പണം കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ
Mail This Article
കരാർ തൊഴിലാളിയാണ് ഞാൻ. ഉയർന്ന സാമ്പത്തിക ബാധ്യതയുണ്ട്. ഒരാളിൽനിന്നു വാങ്ങി മറ്റൊരാളുടെ കടം വീട്ടി അങ്ങനെ പോകുകയാണ്. എനിക്കറിയേണ്ടത്, ഈ കടം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം മിക്കപ്പോഴും പണമായി തന്നെയാണ്. ഇതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? കടം വാങ്ങാൻ നേരത്ത് ചിലരൊക്കെ എന്നോട് ഒപ്പിട്ട ചെക്ക് വാങ്ങാറുണ്ട്. ചിലർക്കെല്ലാം പലിശ കൊടുക്കുന്നത് ഓൺലൈൻ വഴിയാണ്. ഭാവിയിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എന്താണു ചെയ്യേണ്ടത്?
ഓമനക്കുട്ടൻ ഇളയത് മുല്ലയ്ക്കൽ, ആലപ്പുഴ
ഉത്തരം:
പ്രധാനമായി ശ്രദ്ധിക്കേണ്ടത്, കടം വാങ്ങുന്നതും തിരിച്ചുകൊടുക്കുന്നതും അക്കൗണ്ട് പേയീ ചെക്കോ അക്കൗണ്ട് പേയീ ബാങ്ക്ഡ്രാഫ്‌റ്റോ അക്കൗണ്ട് ട്രാൻസ്ഫർ വഴിയോ ആകണം എന്നുള്ളതാണ് (വകുപ്പ് 269SS, വകുപ്പ് 269T). ഈ രീതികളിലൂടെ അല്ലാതെ 20,000 രൂപയോ അതിനു മേലോ തുക കടമായി വാങ്ങിയാൽ വകുപ്പ് 271D പ്രകാരം വാങ്ങിയ തുകയ്ക്കു തുല്യമായ തുക പിഴ ഈടാക്കാവുന്നതാണ്. 20,000 രൂപയോ അതിൽ കൂടുതലോ തുകയുടെ കടം തിരിച്ചു നൽകുമ്പോഴും വകുപ്പ് 271E പ്രകാരം ഇങ്ങനെ തിരിച്ചടച്ച തുകയ്ക്കു തുല്യമായ തുക പിഴ ഈടാക്കാവുന്നതാണ്.
കടമായി ലഭിച്ച തുകയും തിരിച്ചടവു സംബന്ധിച്ച വിവരങ്ങളും പലിശയെക്കുറിച്ചുള്ള വിവരങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു വായ്പക്കരാർ സ്റ്റാംപ് പേപ്പറിൽ തയാറാക്കി വച്ചാൽ, താങ്കൾക്കു ലഭിച്ചിരിക്കുന്ന തുക കടം വാങ്ങിയതാണെന്നും ഓൺലൈനായി തിരിച്ചടയ്ക്കുന്നത് ഇതിന്റെ പലിശയാണെന്നും മറ്റുമുള്ള കാര്യങ്ങൾക്കു തെളിവായി ഉപയോഗിക്കാം. അല്ലെങ്കിൽ പണമായി കൈപ്പറ്റുന്ന തുകകളുടെ ഉറവിടം വിശദീകരിക്കേണ്ടി വന്നേക്കാവുന്ന സാഹചര്യത്തിൽ ആ തുകകൾ വരുമാനമല്ല കടമായി വാങ്ങിയതാണെന്നും മറ്റും രേഖാമൂലം തെളിയിക്കാൻ സാധിക്കാതെ വരും. തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ ആ തുകകൾ വരുമാനമായി കണക്കാക്കി സാമാന്യനിരക്കുകളെക്കാൾ ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യാം.
ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ