ADVERTISEMENT


കോവിഡ് 19 പ്രതിസന്ധിയെ തുടർന്നു വരുമാനം നിലച്ചതോടെ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം വലിയ അനുഗ്രഹമായെന്നു കരുതി ഭവനവായ്പയുടെ ഇഎംഐ മൂന്നു മാസത്തേയ്ക്ക് നീട്ടാനുള്ള അപേക്ഷ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ? എങ്കിൽ അറിയുക,  മൂന്നു മാസത്തേയ്ക്ക് പണമടയ്ക്കൽ നീട്ടിവെയ്ക്കാനുള്ള  ഈ ആനുകൂല്യം സ്വീകരിച്ചാൽ അതിനു  നിങ്ങൾ അധികമായി നൽകേണ്ടി വരുന്ന പലിശ രണ്ടോ നാലോ ആയിരങ്ങൾ മുതൽ ലക്ഷങ്ങളോ കോടികളോ വരെയാകാം.

വൻതുകയാണെങ്കിൽ ബുദ്ധിമുട്ടാകും

മാർച്ച് മുതലുള്ള മൂന്നു ഗഡുക്കളാണ് മൂന്നുമാസത്തേയ്ക്ക് നീട്ടിവെയ്ക്കാൻ  റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ലോക് ഡൗൺ
മൂലം ഭുരിഭാഗത്തിനും വരുമാനം നിലയ്ക്കുകയോ കുറയുകയോ ചെയ്തിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ  അതു വലിയ സഹായകമാകും. ഇഎംഐ മുടങ്ങിയാലും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയുമില്ല. പക്ഷേ പകരം അഞ്ചോ എട്ടോ അതിലിരട്ടിയോ തവണകളാണ് അധികമായി നൽകേണ്ടി വരുന്നതെങ്കിലോ? വൻ തുക വായ്പയെടുത്തവർക്കും 25ഓ  30ഓ വർഷത്തേയ്ക്ക് വായ്പ
എടുത്തവർക്കും ലക്ഷങ്ങളല്ല, കോടികൾ തന്നെ ഇങ്ങനെ അധികമായി നൽകേണ്ടി വരാം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. ഇഎംഐ നീട്ടാനുള്ള  അപേക്ഷ
സ്വീകരിക്കാനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പമുള്ള ബാങ്ക് സർക്കുലറിലാണ് എസ്ബിഐ മോറട്ടോറിയം എടുക്കുന്നവർക്ക് അധികമായി നൽകേണ്ടി വരുന്ന തുകയെ കുറിച്ച് വ്യക്തമാക്കുന്നത്.

പലിശ കൂടിയാൽ തുക കൂടും

സർക്കുലറിൽ   കൊടുത്തിരിക്കുന്ന ഉദാഹരണം തന്നെ നോക്കാം. അത് അനുസരിച്ച് 30 ലക്ഷത്തിന്റെ വായ്പ എടുത്തയാൾക്ക്് ഇനി15വർഷ കാലാവധി കൂടിയുണ്ടെന്നിരിക്കട്ടെ. അയാൾ മൂന്നു മാസത്തേയ്ക്ക് മാസഗഡു അടയ്‌ക്കേണ്ട എന്നു തീരുമാനിച്ചാൽ പിന്നീട് അധികമായി അടയക്കേണ്ടി വരുന്നത് 2.34 ലക്ഷം രൂപയാണ്. അതായത് ഏതാണ്ട് എട്ടു ഇഎംഐ. മാത്രമല്ല ഇപ്പോഴത്തെ  കുറഞ്ഞ പലിശ നിരക്ക് അനുസരിച്ചാണിത്.  അടുത്ത 15 വർഷത്തിനിടയിൽ പലിശ കൂടാനുള്ള  സാധ്യത തള്ളിക്കളയാനാകില്ല. പലിശ നിരക്ക് കൂടിയാൽ  ഈ
പറയുന്ന തുക ഇനിയും കൂടും.വായ്പാ തുകയും കാലാവധിയും കൂടുന്നതനുസരിച്ച് ഈ അധിക തുകയും അധിക തവണകളും വർധിക്കും.
അധിക ഭാരം ഇനി സർക്കുലറിൽ പറഞ്ഞിരിക്കുന്ന വാഹന വായ്പയുടെ ഉദാഹരണം കൂടി നോക്കാം. ആറു ലക്ഷം രൂപ വാഹന വായ്പ,  നാലര കൊല്ലം കൂടി ഉള്ള ഒരാളാണ് മോറട്ടോറിയം സ്വീകരിക്കുന്നതെങ്കിൽ അധികമായി പലിശയിനത്തിൽ നൽകേണ്ടത് 19,000 രൂപയാണ്.
എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു കൂടി നോക്കാം. മൂന്നു മാസത്തെ തിരിച്ചടവ്് എഴുതി തള്ളുക എന്നല്ല മോറട്ടോറിയത്തിന്റെ അർത്ഥം. മറിച്് ഗഡു അടയ്ക്കുന്നതിനു മൂന്നു മാസത്തേയ്ക്ക് താൽക്കാലിയ ഇളവ് നൽകുക മാത്രമാണ്. പക്ഷേ ഇത്തരത്തിൽ മുടങ്ങുന്ന ഇഎംഐ ബാങ്ക് അതാത് മാസം വായ്പയുടെ മുതലിലേക്ക് കൂട്ടി ചേർക്കും.അടുത്ത മാസം മുതൽ അതടക്കമുള്ള തുകയ്ക്കാണ് പലിശ ഈടാക്കുക. ഇത്തരത്തിൽ മൂന്നുമാസം ഗഡു അടയ്ക്കാതിരിക്കുന്നതോടെ പലിശയിനത്തിൽ അധിക ഭാരം നിങ്ങളുടെ തലയിൽ വരും. ഓരോ ബാങ്കും ഇത്തരത്തിലുള്ള അധികഭാരത്തെ കുറിച്ച് വായ്പാ ഉപഭോക്താക്കളെ അറിയിക്കാൻ സംവിധാനം ഒരുക്കുന്നുണ്ട്. വെബ്‌സൈറ്റ് വഴിയും മറ്റും.

നിങ്ങൾക്ക് എത്ര തുക അധികം വരും

ഇനി എത്ര മാസം വായ്പാ കാലയളവ് ഉണ്ടെന്നതിനെ ആശ്രയിച്ചാണ് മോറട്ടോറിയം മൂലമുള്ള  അധിക തുക. ഒന്നോ രണ്ട് വർഷം മാത്രമേ വായ്പ അവശേഷിക്കുന്നുള്ളൂവെങ്കിൽ കാര്യമായ അധിക തുക വരില്ല. എന്നാൽ പത്തോ പതിനഞ്ചോ വർഷം ബാക്കിയുള്ളവർക്ക്് അഞ്ചോ പത്തോ ഇഎംഐ  അധികമായി അടയ്‌ക്കേണ്ടി വരും. 20 മുതൽ കൂടുതൽ വർഷത്തേയ്ക്ക് വായ്പാ കാലാവധിയുണ്ടെങ്കിൽ തുക കനത്തതാകും.

മൂന്നു തവണത്തെ ഗഡു നീട്ടിവെയ്ക്കുന്നതു കൊണ്ട് എത്ര അധിക ഇഎം ഐ വരുമെന്ന് പട്ടിക കാണുക

MoratoriumRajyam-jpeg



മോറട്ടോറിയം സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഓരോരുത്തരെ സംബന്ധിച്ചും നിർണായകമാകുന്നതും ഇതുകൊണ്ടാണ്. അടയ്ക്കാൻ പണമുണ്ടെങ്കിൽ ഇഎംഐ അടയ്ക്കുക തന്നെയാണ് ഏറ്റവും നല്ലത്. ഭാവിയിൽ  വലിയൊരു തുക പലിശയായി അധികം നൽകേണ്ടത് ഒഴിവാക്കാം. എന്നാൽ യാതൊരു കാരണവശാലും പണം അടയ്ക്കാൻ സാധിക്കില്ല എന്നുള്ളവർക്ക് ആർബിഐ നൽകിയ ഈ ഇളവു ഉപയോഗപ്പെടുത്തുകയേ വഴി ഉള്ളൂ. പിന്നീട് ഗഡു മുടങ്ങുന്നതിലും ഭേദം ഇപ്പോൾ ആനുകൂല്യം സ്വീകരിക്കുന്നതു തന്നെയാണ്. മാത്രമല്ല ഇത്തരത്തിൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും അത് നിങ്ങളുടെ  ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകുമില്ല.മോറട്ടോറിയം സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. സ്വീകരിക്കണമെങ്കിൽ അതിനു അപേക്ഷ നൽകുക. ഇനി മോറട്ടോറിയം വേണ്ടെങ്കിൽ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. ബാങ്ക് പതിവു പോലെ മാസഗഡു അക്കൗണ്ടിൽനിന്നും എടുത്തുകൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com