭേദപ്പെട്ട ശരാശരിവില നിക്ഷേപകന് ലഭിക്കുന്നു.

കണക്കുകളനുസരിച്ച് 15 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍ 111 മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ ശരാശരി SIP ലാഭം 12.9 ശതമാനമാണ്. ഇപ്പോഴത്തെ ശരാശരി വിദ്യാഭ്യാസച്ചെലവ്, പ്രതീക്ഷിക്കുന്ന ചെലവുകള്‍ കൂടി കണക്കാക്കി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിച്ചു തുടങ്ങാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കും. 

അച്ചടക്കം വേണം

കുട്ടികള്‍ക്കായുള്ള പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കണോ വൈവിധ്യവല്‍കൃത ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കണോ എന്ന സംശയം രക്ഷിതാക്കള്‍ക്ക് പലപ്പോഴുമുണ്ടാകാറുണ്ട് . നിക്ഷേപ ലക്ഷ്യത്തിന്റെ കാര്യത്തിലും നിക്ഷേപ രീതിയിലും ഇവ ഒരു പോലെ തന്നെയാണ്. എന്നാല്‍ ഇക്വിറ്റി നിക്ഷേപത്തില്‍ ഓഹരിയുടെ പ്രകടനത്തിനനുസരിച്ചുള്ള വ്യത്യാസം അനുഭവപ്പെടും. ഗുണഭോക്താവായ കുട്ടിക്ക് നിശ്ചിത പ്രായപരിധി എത്തും മുമ്പ് പദ്ധതി ഉപേക്ഷിക്കാന്‍ കുട്ടികള്‍ക്കായുള്ള ഫണ്ടില്‍ സാധ്യമല്ല. നിക്ഷേപകരായ രക്ഷിതാക്കള്‍ അച്ചടക്കം പുലര്‍ത്തുന്നവരാണെങ്കില്‍ ഇക്വിറ്റി ഫണ്ടും നല്ലതാണ്. 

നേരത്തേ നിക്ഷേപിക്കാം

മൂന്നോ അഞ്ചോ വര്‍ഷം വൈകിത്തുടങ്ങുന്നതിനേക്കാള്‍ ഗുണകരം നേരത്തേ നിക്ഷേപിച്ചു തുടങ്ങുന്നതാണ്. കാരണം  പ്രതിമാസ അടവു തുക കുറവായിരിക്കും. 17 വര്‍ഷം കൊണ്ട് 25,00,000 ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഒരാള്‍ പ്രതിമാസം നിക്ഷേപിക്കേണ്ടത് 4000 രൂപ മാത്രമാണ്. ഇത് പ്രതിവര്‍ഷം 12 ശതമാനം പലിശ നിരക്കില്‍ വളരുകയും ചെയ്യും. എന്നാല്‍ നിക്ഷേപം രണ്ടു വര്‍ഷം വൈകിയാല്‍ പ്രതിമാസ തവണ സംഖ്യ 31 ശതമാനം കണ്ടു വര്‍ധിക്കും.അതുകൊണ്ട് കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി നേരത്തെ തന്നെ SIP യിലൂടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുകയാണ്. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അസോഷ്യേറ്റ് ഡയറക്ടറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA