sections
MORE

ക്രെഡിറ്റ് കാര്‍ഡ് കുടിശികയ്ക്ക് തിരിച്ചടവ് ആനുകൂല്യം സ്വീകരിക്കണോ?

HIGHLIGHTS
  • തിരിച്ചടവ് ആനുകൂല്യം എല്ലാത്തരം വായ്പയ്ക്കും ഒരുപോലെയല്ല
card
SHARE

ആര്‍ ബി ഐ എല്ലാ വായ്പകള്‍ക്കും മാര്‍ച്ച് മുതല്‍ മൂന്ന് മാസം തിരിച്ചടവ് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഭവന, വാഹന, പണയ വായ്പകള്‍ എന്നിവയ്ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡ് കുടിശികയും വ്യക്തിഗത വായ്പകളും മൂന്ന് മാസത്തെ ഇ എം ഐ ആനുകൂല്യത്തിന് വിധേയമാക്കിയിട്ടുമുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക് ഡൗണിലേക്ക് പോയപ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇ എം ഐ തിരിച്ചടവിന് ആനുകൂല്യം പ്രഖ്യാപിച്ചത്.
ഈ പ്രതിസന്ധികാലത്ത് ഭവന വായ്പയുടെയും കാര്‍ ലോണിന്റെയും പണയ വായ്പയുടെയും മറ്റും ഇ എം ഐ യ്ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗതവായ്പകളുടെ തിരിച്ചടവു കൂടി അടയ്ക്കാന്‍ പാടാണ്. പ്രത്യേകിച്ച് ശമ്പളവരുമാനമടക്കമുള്ളവ കുറയുകയോ നീട്ടി വയ്ക്കപ്പെടുകയോ കിട്ടാതാവുകയോ ചെയ്യുമ്പോള്‍. വായ്പ എടുത്തവരുടെ സ്ഥിതി ഗുരുതരമാണെങ്കിലും ആര്‍ ബി ഐ പ്രഖ്യാപിച്ച തിരിച്ചടവ് ആനുകൂല്യം എല്ലാത്തരം വായ്പയ്ക്കും ഒരുപോലെയാണെന്ന് കണക്കാക്കിയാല്‍ എപ്പോ പെട്ടു എന്നു ചോദിച്ചാല്‍ മതി.

കുറഞ്ഞ പലിശ നിരക്ക്

കാര്‍ഷിക വായ്പ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ന് വിപണിയില്‍ കിട്ടാവുന്ന ഏറ്റവും പലിശ നിരക്ക് കുറഞ്ഞ വായ്പയാണ് ഭവന വായ്പ. ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകളുടെ സിംഹഭാഗവും ഈ വിഭാഗത്തില്‍ പെടുന്നവയാകും. ശരാശരി 8-8.5 ശതമാനം നിരക്കിലാകും ഈ വായ്പകള്‍. വാഹനവായ്പയുടെ കാര്യത്തിലാണെങ്കിലും പലിശ നിരക്കില്‍ ഒന്നോ രണ്ടോ ശതമാനം വ്യത്യാസം വരുമെങ്കിലും സമാന സ്ഥിതിയാണ്. എം എസ് എം ഇ വായ്പകളാണെങ്കിലും പലിശയില്‍ ഒന്നോ രണ്ടോ ശതമാനം കൂടുമെങ്കിലും കഴുത്തറപ്പന്‍ തുക ഈ വിഭാഗത്തിലുമില്ല.

ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ വായ്പ

അതേ സമയം മുകളില്‍ പറഞ്ഞ അതേ മാനദണ്ഡം കൊണ്ട് അളക്കുവാന്‍ കഴിയാത്തതാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകളും വ്യക്തിഗത വായ്പകളും. ഏതാണ്ട് എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാര്‍ഡ് വാര്‍ഷിക വായ്പ നിരക്ക് 37 ശതമാനം മുതല്‍ മുകളിലേക്കാണ്. ശരാശരി 40 ശതമാനം വരും. വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ ഇത് പ്രോസസിംഗ് ഫീസ് അടക്കം 15 ശതമാനം വരെ വരാം.

പലിശ കൂടി വരും

തിരിച്ചടവ് ഒഴിവായ മാര്‍ച്ച,് ഏപ്രില്‍, മെയ് എന്നീ മാസങ്ങളിലും വായ്പ എടുത്ത ബാക്കി തുകയുടെ പലിശ കയറികൊണ്ടിരിക്കും. അല്ലാതെ പലിശ ഒഴിവുണ്ടാകില്ല എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് ആര്‍ ബി ഐ പ്രഖ്യാപിച്ച് കൊറോണ ആനുകൂല്യം തേടുമ്പോള്‍ ഇ വസ്തുത കൂടി മനസിലിരിക്കണം.

ക്രെഡിറ്റ് കാര്‍ഡ് പണി തരും

അതുകൊണ്ട് മേല്‍ പറഞ്ഞ വായ്പകളില്‍ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ വായ്പകളുടെ കാര്യത്തില്‍ തിരിച്ചടവ് ആനുകൂല്യം സ്വീകരിക്കുന്നതാണ് ബുദ്ധി. ഭവന, വാഹന, പണയ,വിദ്യാഭ്യാസ വായ്പകള്‍ ഇതിലുള്‍പ്പെടും. അതേസമയം പലിശ നിരക്ക് കൂടുതലുള്ള വ്യക്തഗത വായ്പ, പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ് വായ്പ  നിവൃത്തിയുണ്ടെങ്കില്‍ അടയ്ക്കാതിരിക്കരുത്. നിലവിലുള്ള കാര്‍ഡ് കുടിശികയ്ക്ക് മൊത്തമായിട്ടാണ് മൊറോട്ടോറിയം ബാധകമാവുക. ഇനി ഇത് അടയ്ക്കാതിരുന്നാല്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് പലിശ കൂടി ഉൾപ്പെടുത്തിയാകും മൂന്ന് മാസത്തിന് ശേഷം പുതിയ തുക വരിക.  ഇത് വലിയ ബാധ്യത പിന്നീട് ഇടപാടുകാര്‍ക്കുണ്ടാക്കുക. മാര്‍ച്ച് ആദ്യം ഒരു ലക്ഷം രൂപ അടവുള്ള ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ ഇ എം ഐ ആനുകൂല്യം സ്വീകരിച്ച് മേയ് അവസാനം തുക അടക്കേണ്ടി വരുമ്പോള്‍ കൂട്ടുപലിശയും ഫീസുകളുമടക്കം ചുരുങ്ങിയത് 110,000 രൂപയെങ്കിലും അടയ്‌ക്കേണ്ടി വന്നേയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA