ADVERTISEMENT

കുട്ടികളുടെ വിദ്യാഭ്യാസം മുതല്‍ വിവാഹം വരെയുള്ള വിവിധ കാര്യങ്ങള്‍ വളരെ ഭംഗിയായി നിറവേറ്റുന്നതിന്‌ മുന്‍കൂട്ടിയുള്ള സാമ്പത്തിക ആസൂത്രണം പ്രധാനമാണ്‌. കുട്ടികള്‍ക്ക്‌ വേണ്ടി എത്രയും വേഗത്തില്‍ നിക്ഷേപം തുടങ്ങുന്നവോ അത്രയും കൂടുതല്‍ അവര്‍ക്കായി സമ്പാദിക്കാം. കുട്ടികളുടെ ഓരോ പ്രായത്തിലെയും സാമ്പത്തിക ആവശ്യങ്ങള്‍ വ്യത്യസ്‌തമായിരിക്കും അതിനാല്‍ ഇവ ഓരോന്നും നിറവേറ്റുന്നതിന്‌ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗ്ഗം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
ഇതുവരെ കുട്ടികള്‍ക്കായി പ്രത്യേക നിക്ഷേപങ്ങള്‍ ഒന്നും നിങ്ങള്‍ തുടങ്ങിയിട്ടില്ല എങ്കില്‍ ഈ പുതുവര്‍ഷത്തില്‍ അതിന്‌ തു
ടക്കമിടാം. നിക്ഷേപം തുടങ്ങുന്നതിന്‌ മുമ്പ്‌ കുട്ടികളുടെ ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന്‌ ആവശ്യമായ ആദായം ആ നിക്ഷേപ മാര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുമോ എന്ന്‌ കൃത്യമായി മനസിലാക്കണം . ഭാവിയില്‍ ഉണ്ടാകുന്ന ചെലവുകള്‍ കൂടി മനസിലാക്കി വേണം നിക്ഷേപം നടത്തുന്നത്‌.കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ചില ദീര്‍ഘകാല നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ഇതാ.

സ്ഥിര നിക്ഷേപം

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ്‌ സ്ഥിര നിക്ഷേപത്തെ (എഫ്‌ഡി ) കണക്കാക്കുന്നത്‌. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ അടുത്തിടെ കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും ദീര്‍ഘ കാലയളവിലേക്ക്‌ നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയ്ക്ക്‌ ഉറപ്പുണ്ടായിരിക്കും. വ്യത്യസ്‌ത ബാങ്കുകളില്‍ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ വ്യത്യസ്‌തമായിരിക്കും. അഞ്ച്‌ വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്‌ ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ്‌ പ്രകാരം നികുതി ഇളവ്‌ ലഭിക്കും. ബാങ്കുകളില്‍ എന്നപോലെ കമ്പനികളിലും സ്ഥിര നിക്ഷേപം നടത്താനുള്ള അവസരം ഉണ്ട്‌. കുട്ടികള്‍ക്കായി ഉറപ്പുള്ളതും സുരക്ഷിതവുമായ നിക്ഷേപമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ എഫ്‌ഡി തിരഞ്ഞെടുക്കാം.

പിപിഎഫ്‌

കുട്ടികള്‍ക്ക്‌ വേണ്ടി ദീര്‍ഘകാല നിക്ഷേപം നടത്താന്‍ തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച മാര്‍ഗ്ഗമാണ്‌ പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (പിപിഎഫ്‌ ). 15 വര്‍ഷം ലോക്‌ ഇന്‍ കാലയളവുള്ള ദീര്‍ഘകാല നിക്ഷേപമാണിത്‌. വര്‍ഷം ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവും ലഭ്യമാകും. മൈനറായ കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്ക്‌ പിപിഎഫ്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിയും.
സുരക്ഷിതമായ ദീര്‍ഘകാല നിക്ഷേപമായാണ്‌ പിപിഎഫ്‌ കണക്കാക്കപ്പെടുന്നത്‌.
പ്രായപൂര്‍ത്തിയാകുന്നതോടെ കുട്ടിയുടെ സ്വന്തം പേരിലേക്ക്‌ പിപിഎഫ്‌ അക്കൗണ്ട്‌ മാറ്റാനും നിക്ഷേപം തുടരാനും കഴിയും .
ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത്‌ 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പിപിഎഫില്‍ നിക്ഷേപിക്കാം. കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ ആവശ്യമെങ്കില്‍ പിപിഎഫ്‌ അക്കൗണ്ടില്‍ നിന്നും നിക്ഷേപം ഭാഗികമായി പിന്‍വലിക്കാനും വായ്‌പ എടുക്കാനും കഴിയും .

മ്യൂച്വല്‍ ഫണ്ട്‌

കുട്ടികള്‍ക്ക്‌ വേണ്ടി വളരെ നേരത്തെ നിക്ഷേപം തുടങ്ങാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. രക്ഷകര്‍ത്താവിന്റെ സാമ്പത്തിക ലക്ഷ്യവും റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും അടിസ്ഥാനമാക്കി വേണം മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത്‌. പത്ത്‌ വര്‍ഷത്തിന്‌ മേല്‍ വരുന്ന ദീര്‍ഘകാല നിക്ഷേപമാണ്‌ ലക്ഷ്യമിടുന്നത്‌ എങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അധികം റിസ്‌ക്‌ എടുക്കാന്‍ താല്‍പര്യമില്ല എങ്കില്‍ ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്‌ പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

ചൈല്‍ഡ്‌ പ്ലാന്‍

നിങ്ങളുടെ അഭാവത്തിലും കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കണം എന്ന്‌ ആഗ്രഹിക്കുന്നു എങ്കില്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ ലഭ്യമാക്കുന്ന വിവിധ ചൈല്‍ഡ്‌ ഇന്‍ഷൂറന്‍സ്‌ പ്ലാനുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
ചൈല്‍ഡ്‌ പ്ലാനുകള്‍ പോളിസി ഉടമ മരിക്കുകയാണെങ്കില്‍ ഒരു തുക ഒരുമിച്ച്‌ കുട്ടിക്ക്‌ ലഭ്യമാക്കുകയും തുടര്‍ന്ന്‌ പ്രീമിയം അടക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. പോളസി ഉടമയ്‌ക്ക്‌ വേണ്ടി ഇന്‍ഷൂറന്‍സ്‌ കമ്പനി നിക്ഷേപം തുടരും. പോളിസിക്ക്‌ അനുസരിച്ച്‌ കൃത്യമായ ഇടവേളകളില്‍ കുട്ടിക്ക്‌ പണം ലഭ്യമാക്കും.

ഓഹരികള്‍

ഓഹരി നിക്ഷേപത്തിന്‌ നഷ്ട സാധ്യത കൂടുതലാണ്‌. എന്നാല്‍ ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന നേട്ടം നല്‍കാന്‍ മറ്റ്‌ ഏത്‌ നിക്ഷേപ മാര്‍ഗത്തേക്കാള്‍ മികച്ചത്‌ ഓഹരികളാണ്‌. റിസ്‌ക്‌ കൂടും തോറും നേട്ടവും ഉയരും.

ഇടിഎഫ്‌

ഓഹരികളിലെ പോലെ തന്നെയാണ്‌ ഇടിഎഫുകളിലെയും നിക്ഷേപം . ഓഹരികള്‍, കമ്മോഡിറ്റികള്‍, ബോണ്ടുകള്‍ തുടങ്ങിയ ആസ്‌തികള്‍ ഇടിഎഫിലും ഉണ്ടാകും. ഇടിഎഫ്‌ വഴി വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ കഴിയും. ചെലവ്‌ കുറഞ്ഞതും സുതാര്യവുമായ നിക്ഷേപ മാര്‍ഗമാണിത്‌.
സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗോള്‍ഡ്‌ ഇടിഎഫുകളും തിരഞ്ഞെടുക്കാം. ഓരോ യൂണിറ്റും ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‌ തുല്യമാണ്‌. മ്യൂച്വല്‍ ഫണ്ടുകളെ പോലെ ഡീമാറ്റ്‌ അക്കൗണ്ടു വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി, പണിക്കൂലി, സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ ആശങ്കയില്ലാതെ നിക്ഷേപം നടത്താം.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ പഠനം , വിവാഹം പോലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ വേണ്ടിയുള്ള നിക്ഷേപ മാര്‍ഗമാണ്‌ സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ ) സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയ നിക്ഷേപ മാര്‍ഗമാണിത്‌. സുകന്യ സമൃദ്ധി യോജന അക്കൗണ്ട്‌ പത്ത്‌ വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാത്രമെ തുടങ്ങാന്‍ സാധിക്കു. ഒരാളുടെ പേരില്‍ രണ്ട്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിയില്ല. കുട്ടിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായി കഴിയുമ്പോള്‍ മാത്രമെ പണം പിന്‍വലിക്കാന്‍ അനുവദിക്കു. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 50 ശതമാനം വരെ പിന്‍വലിക്കാം. അക്കൗണ്ട്‌ തുടങ്ങിയ ദിവസം മുതല്‍ 21 വര്‍ഷം വരെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട്‌ പ്രവര്‍ത്തിപ്പിക്കാം. നിക്ഷേപത്തിന്‌ 80 സി പ്രകാരം നികുതി ഇളവ്‌ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്‌ക്ക്‌ നികുതി ബാധകമാവില്ല. അക്കൗണ്ടില്‍ ഒരു വര്‍ഷം നടത്തേണ്ട കുറഞ്ഞ നിക്ഷേപം 250 രൂപയാണ്‌. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com