sections
MORE

ലൈഫ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ഒരു വീഡിയോ അയച്ച് പെന്‍ഷന്‍ ഉറപ്പാക്കാം

HIGHLIGHTS
  • നവംമ്പറില്‍ അവസാനിക്കുമായിരുന്ന മസ്റ്ററിംഗ് ഇപ്പോള്‍ സംസ്ഥാനത്ത് ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്
senior citizen
SHARE

മരിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരാള്‍ ജീവിച്ചിരിക്കണമെന്നില്ല. ഭൗതീകമായ സാമിപ്യത്തെക്കാള്‍ രേഖകളിലെ സാനിധ്യമാണ് ജീവിച്ചിരിക്കുന്നവര്‍ ഉറപ്പിക്കേണ്ടത്, പെന്‍ഷണര്‍ ആണെങ്കില്‍ പ്രത്യേകിച്ചും. പ്രായമാകുമ്പോള്‍ സമയാ സമയങ്ങളില്‍ രേഖകളിലൂടെ സ്വയം ഉയര്‍ത്തെഴുന്നേറ്റ് അധികൃതരെ ബോധ്യപ്പെടുത്തണം. എണ്‍പതും തൊണ്ണൂറും വയസായവര്‍ക്ക് ജീവിച്ചിരിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ഇങ്ങനെ ജീവനുണ്ടെന്ന് തെളിയിക്കുക എന്നത്.

മുതിര്‍ന്നവര്‍ ക്യൂവിലാണ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി  ലൈഫ് സര്‍ട്ടിഫിക്കറ്റിനായി രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരെല്ലാം മസ്റ്ററിംഗ് കേന്ദ്രത്തിലെ ക്യൂവിലാണ്. വിവിധ പെന്‍ഷന്‍ സ്‌കീമില്‍ പെട്ട് ധനസഹായം കൈപ്പറ്റുന്ന 60 കഴിഞ്ഞ എല്ലാവരും പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ നിര്‍ബന്ധമായും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. നവംമ്പറില്‍ അവസാനിക്കുമായിരുന്ന മസ്റ്ററിംഗ് ഇപ്പോള്‍ സംസ്ഥാനത്ത് ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഇതില്‍ ആരോഗ്യമുള്ളവരും രോഗികളും കിടപ്പുദീനക്കാരും മാനസികാസ്വാസ്ഥ്യമുള്ളവരും ഒറ്റയ്ക്ക് നില്‍ക്കാനാവാതെ മക്കളുടെ ജോലിസ്ഥലത്തേയ്ക്ക് താമസം മാറ്റിയവരും എല്ലാമുണ്ട്. ഇവരെല്ലാം അധികാരപ്പെടുത്തിയ ആള്‍ക്കുമുമ്പില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ്

തടസമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് പെന്‍ഷണര്‍ ജീവനുണ്ട് എന്ന് തെളിയിക്കാനായി വര്‍ഷാവര്‍ഷം സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ബാങ്കോ,ഡോക്ടറോ പരിശോധിച്ച് ഇത് ഉറപ്പ് വരുത്തിയിരിക്കണമെന്നുമുണ്ട്. ഇത് കിടപ്പുരോഗികള്‍ക്കടക്കമുള്ളവര്‍ക്ക് പലപ്പോഴും വലിയ ദുരിതം സമ്മാനിക്കും.

പ്രായമായവരെ ബുദ്ധിമുട്ടിക്കണോ?
ക്രൂരമായ ഈ 'ആചാരം' ശരിയല്ലെന്നാണ് സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എച്ച് ഡി എഫ് സി ലൈഫ് കരുതുന്നത്. 'പ്രായമായ ഇന്ത്യ' യെ പീഡിപ്പിക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ 'കസ്റ്റമേഴ്‌സ'് ആയ മുതിര്‍ന്ന പൗരന്‍മാര്‍ ജീവനുണ്ടെന്ന് തെളിയിക്കാന്‍ സ്വയം ഹാജരാകേണ്ടതില്ലെന്ന് എച്ച് ഡി എഫ് സി പറയുന്നു.

വീഡിയോ തന്നെ വലിയ തെളിവ്

കമ്മ്യൂണിക്കേഷന്‍ സംവിധാനം ഇത്രകണ്ട് വളര്‍ന്ന ഇക്കാലത്ത് വീട്ടിലിരുന്ന ഒരു വീഡിയോ എടുത്ത് അയച്ചാല്‍ മതി എന്നാണ് എച്ച് ഡി എഫ് സി ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജീവിച്ചിരിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവ് വേണോ എന്നാണ് സ്ഥാപനത്തിന്റെ ചോദ്യം. കമ്പനിയ്ക്ക് കീഴിലുള്ള കോര്‍പ്പറേറ്റ്/അന്യുറ്റി കസ്റ്റമേഴ്‌സിന് വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്ത് മുടങ്ങാതെ പെന്‍ഷന്‍ കൈപ്പറ്റാം.

കൊച്ചുമക്കളുടെ ഫോണിലൂടെ ചെയ്യാം

എച്ച് ഡി എഫ് സി ലൈഫ് പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായി ഇത് നല്‍കാം. ചെയ്യേണ്ടത് ഇത്രമാത്രം കൊച്ചുമക്കളുടെയോ മറ്റോ സ്മാര്‍ട്ട് ഫോണ്‍ നമ്പര്‍ ആദ്യമേ നല്‍കുക. എന്നിട്ട് ബാങ്ക് അയക്കുന്ന മെസേജിനോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. സ്വയം വീഡിയോ റിക്കോഡ് ചെയ്ത് അയക്കുക. ഇത്രയുമായാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റായി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ 90 ദിവസം ബാക്കിയുള്ളപ്പോള്‍ ആണ് ബാങ്ക് മെസേജ് അയക്കുക. അതുകൊണ്ട് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ തന്നെ അതെല്ലാം സുഖപ്പെട്ട് വീഡിയോ നല്‍കാന്‍ ധാരാളം സമയവുമുണ്ട്. ഇവിടെ ബാങ്കില്‍ പോകുകയോ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നേടുകയോ ഒന്നും വേണ്ട. ഇരുന്ന ഇരുപ്പില്‍ മിനുട്ടുകൊണ്ട് കാര്യങ്ങള്‍ ശരിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA