ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-9

ആദായ നികുതി നല്‍കുന്നുണ്ടെങ്കിലും നല്‍കാന്‍ ബാധ്യത ഇല്ലെങ്കിലും ലഭിക്കുന്ന വരുമാനത്തിന്റെ തെളിവ് രേഖകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

നിങ്ങള്‍ ഉണ്ടാക്കുന്ന ഓരോ വരുമാനത്തിനും തെളിവ് സൂക്ഷിക്കണം. ഉറവിടം വ്യക്തമാക്കുന്ന രേഖകളും സൂക്ഷിക്കണം. ഇത്തരത്തിലുള്ള തെളിവ് രേഖകളുടെ രൂപം ആദായനികുതി നിയമം അനുശാസിക്കുന്നില്ല എങ്കില്‍ വരുമാനത്തിനു അവകാശപ്പെടാവുന്ന തെളിവുകള്‍ സ്വയം നിങ്ങള്‍ സൂക്ഷിക്കണം. കാര്‍ഷിക വരുമാനം മാത്രം ഉള്ളവരും അതിനു തെളിവ് സൂക്ഷിക്കുന്നത് നല്ലതാണ്. അതേപോലെ കാര്‍ഷിക ചെലവുകളുടെ ബില്ലുകളും സൂക്ഷിക്കുക.

കേന്ദ്ര ധനകാര്യ വകുപ്പിലെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ( സി.ബി.ഡി.റ്റി) ആണ് ആദായ നികുതി സംബന്ധമായ നടപടികള്‍ ക്രമീകരിക്കുന്നത്. സി.ബി.ഡി.റ്റി ആണ് ആദായ നികുതി സംബന്ധമായ ആസൂത്രണം നടത്തുന്നതും നയങ്ങള്‍ ആവിഷ്‌കരിക്കുന്നതും ആദായ നികുതി വകുപ്പിലൂടെ അവ നടപ്പില്‍ വരുത്തുന്നതും. ഈ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ആദായ നികുതി വകുപ്പാണ് ആദായ നികുതി നിയമം നടപ്പാക്കുന്നത്

ഓരോ പൗരന്റെയും വാര്‍ഷിക വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ആദായ നികുതി ചുമത്തുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് പിറ്റേവര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കുന്നതുവരെയുള്ള കാലയളവാണ് ആദായ നികുതി ചുമത്താനുള്ള ഒരു വര്‍ഷമായി കണക്കാക്കുന്നത്. ഈ കാലയളവുതന്നെയാണ് സാമ്പത്തികവര്‍ഷമായും കണക്കാക്കുന്നത്. ഒരു വ്യക്തി വരുമാനമുണ്ടാക്കുന്ന ഈ കാലയളവിനെ ആദായ നികുതി നിയമം അനുസരിച്ച് പ്രീവിയസ് ഇയര്‍ എന്നാണ് വിളിക്കുന്നത്. പ്രീവിയസ് ഇയറിലെ വരുമാനത്തിന് നികുതി ചുമത്തുന്നത് പിറ്റേ സാമ്പത്തിക വര്‍ഷമാണ്. ഇങ്ങനെ നികുതി ചുമത്തുന്ന പിറ്റേവര്‍ഷത്തെ അസസ്‌മെന്റ് ഇയര്‍ എന്നും വിളിക്കുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഒരു വ്യക്തി ഉണ്ടാക്കുന്ന വരുമാനം 2016-2017  പ്രീവിയസ് ഇയറിലെ വരുമാനമായാണ് കണക്കാക്കുന്നത്. ഈ വരുമാനത്തിന്മേലുള്ള നികുതി ചുമത്തുന്നത് 2017-2018 അസെസ്‌മെന്റ് ഇയറിലാണ്.

ആദായ നികുതി സംബന്ധമായ വിദഗ്ധ ഉപദേശം ലഭ്യമാക്കന്‍ ആദായ നികുതി വകുപ്പ് തന്നെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ പ്രാദേശിക ഓഫീസില്‍ ഇതിനായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.  ഇവരെയോ വിവിധ സ്ഥലങ്ങളില്‍ ലഭ്യമായ ടാക്‌സ് റിട്ടേണ്‍ പ്രിപ്പയറേഴ്‌സ്മാരെയോ സമീപിച്ച് സംശയനിവാരണം വരുത്താം. നിങ്ങളുടെ തൊട്ടടുത്തുള്ള ടാക്‌സ് റിട്ടേണ്‍ പ്രിപ്പയറേഴ്‌സിനെ കണ്ടെത്താന്‍ www.trpscheme.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

പ്രീവിയസ് ഇയര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാണ് അക്കാലയളവിലെ വരുമാനത്തെ അടിസ്ഥാനമാക്കി ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് ആദായ നികുതി നല്‍കേണ്ടത്. എന്നാല്‍ ഗവണ്‍മെന്റ് ആദായനികുതി മുന്‍കൂറായി ഈടാക്കാനുള്ള വ്യവസ്ഥകളും മുന്നോട്ടുവച്ചിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മുന്‍കൂര്‍ നല്‍കിയിരുന്ന നികുതി കൂടിപ്പോയിട്ടുണ്ടെങ്കില്‍ അധികമായി നല്‍കിയ പണം തിരിച്ചു റീഫണ്ട് ആയി കിട്ടും. യഥാര്‍ത്ഥത്തില്‍ നല്‍കേണ്ട നികുതിയേക്കാളും കുറഞ്ഞ തോതിലേ മുന്‍കൂര്‍ അടച്ചിട്ടുള്ളൂ എങ്കില്‍ അനുമാന നികുതിയായി(സെല്‍ഫ് അസെസ്‌മെന്റ് നികുതി) ബാക്കി തുക അടയ്ക്കാം.

പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ചെല്ലാന്‍ മുഖാന്തിരമാണ് അനുമാന നികുതി അടയ്‌ക്കേണ്ടത്. www.incometaxindia.gov.in ല്‍ നിന്ന് ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇതുപയോഗിച്ച് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ബാങ്കില്‍ പണം നല്‍കിയോ ചെക്ക് നല്‍കിയോ ഡിജിറ്റല്‍ മണി നല്‍കിയോ പേയ്‌മെന്റ് നടത്താം. ഓണ്‍ലൈനായും നികുതി അടയ്ക്കാം. കമ്പനികള്‍ നല്‍കേണ്ട ആദായ നികുതി കോര്‍പ്പറേറ്റ് ടാക്‌സ് എന്നാണ് അറിയപ്പെടുന്നത്. മറ്റുള്ളവർ നല്‍കേണ്ട നികുതിയാണ് ആദായ നികുതി എന്നറിയപ്പെടുന്നത്.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com