ADVERTISEMENT

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായ നികുതി രീതിയ്ക്ക് പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. നികുതീദായകരില്‍ ഭൂരിപക്ഷം പേരും വിവധ തരം നിക്ഷേപം നടത്തിയിട്ടുള്ളവരാണെന്നും  അവയ്ക്കുള്ള  ആനുകൂല്യമുപേക്ഷിച്ച് പുതിയ ടാക്‌സ് സ്ലാബിലേക്ക്് ചേക്കേറുന്നത് നഷ്ടമാണെന്നുമാണ് പ്രധാന വിമര്‍ശനം. ഇത് ഏറെക്കുറെ ശരിയുമാണ്. നിലവില്‍ ഭവന വായ്പ പലിശ രണ്ട് ലക്ഷം രൂപ വരെയും ഭവന വായ്പ തിരിച്ചടവിലെ പ്രിന്‍സിപ്പല്‍ തുക, മ്യൂച്ചല്‍ ഫണ്ട്, ട്യൂഷന്‍ ഫീസ്, പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷൂറന്‍സ് പോളിസി, വാടക, അവധിക്കാല യാത്ര എന്നിങ്ങനെ 1.5 ലക്ഷം വരെയും സ്റ്റാന്‍ഡേഡ് ഡിഡക്ഷനായി 50000 രൂപയും കിഴിവ് ലഭിക്കുമ്പോള്‍ പുതിയ നികുതി സ്‌ളാബിലേക്കു മാറുന്നത് ഇത്തരം 'നികുതി ആനുകൂല്യ' നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് ഗുണകരമാവില്ല. 

ആകെ നികുതി ദായകരായ 5.78 കോടി പേരില്‍ 5.3 കോടിയും രണ്ടു ലക്ഷം രൂപയില്‍ താഴെ മാത്രം നികുതി ഇളവ് ക്ലെയിം ചെയ്യുന്നവരാണ്. അതായത്  ഉയര്‍ന്ന നികുതി ഇളവ് തുകയായ 3.75-4 ലക്ഷം ക്ലെയിം ചെയ്യുന്നവര്‍   ആദായ നികുതി അടയ്ക്കുന്നവരില്‍ 10 ശതമാനത്തില്‍ താഴെ  മാത്രം. 

ആര്‍ക്കൊക്കെ പുതിയ നികുതി നിര്‍ണയ രീതി ഗുണകരമാകുമെന്ന് ഒറ്റയടിക്ക് പറയാനാവില്ല. ഒരോരുത്തരുടെയും കേസുകള്‍ പ്രത്യേകമായി ഇതിന് പരിഗണിക്കേണ്ടി വരും. എങ്കിലും  താഴെ പറയുന്ന വിഭാഗത്തിലുളളവര്‍ക്ക് പുതിയ രീതിയായിരിക്കും അഭികാമ്യം

1 അടിച്ചു പൊളിക്കാര്‍

ശമ്പളവരുമാനം ഏതാണ്ട് പൂര്‍ണമായി  അടിച്ച് പൊളിക്കുന്നവര്‍ക്ക് പുതിയ രീതിയിലേക്ക് മാറുന്നത്  ഗുണകരമായിരിക്കുമെന്ന് പൊതുവേ പറയാം. സാധാരണ  6-7 ലക്ഷം രൂപ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്നവര്‍ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപ എങ്കിലും നികുതി ആനുകൂല്യം ക്ലെയിം ചെയ്യുന്നവരായിരിക്കും. ഇതാകട്ടെ വിവിധ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യമാണ്. നികുതി ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ  കടം വാങ്ങിയും മറ്റും നിക്ഷേപം വട്ടമെത്തിക്കുന്നവരായിരിക്കും കൂടുതലും. അഞ്ചുമുതല്‍ 25 വരെ വര്‍ഷം നീളുന്ന നിക്ഷേപമായതിനാല്‍ ഇത് അടയ്ക്കാതെ നിവൃത്തിയുമില്ല. അതേസമയം കിട്ടുന്ന കാശ് മുഴുവന്‍ അടിച്ചു പൊളിച്ച് തീര്‍ക്കുന്ന ന്യൂജന്‍ ജീവനക്കാര്‍ക്ക് നിക്ഷേപം ശൂന്യമായതിനാല്‍ നികുതിയിൽ ഈ ആനുകൂല്യം ലഭ്യമാവില്ല. അതുകൊണ്ട് പുതിയ  രീതിയിലേക്ക് മാറിയാല്‍ കുറഞ്ഞ നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും.

2 പേപ്പര്‍ ഫോബിയ' ഉള്ളവര്‍

ആദായ നികുതി ആനുകൂല്യം ലഭിക്കാൻ  ഒരുപാട് പേപ്പര്‍ ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഭവനവായ്പ തിരിച്ചടവിന്റെ വിശദ വിവരം സംഘടിപ്പിക്കണം, എല്‍ ഐ സി  മ്യുച്ചല്‍ ഫണ്ട്, ടേം ഇന്‍ഷൂറന്‍സ്, സ്‌കൂള്‍ ഫീസ്, ട്രാവല്‍ രേഖകള്‍  തുടങ്ങിവയക്കായി ഓടേണ്ടി വരും.    സമയക്കുറവ് മൂലമോ  മടികൊണ്ടോ  പലർക്കും  ഇതിന് മെനക്കെടാന്‍ ഇഷ്ടമില്ല.  ഇത്തരത്തില്‍ 'അലസമനസുള്ള'വര്‍ക്ക് പുതിയ രീതിയിലേക്ക് മാറിയാല്‍ ആ തലവേദന ഒഴിവായിക്കിട്ടും. വാങ്ങുന്ന കാശിന് ആ സ്ലാബില്‍ പറഞ്ഞിട്ടുള്ള നികുതിയടച്ച് സുഖമായുറങ്ങാം.

3 പ്രാബ്ധക്കാര്‍

എല്ലാവരുടെയും ജീവിത സാഹചര്യം ഒരുപോലെയല്ല. പല പ്രാരാബ്ധത്തില്‍ പെട്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന നിരവധി പേർ  നമുക്കിടയിലുണ്ട്. നികുതി  ഇളവ് ലഭിക്കുന്ന നിക്ഷേപത്തിനു തയ്യാറാണെങ്കിലും പക്ഷേ, ഗതികേടുകൊണ്ട് പറ്റാത്തവര്‍. വീട്ടിലെ പ്രാരാബ്ധം കഴിഞ്ഞ് നികുതി ഇളവിനായി  നിക്ഷേപത്തിന് ലോണ്‍ എടുക്കേണ്ടി വരും എന്നതുകൊണ്ട് ഇത് ഒഴിവാക്കിയവരാണിക്കൂട്ടര്‍. അവര്‍ക്ക് പുതിയ രീതി ഗുണപ്രദമാണ്. പക്ഷെ സേവന കാലാവധി തീരുമ്പോഴും നിക്ഷേപമൊന്നുമില്ലാത്തതിനാല്‍ ഇതേ ഗതികേടില്‍   തുടരേണ്ടി വരും എന്നതു കൂടി ഓർക്കണം..

4 നിക്ഷേപം താത്പര്യമില്ലാത്തവര്‍

പണമുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ പല മാര്‍ഗങ്ങളുണ്ട് ഇന്ന്. വീട്,കാറ്, സ്വര്‍ണം, ഭൂമി, ഓഹരി, ഇന്‍ഷൂറന്‍സ്,മ്യച്ചല്‍ ഫണ്ട് തുടങ്ങിയവ. എന്നാല്‍ ഇവയെ കുറിച്ച്  തല പുണ്ണാക്കി അതിന്റെ റിസ്‌ക് എടുക്കാന്‍ ഇഷ്ടപ്പെടാത്തവരുമുണ്ട്. നിക്ഷേപത്തിന്റെ തലവേദന താത്പര്യമില്ലാത്തവർക്ക്  പഴയ നികുതി സമ്പദായം നഷ്ടക്കച്ചവടമാണ്. അവര്‍ക്ക് പുതിയ രീതി തിരഞ്ഞെടുക്കാം. അത് സാമ്പത്തിക ലാഭം നല്‍കും.

5 ചില പെന്‍ഷന്‍കാര്‍

നിക്ഷേപം ആവശ്യമില്ലാത്ത എന്നാല്‍ വരുമാനം കൂടുതലുളള പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം പഴയ രീതിയിലും ആദായകരം പുതുതാണ്. വീട് വാങ്ങാനോ, പി എഫില്‍ നിക്ഷേപിക്കാനോ താത്പര്യമില്ലാത്തതുകൊണ്ട്  മിക്ക ഇളവുകളും ഇവര്‍ക്ക്് നേടാനാവില്ല. അത്തരക്കാര്‍ക്ക് പഴയ രീതിയിലെ ഉയര്‍ന്ന നികുതിയ്ക്ക് പകരം പുതിയ രീതി അവലംബിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com